ADVERTISEMENT

മിലാൻ (ഇറ്റലി) ∙ പൊരുതിക്കളിച്ച സ്പെയിനിന്റെ യുവനിരയെ പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തി ലോക ചാംപ്യൻമാരായ ഫ്രാൻസിന് യുവേഫ നേഷൻസ് ലീഗ് കിരീടം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് സ്പെയിനെ വീഴ്ത്തിയത്. രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. 64–ാം മിനിറ്റിൽ മൈക്കൽ ഒയാർസബാൾ നേടിയ ഗോളിൽ മുന്നിലെത്തിയ സ്പെയിനെ, കരിം ബെൻസേമ (66), കിലിയൻ എംബപ്പെ (80) എന്നിവരുടെ ഗോളുകളിലാണ് ഫ്രാൻസ് വീഴ്ത്തിയത്. ഈ കിരീട വിജയത്തോടെ ഫിഫ ലോകകപ്പ്, യൂറോ കപ്പ്, യുവേഫ നേഷൻസ് ലീഗ് കിരീടങ്ങൾ ചൂടുന്ന ആദ്യ ടീമായി ഫ്രാൻസ് മാറി. പ്രഥമ യുവേഫ നേഷൻസ് ലീഗ് 2019ൽ പോർച്ചുഗലാണ് ജയിച്ചത്.

സെമിയിൽ കരുത്തരായ ബൽജിയത്തെ പിന്നിൽനിന്നും തിരിച്ചടിച്ചു തോൽപ്പിച്ച ഫ്രാൻസ്, തുടർച്ചയായ രണ്ടാം മത്സരത്തിലും സമാനമായ രീതിയിലാണ് വിജയവും കിരീടവും സ്വന്തമാക്കിയത്. സെമിയിൽ ആദ്യ പകുതിയിൽ 2–0ന് പിന്നിലായിരുന്ന ഫ്രാൻസ് രണ്ടാം പകുതിയിൽ മൂന്നു ഗോൾ തിരിച്ചടിച്ചാണ് ജയിച്ചതെങ്കിൽ, ഇത്തവണ 1–0ന് പിന്നിൽ നിൽക്കെ രണ്ടു ഗോൾ തിരിച്ചടിച്ച് വിജയവും കിരീടവും സ്വന്തമാക്കി. ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ നിർണായക സേവുകളും ഫൈനൽ വിജയത്തിൽ ഫ്രാൻസിനു തുണയായി.

ആദ്യത്തെ ഒരു മണിക്കൂറോളം പൊതുവേ വിരസമായിരുന്ന മത്സരം, 64–ാം മിനിറ്റിൽ ഒയാർസബാൾ നേടിയ ഗോളോടെയാണ് ചൂടുപിടിച്ചത്. 64–ാം മിനിറ്റിൽ ഫ്രഞ്ച് താരം തിയോ ഹെർണാണ്ടസിന്റെ കരുത്തുറ്റ ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചതിനു തൊട്ടുപിന്നാലെയാണ് ഫ്രഞ്ച് പടയുടെ വേദന വർധിപ്പിച്ച് ഒയാർസബാളിലൂടെ സ്പെയിൻ ലീഡ് നേടിയത്. ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സ് നൽകിയ പന്ത് ഫ്രഞ്ച് ഡിഫൻഡറെ ഓടിത്തോൽപ്പിച്ച് വരുതിയിലാക്കി ഒയാർസബാൾ വലയിലേക്കു പായിക്കുകയായിരുന്നു. സ്കോർ 1–0.

സ്പെയിനിന്റെ ലീഡിന് ആകെയുണ്ടായിരുന്നത് രണ്ടു മിനിറ്റിന്റെ ആയുസ്. ബോക്സിനു തൊട്ടുവെളിയിൽ ലഭിച്ച പന്ത് രണ്ടു ചുവടു മുന്നോട്ടുവച്ച് കരിം ബെൻസേമ വലയിലേക്കു തൊടുത്തു. മഴവില്ലഴകോടെ ചാഞ്ഞിറങ്ങിയ പന്തിലേക്ക് സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സൈമൺ ഉയർന്നുചാടിയെങ്കിലും ഫലമുണ്ടായില്ല. കയ്യിൽത്തട്ടിയ പന്ത് ചെറുതായി ഗതിമാറി വലയിൽ കയറി. സ്കോർ 1–1.

ഇടയ്ക്ക് ചില സുവർണാവസരങ്ങൾ പാഴാക്കി മത്സരത്തിലെ വില്ലനാകുമോയെന്ന് ആരാധകർ സംശയിച്ച കിലിയൻ എംബപ്പെയുടെ അവസരമായിരുന്നു അടുത്തത്. 80–ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് നൽകിയ ത്രൂബോൾ എംബപ്പെ ഓടിപ്പിടിക്കുമ്പോൾ മുന്നിൽ ഗോൾകീപ്പർ സൈമൺ മാത്രം. പന്തിൽ ഒന്നുരണ്ടു ചുവടുവച്ച് ഗോൾകീപ്പറെ കബളിപ്പിച്ച എംബപ്പെ, അനായാസം ലക്ഷ്യം കണ്ടു. സ്പാനിഷ് താരങ്ങൾ എംബപ്പെ ഓഫ് സൈഡാണെന്ന് വാദിച്ചെങ്കിലും അതും വിഫലമായി. സ്കോർ 2–1.

കലാശപ്പോരാട്ടത്തിനു മുന്നോടിയായി നടന്ന ലൂസേഴ്സ് ഫൈനലിൽ ബൽജിയത്തെ തോൽപ്പിച്ച് ഇറ്റലി മൂന്നാം സ്ഥാനം നേടി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലിയുടെ വിജയം. നിക്കോളോ ബാരെല്ല (46), ഡൊമിനിക്കോ ബെറാർഡി (65, പെനൽറ്റി) എന്നിവരാണ് ഇറ്റലിക്കായി ഗോൾ നേടിയത്. ബൽജിയത്തിന്റെ ആശ്വാസഗോൾ 86–ാം മിനിറ്റിൽ ചാൾസ് ഡി കെറ്റെലീറെ നേടി.

English Summary: Spain vs France UEFA Nations League final- Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com