വിജയപ്പൂട്ട് തുറന്ന് ചാവി; എസ്പന്യോളിനെതിരെ ബാർസയ്ക്ക് ജയം (1–0)

Spain Soccer La Liga
ചാവി
SHARE

ബാർസിലോന ∙ എഫ്സി ബാർസിലോന പരിശീലകനായി ചാവി ഹെർണാണ്ടസിനു വിജയത്തുടക്കം. സ്പാനിഷ് ലീഗ് ഫുട്ബോളിൽ എസ്പന്യോളിനെ 1–0നു തോൽപിക്കാൻ ബാർസയ്ക്കു പെനൽറ്റി ഗോൾ വേണ്ടി വന്നെന്നു മാത്രം. 48–ാം മിനിറ്റിൽ കിട്ടിയ കിക്ക് ഡച്ച് താരം മെംഫിസ് ഡിപായി ഗോളിലെത്തിച്ചു. പതിവു പോലെ കൂടുതൽ പന്തവകാശം നിലനിർത്തിയിട്ടും കളിയിൽ ഗോളവസരങ്ങൾ തുറന്നെടുക്കാൻ ബാർസയ്ക്കായില്ല. അവസാന നിമിഷങ്ങളിൽ പ്രതിരോധം പാളുകയും ചെയ്തു. 

പതിനേഴുകാരൻ സ്പാനിഷ് ഫോർവേഡ് ഇലിയാസ് അകോമാഷിനു ചാവി അരങ്ങേറ്റത്തിന് അവസരം നൽകി. മുക്കാൽ ലക്ഷത്തോളം കാണികളാണു ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ നൂകാംപിൽ മത്സരം കാണാനെത്തിയത്. 13 കളികളിൽ 20 പോയിന്റുമായി ബാർസ 6–ാം സ്ഥാനത്തേക്കു കയറി. അലാവസിനെതിരെ അവസാന മിനിറ്റിൽ ഇവാൻ റാകിട്ടിച്ച് നേടിയ ഗോളിൽ 2–2 സമനില പിടിച്ച സെവിയ്യയാണ് ഒന്നാമത്. റയൽ സോസിദാദ്, റയൽ മഡ്രിഡ് എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒസാസൂനയെ 1–0നു തോൽപിച്ച അത്‌ലറ്റിക്കോ മഡ്രിഡ് 4–ാം സ്ഥാനത്തുണ്ട്.

∙ മെസ്സിക്ക് ഫ്രഞ്ച് ലീഗിൽ ആദ്യ ഗോൾ 

പാരിസ് ∙ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ ലയണൽ മെസ്സിക്ക് ആദ്യ ഗോൾ. പിഎസ്ജി 3–1നു നോണ്ടിനെ തോൽപിച്ച കളിയിൽ ടീമിന്റെ 3–ാം ഗോളാണു മെസ്സി നേടിയത്. 2–ാം മിനിറ്റിൽ എംബപെയാണു പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്. 65–ാം മിനിറ്റിൽ ബോക്സിനു പുറത്തു നോണ്ട് താരം ലുഡോവിച് ബ്ലാസിനെ ഫൗൾ ചെയ്തതിനു പിഎസ്ജി ഗോൾകീപ്പർ കെയ്‌ലർ നവാസ് ചുവപ്പു കാർഡ് കണ്ടു. 76–ാം മിനിറ്റിൽ റാൻഡൽ കോലോ മുവാനി നോണ്ടിനായി ഗോൾ മടക്കി.

TOPSHOT-FBL-FRA-LIGUE1-PSG-NANTES
ഗോൾ നേടിയ മെസ്സിയുടെ ആഹ്ലാദം.

എന്നാൽ, 81–ാം മിനിറ്റിൽ ഡിഫൻഡർ ഡെനിസ് അപിയ നേടിയ സെൽഫ് ഗോൾ നോണ്ടിനു തിരിച്ചടിയായി. പിന്നാലെ മെസ്സി പിഎസ്ജിയുടെ ലീഡുയർത്തുകയും ചെയ്തു. ചാംപ്യൻസ് ലീഗിൽ ക്ലബ്ബിനായി 3 ഗോൾ നേടിയെങ്കിലും ഫ്ര​ഞ്ച് ലീഗിലെ കഴിഞ്ഞ 5 മത്സരങ്ങളിലും മെസ്സിക്കു ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ജയത്തോടെ പിഎസ്ജിക്ക് ഒന്നാം സ്ഥാനത്ത് 12 പോയിന്റ് ലീഡായി.

∙ ക്ലോപ്പ്–അർറ്റേറ്റ അടിപിടി 

ലണ്ടൻ ∙ ആസ്റ്റൻ വില്ല പരിശീലകനായി സ്റ്റീവൻ ജെറാർദിനു വിജയത്തുടക്കം. ബ്രൈറ്റൻ ഹോവ് ആൽബിയോനെ 2–0നാണു വില്ല തോൽപിച്ചത്. ലീഗിൽ ഉജ്വല ഫോം തുടരുന്ന ലിവർപൂൾ ആർസനലിനെ 4–0നു തകർത്ത് 2–ാം സ്ഥാനത്തേക്കു കയറി. സാദിയോ മാനെ, ഡിയേഗോ ജോട്ട, മുഹമ്മദ് സലാ, താകുമി മിനാമിനോ എന്നിവരാണു ഗോളടിച്ചത്. ഒരു ഫൗളിനെച്ചൊല്ലി ആർസനൽ പരിശീലകൻ മൈക്കൽ അർറ്റേറ്റയും ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പും തമ്മിൽ ടച്ച്‌ലൈനിനു പുറത്തു കലഹമുണ്ടായി. ഇരുവർക്കും മഞ്ഞക്കാർഡ് ലഭിച്ചു.

English Summay: Football Live Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA