ADVERTISEMENT

ബ്രസീലുകാരൻ ചുംബിച്ച് അനുഗ്രഹിച്ച് നൽകിയ പന്ത്. അതിൽ സ്പാനിഷ് മസാല പുരട്ടി കലിംഗ സാമ്രാജ്യം തൊടുത്തുവിട്ട മഴവിൽ കിക്ക്. ഗുർപ്രീത് സിങ് സന്ധുവിന്റെ ആറടി ഒരിഞ്ച് നീളത്തിനു പോലും കയ്യെത്തിപ്പിടിക്കാനാവാത്തവിധം പന്ത് വലയിൽ ചാഞ്ഞുറങ്ങുമ്പോൾ ഒഡീഷ ഒരു ദീർഘ മയക്കത്തിൽ നിന്നുള്ള ഉണർച്ചയിലാണ്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ പിന്നാമ്പുറത്തു വീണുപോയ കൊച്ചുകുട്ടിയുടെ മടങ്ങിവരവ്. പുത്തൻ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ വിജയം. അതും മുൻ ജേതാക്കളായ ബെംഗളൂരു എഫ്സിയെ ഞെട്ടിച്ച്. ഐഎസ്എൽ ചരിത്രത്തിൽ ഒരിക്കൽ പോലും നടുമുറ്റത്തിന്റെ പരിസരത്തേക്ക് എൻട്രി ലഭിക്കാതിരുന്ന ഒഡീഷ എഫ്സിക്ക് എട്ടാം സീസണിൽ സ്വപ്നത്തുടക്കം.

പുതിയ സീസണിലെ ആദ്യ ആറു മത്സരങ്ങളിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ ഒഡീഷ 3-1 ന്റെ വിജയം നേടുമ്പോൾ ബെംഗളൂരു കഴിഞ്ഞ സീസണിലെ തിരിച്ചടിയുടെ മറയിലാണ്. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തേക്ക് വീണു പോയിരുന്നു അവർ. പെനൽറ്റി ബോക്സിനു തൊട്ടുമുന്നിൽ വച്ചാണ് ബ്രസീലുകാരൻ ജോനാഥാസ് ക്രിസ്റ്റ്യനെ ബെംഗളൂരു താരങ്ങൾ ഫൗൾ ചെയ്തു വീഴ്ത്തുന്നത്.

ഫ്രീകിക്കിന്റെ വിസിൽ കേട്ട ജോനാഥാസ് ആദ്യം ചെയ്തത് പന്തെടുത്ത് മുത്തം നൽകുകയായിരുന്നു. തുടർന്ന് ഹവിയർ ഹെർണാണ്ടസിനു കൈമാറി. അപ്പോൾ ജോനാഥാസ് എന്തായിരിക്കാം ഹാവിയോട് പറഞ്ഞിരിക്കുക - നിനക്കത് കഴിയും എന്നായിരിക്കാം. ഇരുവരും ആലിംഗനം ചെയ്ത ശേഷം ഈ സ്പെയിൻകാരനെടുത്ത  ഇടം കാലൻ ഡെഡ് ബോളാണ് ഒഡീഷയ്ക്ക് 2-1 ലീഡ് നൽകിയത്. കളിയുടെ അവസാന നിമിഷം മറ്റൊരു സ്പെയിൻ താരം അരിടായ് കബ്രേറ കണ്ടെത്തിയ സുന്ദരൻ ഗോളോടെ ഒഡീഷ അട്ടിമറിയുടെ ആദ്യ സൂചന നൽകി.

ഗുർപ്രീതിനെ കബളിപ്പിച്ച് ഹാവിയെടുത്ത ലോങ് വോളിയാണ് ഒഡീഷയ്ക്ക് കളിയുടെ തുടക്കത്തിൽത്തന്നെ ലീഡ് നൽകിയത്. ടൂർണമെന്റ് ഇതുവരെ കണ്ട ഗോളുകളിലെ മികച്ച മൂന്നെണ്ണം അങ്ങനെ സ്പെയിൻകാർ തങ്ങളുടെ പേരിൽ കുറിച്ചിട്ടു.

∙ എന്തുപറ്റി ഛേത്രീ..? 

സുനിൽ ഛേത്രിക്ക് ഇതെന്തു പറ്റി..? ആ പെനൽറ്റി നഷ്ടത്തോടെ ചരിത്ര നിമിഷം മാത്രമല്ല വഴിമാറിയത്, ബെംഗളൂരുവിന്റെ ആത്മവിശ്വാസം കൂടിയായിരുന്നു. അത് ടീമിനെ പരാജയത്തിലേക്ക് തള്ളിയിടുകയും ചെയ്തു. ഐ എസ് എൽ ചരിത്രത്തിലെ ടോപ് സ്കോറർ പദവിയിലേക്ക് ഇന്ത്യൻ നായകൻ കയറി നിൽക്കുന്ന മുഹൂർത്തമാണ് ഒഡീഷ ഗോളി കമൽ ജിത് സിങ്ങിന്റെ ഡൈവിങ് സേവ് തല്ലിക്കെടുത്തിയത്. ഛേത്രിയുടെ പ്ലേസിങ് ഷോട്ട് ഗോളി തടഞ്ഞതോടെ സമനില ഗോൾ കൂടിയാണ് നഷ്ടമായത്. ആ കിക്ക് ഗോളായിരുന്നെങ്കിൽ 48 ഗോളോടെ ഛേത്രി ഓൾ ടൈം ടോപ് സ്കോറർ പദവിയിൽ എത്തുമായിരുന്നു.

ഫെറാൻ കോറോമിനാസ് ടെലച്ചയാണ് നിലവിലെ ഗോളടി വീരൻ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ആദ്യ മത്സരം 4–2 ന് ജയിച്ച ശേഷമാണ് ഒഡീഷക്ക് എതിരായ തോൽവിയെന്നതും ശ്രദ്ധേയം. രണ്ടു മത്സരത്തിലും ഛേത്രിയുടെ പ്രകടനം പരിതാപകരമായിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ടീം അഞ്ച് ഗോൾ നേടിയിട്ടും നായകന് അതിലൊന്നിൽ പോലും പങ്കില്ലായിരുന്നു. രണ്ടു കളികളിലും നായകൻ ചിത്രത്തിലേ ഇല്ലായിരുന്നു. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാതിരുന്നത് പരിശീലകന്റെ മിനിമം മര്യാദ കൊണ്ടായിരുന്നോ..? 

ഏതായാലും ഛേത്രിയുടെ ഫോം ഔട്ട് വരും ദിവസങ്ങളിൽ ചർച്ചയാകും. കഴിഞ്ഞ സീസണിൽ ഛേത്രി 8 ഗോൾ നേടിയിരുന്നു. ഒഡീഷ ഗോളി കമൽജിത്തിന്റെ പ്രകടനം കിടിലനായി. പെനൽറ്റിയടക്കം മികച്ച സേവുകൾ നടത്തിയ കമൽജിത് അവരുടെ ആദ്യ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. കമൽജിത് ക്ലിയർ ചെയ്ത പന്തിനെ അലക്ഷ്യമായി ബെംഗളൂരു ഗോളി കണ്ടതോടെയാണ് ആദ്യ ഗോൾ വീണത്. സന്ധു അലക്ഷ്യമായി തട്ടിയിട്ട പന്ത് ഹാവി ഹൈ വോളിയിലൂടെ സന്ധുവിന്റെ തലയ്ക്കു മുകളിലൂടെ നെറ്റിലെത്തിക്കുകയായിരുന്നു. ഒരു ഗോളിയുടെ മികവ് മറ്റൊരു ഗോളിയുടെ പിഴവായി ഗോൾ വഴങ്ങൽ.

കഴിഞ്ഞ രണ്ടു സീസണിലും ഹാവി എടികെയിലായിരുന്നു. രണ്ടു സീസണിലും കൂടി ആകെ നേടിയത് മൂന്നു ഗോൾ.  ബർത്തലോമ്യോ ഓഗ്ബച്ചേയാണ് ഛേത്രിയെപ്പോലെ ആദ്യ മത്സരത്തിൽ തിളങ്ങാതെ പോയ മറ്റൊരു പ്രമുഖ താരം. ഹൈദരാബാദിനു വേണ്ടി ഇറങ്ങിയ ഓഗ്ബച്ചേയ്ക്ക് ഒന്നിലധികം അവസരം കിട്ടിയിട്ടും ഗോൾ നേടാൻ കഴിഞ്ഞില്ല. ഒടുവിൽ കളിയുടെ ഗതിക്ക് വിപരീതമായി നേടിയ ഏക ഗോളോടെ ചെന്നൈയിൽ എഫ്സി അവരെ തോൽപ്പിക്കുകയും ചെയ്തു. 

∙ പതിവുപോലെ അംഗുലോ, റോയ് കൃഷ്ണ

കഴിഞ്ഞ സീസണിൽ നിർത്തിയേടത്തു നിന്ന് ഇഗോർ അംഗുലോയും റോയ് കൃഷ്ണയും പുനരാരംഭിക്കുന്നു. 14 ഗോൾ നേടി കഴിഞ്ഞ വർഷത്തെ ടോപ് സ്കോററായ സ്പാനിഷ് സ്ട്രൈക്കർ അംഗുലോ മുംബൈ സിറ്റിക്കായി ആദ്യ മത്സരത്തിൽത്തന്നെ 2 ഗോൾ നേടി വരവറിയിക്കുന്നു, അതും കഴിഞ്ഞ തവണ ജഴ്സിയണിഞ്ഞ എഫ്സി ഗോവയെ തകർത്തുകൊണ്ട്. ഇഗോറിനെ വിട്ടുകളയരുതായിരുന്നു എന്ന് ഗോവയ്ക്ക് ഇപ്പോൾ തോന്നുന്നുണ്ടായിരിക്കും.

14 ഗോൾ തന്നെ നേടിയിട്ടും കഴിഞ്ഞ തവണ ഗോൾഡൻ ബൂട്ട് നഷ്ടപ്പെട്ട എടികെ മോഹൻ ബഗാന്റെ റോയ് കൃഷ്ണയും ഒരു ഗോൾ നേടി കളം സജീവമാക്കി. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ പെനൽറ്റി ഗോൾ ഒരു തുടക്കം മാത്രമാണെന്ന് പ്രകടനം സൂചന നൽകുന്നു. ഐഎസ്എലിൽ ഒരേ ടീമിനായി മൂന്നാം സീസൺ കളിക്കുന്ന റോയിയുടെ ആകെ ഗോൾ ഇതോടെ 30 ആയി. 

∙ ഒരു കോടിയുടെ ഗോൾ 

ലിസ്റ്റൻ കൊളാസോ തന്റെ വിലയ്ക്കാത്ത ഗോൾ നേടി. ഉദ്ഘാടന മത്സരത്തിലെ പ്രധാന ആകർഷണം എടികെയുടെ ലിസ്റ്റൻ നേടിയ മഴവിൽ ഗോളായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോളി ആൽബിനോ ഗോമസിന്റെ സെക്കൻഡ് പോസ്റ്റിലേക്ക് ലിസ്റ്റനെടുത്ത സ്മൂത് ബോളിന് കളിപ്പാട്ടം വാരിയെറിയുന്ന കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയുണ്ടായിരുന്നു. ഇത്തരം ഗോളുകൾ നേടാൻ തന്നെയാണ് ഒരു കോടിയിലേറെ രൂപ കൊടുത്ത് കൊൽക്കത്ത ടീം ലിസ്റ്റനെ മെറൂൺ ജഴ്സിയണിയിച്ചത്.

സീസൺ തുടങ്ങും മുൻപുള്ള പ്രധാന വാർത്തയായിരുന്നു ഒരു കോടി രൂപയ്ക്കുള്ള ലിസ്റ്റണിന്റെ ട്രാൻസ്ഫർ. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ്സിക്കു വേണ്ടി നടത്തിയ മിന്നൽപ്പോരാട്ടമാണ് ലിസ്റ്റണെ കൊൽക്കത്തയിൽ എത്തിച്ചത്.

English Summary: Indian Super League 2021-22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com