പിഎസ്ജിയെ മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തി; റയൽ, സ്പോർട്ടിങ് ലിസ്ബൺ നോക്കൗട്ടിൽ

manchester-city-goal
പിഎസ്‍ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ നേടുന്ന ഗബ്രിയേൽ ജെസ്യൂസ് (ട്വിറ്റർ ചിത്രം)
SHARE

ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ സൂപ്പർ ടീമുകളുടെ ആവേശപ്പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ വീഴ്ത്തി ഇംഗ്ലിഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. കിലിയൻ എംബപ്പെയുടെ ഗോളിൽ 50–ാം മിനിറ്റിൽ ലീഡെടുത്ത പിഎസ്ജിയെ പിന്നിൽനിന്നും തിരിച്ചടിച്ചാണ് സിറ്റി വീഴ്ത്തിയത്. റഹിം സ്റ്റെർലിങ് (63), ഗബ്രിയേൽ ജെസ്യൂസ് (76) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്.

വിജയത്തോടെ ഗ്രൂപ്പ് എയിൽ അഞ്ച് കളികളിൽനിന്ന് 12 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ചു. അഞ്ച് കളികളിൽനിന്ന് എട്ടു പോയിന്റുള്ള പിഎസ്ജിയും പ്രീക്വാർട്ടറിലെത്തി. ഈ ഗ്രൂപ്പിൽ ഫലം അപ്രസക്തമായ രണ്ടാം മത്സരത്തിൽ ആർബി ലെയ്പ്സിഗ് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ക്ലബ് ബ്രൂഗ്സിനെ വീഴ്ത്തി.

∙ തുടർച്ചയായ 25–ാം വർഷവും റയൽ നോക്കൗട്ടിൽ

തുടക്കം പാളിയെങ്കിലും പിന്നീട് ട്രാക്കിലായ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ്, തുടർച്ചയായ 25–ാം വർഷവും ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ കടന്നു. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഷെറീഫ് ടിറാസ്പോളിനെ വീഴ്ത്തിയാണ് റയൽ നോക്കൗട്ട് ഉറപ്പാക്കിയത്. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് റയലിന്റെ വിജയം. ഡേവിഡ് അലാബ (30), ടോണി ക്രൂസ് (45+1), കരിം ബെൻസേമ (55) എന്നിവരാണ് റയലിനായി ഗോൾ നേടിയത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഷാക്തർ ഡോണെട്സ്കിനെ വീഴ്ത്തി ഇന്റർ മിലാനും പ്രീക്വാർട്ടർ ഉറപ്പാക്കി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാന്റെ വിജയം. എഡിൻ സെക്കോയുടെ ഇരട്ടഗോളുകളാണ് ഇന്റർ മിലാന് വിജയം സമ്മാനിച്ചത്. 61, 67 മിനിറ്റുകളിലായിരുന്നു സെക്കോയുടെ ഗോളുകൾ.

ഇതോടെ, അഞ്ച് കളികളിൽനിന്ന് റയലിന് 12 പോയിന്റും ഇന്റർ മിലാന് 10 പോയിന്റുമായി. ഓരോ കളി ശേഷിക്കെ 6 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമതുള്ള ഷെറീഫ് ടിറാസ്പോളിന് അവസാന മത്സരം ജയിച്ചാലും ഇവരെ മറികടക്കാനാകില്ല.

∙ ‘ബി’യിൽ രണ്ടാം സ്ഥാനത്തിനായി പോരാട്ടം

ഗ്രൂപ്പ് ബിയിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ലിവർപൂൽ ഒന്നാം സ്ഥാനത്തോടെ പ്രീക്വാർട്ടർ ഉറപ്പാക്കി. തിയാഗോ അൽകാൻട്ര (52), മുഹമ്മദ് സലാ (70) എന്നിവർ നേടിയ ഗോളിൽ എഫ്‍സി പോർട്ടോയെയാണ് ലിവർപൂൾ വീഴ്ത്തിയത്. ഇതോടെ ലിവർപൂളിന് അഞ്ച് കളികളിൽനിന്ന് 15 പോയിന്റായി.

അതേസമയം, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എസി മിലാൻ അത്‌ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തിയതോടെ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടം കടുകട്ടിയായി. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 87–ാം മിനിറ്റഇൽ ജൂനിയർ മെസ്സിയാസാണ് മിലാന്റെ വിജയഗോൾ നേടിയത്.

ഇതോടെ, ഗ്രൂപ്പിൽ എസി മിലാനും അത്‍ലറ്റിക്കോ മഡ്രിഡിനും നാലു പോയിന്റു വീതമായി. നിലവിൽ രണ്ടാം സ്ഥാനത്തുള്ള എഫ്‍സി പോർട്ടോയ്ക്ക് അഞ്ച് പോയിന്റുമുണ്ട്. അവസാന മത്സരത്തിൽ ലിവർപൂളാണ് എസി മിലാന്റെ എതിരാളി. എഫ്‍സി പോർട്ടോ അത്‍ലറ്റിക്കോ മഡ്രിഡിനെയും നേരിടും.

∙ അയാക്സ് ഗ്രൂപ്പ് ചാംപ്യൻമാർ

ഗ്രൂപ്പ് സിയിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ അയാക്സ് ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബെസിക്ടാസിനെതിരെയാണ് അയാക്സിന്റെ അഞ്ചാം ജയം. 22–ാം മിനിറ്റിൽ ഗെസൽ പെനൽറ്റിയിൽനിന്ന് നേഗിയ ഗോളിൽ മുന്നിൽ കയറിയ ബെസിക്ടാസിനെ, 54, 69 മിനിറ്റുകളിലായി ഹാളർ നേടിയ ഗോളുകളിലാണ് അയാക്സ് വീഴ്ത്തിയത്.

മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർഡ്മുണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി സ്പോർട്ടിങ് ലിസ്ബണും പ്രീക്വാർട്ടറിൽ കടന്നു. പെരേര ഗോൺസാലസിന്റെ ഇരട്ടഗോളാണ് സ്പോർട്ടിങ് ലിസ്ബണ് തകർപ്പൻ വിജയം സമ്മാനിച്ചത്. 

English Summary: UEFA Champions League 2021-22 - Live

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA