ADVERTISEMENT

ബാംബോലിം∙ ഗോൾരഹിത സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തെ നാടകീയമാക്കി ആദ്യം സ്വന്തം ടീമിനായി ഗോളടിച്ചും പിന്നീട് സെൽഫ് ഗോൾ വഴങ്ങിയും ബെംഗളൂരു എഫ്‍സിയുടെ മലയാളി താരം ആഷിഖ് കുരുണിയൻ. മലയാളി താരത്തിന്റെ സെൽഫ് ഗോൾ തുണയായതോടെ ഐഎസ്എൽ എട്ടാം സീസണിലെ മൂന്നാം അങ്കത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില. ഓരോ ഗോളടിച്ചാണ് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും സമനിലയിൽ പിരിഞ്ഞത്. 84–ാം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ ബെംഗളൂരു എഫ്‍സിക്ക് ലീഡ് നേടിക്കൊടുത്ത ആഷിഖ്, നാലു മിനിറ്റിനുള്ളിലാണ് സെൽഫ് ഗോൾ വഴങ്ങിയത്.

സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സമനിലയാണിത്. ബെംഗളൂരുവിന്റെ ആദ്യ സമനിലയും. ഈ സമനിലയോടെ ബെംഗളൂരു മൂന്നു കളികളിൽനിന്ന് ഒരു ജയവും ഒരു സമനിലയിലും ഒരു തോൽവിയും സഹിതം നാലു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. രണ്ടാം സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് മൂന്നു കളികളിൽനിന്ന് 2 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്നു.

ഭൂരിഭാഗം സമയവും തണുപ്പനായിരുന്ന കളിക്ക് ആവേശം പകർന്ന് 84–ാം മിനിറ്റിലാണ് ആഷിഖ് ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് ബോക്സിനു വെളിയിൽ ലഭിച്ച പന്ത് ആഷിഖ് ഗോളിലേക്കു പായിക്കുമ്പോൾ അതിനു കണക്കാക്കി ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസ് പോസ്റ്റിനു മുന്നിലുണ്ടായിരുന്നു. എന്നാൽ, പന്തു പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ ഗോമസിന്റെ കൈകളിൽനിന്ന് വഴുതി അത് നേരെ പോസ്റ്റിൽ കയറി. 1–0.

എന്നാൽ, തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ തീവ്ര ശ്രമങ്ങൾ തൊട്ടുപിന്നാലെ ഫലം കണ്ടു. ഇത്തവണ ബെംഗളൂരു ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ലഭിച്ച ബ്ലാസ്റ്റേഴ്സ് താരം മാർക്കോ ലെസ്കോവിച്ച് അത് ഗോൾപോസ്റ്റിനു സമാന്തരമായി നീട്ടിയടിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പന്തു ലഭിക്കും മുൻപ് അത് അടിച്ചകറ്റാനുള്ള ആഷിഖ് കുരുണിയന്റെ ശ്രമം പാളി. പന്ത് നേരെ വലയിൽ. സ്കോർ 1–1.

English Summary: Kerala Blasters FC vs Bengaluru FC, ISL 2021-22 Match, Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com