ADVERTISEMENT

ടൂറിൻ∙ ആദ്യ പകുതിയിൽ രണ്ടു ഗോളിനു മുന്നിൽക്കയറിയ ബൽജിയത്തെ അവിശ്വസനീയ തിരിച്ചുവരവിലൂടെ രണ്ടാം പകുതിയിൽ മൂന്നു ഗോൾ തിരിച്ചടിച്ചു വീഴ്ത്തി ഫ്രാൻസ് യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. കരിം ബെൻസേമ (62), കിലിയൻ എംബപ്പെ (69–പെനൽറ്റി), തിയോ ഹെർണാണ്ടസ് (90) എന്നിവരാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. ബൽജിയത്തിന്റെ ഗോളുകള്‍ ആദ്യപകുതിയിൽ യാനിക് കാരസ്കോ (37), റൊമേലു ലുക്കാകു (40) എന്നിവർ നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികൾ. അന്നു തന്നെ നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തിൽ ബൽജിയവും ഇറ്റലിയും ഏറ്റുമുട്ടും.

തീർത്തും അവിശ്വസനീയമെന്നു പറയാവുന്ന തിരിച്ചുവരവിലൂടെയാണ് ബൽജിയത്തെ ഫ്രാൻസ് വീഴ്ത്തിയത്. ആദ്യ പകുതിയിൽ വെറും നാലു മിനിറ്റിന്റെ ഇടവേളയിൽ രണ്ടു ഗോൾ നേടിയ ബൽജിയം ഇടവേളയ്ക്കു കയറുമ്പോൾ ബഹുദൂരം മുന്നിലായിരുന്നു.

രണ്ടു ഗോളിന്റെ ലീഡ് വഴങ്ങിയിട്ടും തളരാതെ പൊരുതിയ ഫ്രാൻസ് 62–ാം മിനിറ്റിൽ റയൽ മഡ്രിഡ് താരം കരിം ബെൻസേമയിലൂടെ തിരിച്ചുവരവിന്റെ ആദ്യ സ്റ്റെപ്പ് വച്ചു. കിലിയൻ എംബപ്പെയുടെ പാസിന് നിരങ്ങിയെത്തിയാണ് ബെൻസേമ ഗോളിലേക്കു വഴികാട്ടിയത്. അധികം വൈകാതെ ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മനെ ബൽജിയത്തിന്റെ യൂറി ടെലെമാൻസ് സ്വന്തം ബോക്സിൽ വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത എംബപ്പെ യാതൊരു പിഴവും കൂടാതെ ലക്ഷ്യം കണ്ടു.

വിജയ ഗോളിനായി ഇരു ടീമുകളും ആഞ്ഞുപൊരുതുന്നതിനിടെ ബൽജിയത്തിനായി റൊമേലു ലുക്കാകു ലക്ഷ്യം കണ്ടതാണ്. മത്സരം അവസാനിക്കാൻ മൂന്നു മിനിറ്റു ശേഷിക്കെ ലുക്കാകു പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് വ്യക്തമായി. പിന്നാലെ പോൾ പോഗ്ബ എടുത്ത ഫ്രീകിക്ക് ക്രോസ് ബാറിൽത്തട്ടി തെറിച്ചു. ഇതിനു പിന്നാലെയാണ് തിയോ ഹെർണാണ്ടസിന്റെ വിജയഗോളെത്തിയത്.

∙ ഇറ്റലിയെ വീഴ്ത്തി സ്പാനിഷ് കരുത്ത്

ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി നടന്ന ആദ്യ സെമിയിൽ യൂറോ ചാംപ്യൻമാരായ ഇറ്റലിയെ 2–1നു തോൽപിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. രാജ്യാന്തര ഫുട്ബോളിൽ അപരാജിതമായ 37 മത്സരങ്ങൾക്കു ശേഷം ഇറ്റലിയുടെ ആദ്യ തോൽവി കൂടിയായി ഇത്. യുവരക്തം തുളുമ്പിയ സ്പെയിനിന്റെ ഗോളുകളും നേടിയത്, ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലൂടെ വരവറിയിച്ച ഇരുപത്തിയൊന്നുകാരൻ ഫെറാൻ ടോറസ്. ആദ്യപകുതിയിലായിരുന്നു 2 ഗോളുകളും.

ഇടവേളയ്ക്കു 3 മിനിറ്റുള്ളപ്പോൾ ലിയനാർഡോ ബൊനൂച്ചിയെ 2–ാം മഞ്ഞക്കാർഡിലൂടെ നഷ്ടമായ ഇറ്റലി പിന്നീട് ലോറൻസോ പെല്ലഗ്രിനിയിലൂടെ ഒരു ഗോൾ മടക്കി. ആ ഗോളിനു വഴിയൊരുക്കിയ ഫെഡറിക്കോ കിയേസയ്ക്കു കളിയിൽ നഷ്ടമായ അവസരങ്ങൾ ഗോളായിരുന്നെങ്കിൽ റോബർട്ടോ മാൻചീനിയുടെ ടീമിന് കുതിപ്പു തുടരാമായിരുന്നു. രണ്ടാം പകുതിയിൽ പരുക്കേറ്റു പുറത്തായ ഫെറാൻ ടോറസ് ഫൈനലിൽ ടീമിലുണ്ടാകുമെന്നാണ് സ്പെയിൻ കോച്ച് ലൂയി എൻറിക്വെ നൽകിയ സൂചന.

English Summary: France beat Belgium in thriller to reach Nations League final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com