ADVERTISEMENT

സൂറിക്ക് ∙ 2022 ഖത്തർ ലോകകപ്പിന് ഇറ്റലി, പോർച്ചുഗൽ ടീമുകളിൽ ഒന്നു മാത്രം! യൂറോപ്യൻ പ്ലേഓഫിൽ ഇരുടീമുകളും ഒരേ വഴിയിൽ ഉൾപ്പെട്ടതിനെത്തുടർന്നാണിത്. ഇതോടെ, കഴിഞ്ഞ രണ്ടു തവണത്തെ യൂറോപ്യൻ ചാംപ്യൻമാരിൽ ഒരു ടീം പുറത്താകുമെന്ന് ഉറപ്പായി. നോർത്ത് മാസിഡോണിയ, തുർക്കി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

പ്ലേഓഫിൽ ആദ്യ മത്സരത്തിൽ ഇറ്റലിക്ക് നോർത്ത് മാസിഡോണിയയാണ് എതിരാളികൾ. പോർച്ചുഗലിന് തുർക്കിയും. ഈ മത്സരത്തിൽ ജയിക്കുന്നവരാണ് ലോകകപ്പ് യോഗ്യതയ്ക്കായി വീണ്ടും ഏറ്റുമുട്ടുക. ആദ്യ മത്സരം ജയിച്ചാൽ ഇറ്റലിയും പോർച്ചുഗലും നേർക്കുനേരെത്തും. അതിൽ ജയിക്കുന്നവർക്ക് മാത്രം ലോകകപ്പ് യോഗ്യത. 12 ടീമുകൾ ഉൾപ്പെടുന്ന പ്ലേഓഫിൽ നിന്ന് 3 ടീമുകൾ മാത്രമാണ് ലോകകപ്പിനു യോഗ്യത നേടുക.

2018ലെ റഷ്യൻ ലോകകപ്പിനും യോഗ്യത നേടാനാകാതെ പോയ ഇറ്റലി, തുടർച്ചയായ രണ്ടാം തവണയാണ് യോഗ്യത ഉറപ്പാക്കാനാകാതെ പതറി നിൽക്കുന്നത്. കഴിഞ്ഞ തവണ പ്ലേഓഫ് പോരാട്ടത്തിൽ സ്വീഡനോട് തോറ്റാണ് ഇറ്റലി പുറത്തായത്.

അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയശേഷം എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടുള്ള ടീമാണ് പോർച്ചുഗൽ. 2006 ലോകകപ്പിലാണ് റൊണാൾഡോ ആദ്യം കളിച്ചത്. സൂപ്പർതാരത്തിന്റെ അവസാന ലോകകപ്പാകുമെന്ന് കരുതപ്പെടുന്ന ഖത്തർ പതിപ്പിൽ, പോർച്ചുഗൽ യോഗ്യത നേടാതെ പുറത്താകുമോയെന്ന ആശങ്കയിലാണ് ആരാധകർ.

മറ്റു പ്ലേഓഫ് മത്സരങ്ങളിൽ സ്കോട്‍ലൻഡ് യുക്രെയ്നെയും വെയ്ൽസ് ഓസ്ട്രിയയേയും നേരിടും. ഈ മത്സരത്തിൽ ജയിക്കുന്നവർ തമ്മിലുള്ള പോരാട്ടത്തിലെ വിജയി ലോകകപ്പിന് യോഗ്യത നേടും. കഴിഞ്ഞ ലോകകപ്പിന്റെ ആതിഥേയരായ റഷ്യ പ്ലേഓഫ് മത്സരത്തിൽ പോളണ്ടിനെ നേരിടും. രണ്ടാം മത്സരത്തിൽ സ്വീഡനും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ വിജയികൾ തമ്മിലുള്ള പോരാട്ടത്തിൽ ജയിക്കുന്നവർക്ക് ലോകകപ്പ് കളിക്കാം.

English Summary: Italy and Portugal on collision course in 2022 World Cup playoffs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com