‘റഫറിമാർക്ക് കണ്ണ് ടെസ്റ്റും വേണം; ബ്ലാസ്റ്റേഴ്സ് ജയം അപഹരിച്ചത് റഫറിയുടെ പിഴവ്’

blasters goal
SHARE

ഐ.എം.വിജയൻ എഴുതുന്നു...

കടുത്ത നിയന്ത്രണങ്ങളും ബയോബബ്ളുമെല്ലാമായി നടക്കുന്ന ലീഗിൽ ഇടയ്ക്കിടെ കോവിഡ് ടെസ്റ്റൊക്കെ നടത്തിയാകുമല്ലോ റഫറിയുൾപ്പെടെയുള്ളവർ കളത്തിലെത്തുന്നത്. ഇനി കോവിഡ് പരിശോധനയ്ക്കൊപ്പം റഫറിമാർക്കു കണ്ണിന്റെ പരിശോധനകൂടി നടത്തണം. ‘വാർ’ സാങ്കേതികവിദ്യ ഇല്ലാത്തതു ലീഗിനെ ബാധിക്കുന്നുവെന്ന പരാതി വ്യാപകമാണ്. എന്നാൽ, പെനൽറ്റി ബോക്സിൽ ഇത്ര വ്യക്തമായ ഹാൻഡ് ബോളെല്ലാം ലൈൻസ്മാനടക്കം കാണാതെ പോകുന്നതിനു പിന്നിൽ കാഴ്ചയുടെ തകരാർ ആകുമല്ലോ !  അത്തരം വീഴ്ചകൾ ഒഴിവാക്കാൻ ‘വാർ’ ഒന്നും വേണമെന്നില്ല. നല്ല കണ്ണ് ഉണ്ടായാൽ മാത്രം മതി. ഐഎസ്എലിൽ ‘ഐ ടെസ്റ്റ്’ വന്നാൽ അതിനു പരിഹാരം ആയേക്കും.

ബ്ലാസ്റ്റേഴ്സിനു ലഭിക്കേണ്ട വിജയം റഫറി അപഹരിച്ച ഒരു മത്സരം കൂടിയെന്ന പേരുദോഷം വീണെങ്കിലും ലീഗിലെ അതിമനോഹരമായൊരു കളിയാണ് ഇന്നലെ തിലക് മൈതാനിൽ നടന്നത്. തകർപ്പൻ മുന്നേറ്റങ്ങളും കൗണ്ടറുകളും ഏറ്റുമുട്ടലുകളും കണ്ട, ഒട്ടും ബോറടിപ്പിക്കാത്ത പോരാട്ടത്തിൽ ഇരുടീമുകളും കയ്യടി അർഹിക്കുന്നുണ്ട്.  മിന്നൽ ഗോളുമായി ജംഷഡ്പുരിന്റെ ഗ്രെഗ് സ്റ്റുവർട്ട് കസറിയെങ്കിലും നമ്മുടെ അൽവാരോ വാസ്കെസിന്റെ കളിയാണ് എന്റെ മനസ്സു കീഴടക്കിയത്.

എന്തൊരു ആത്മാർഥതയാണ് ആ ബ്ലാസ്റ്റേഴ്സ് താരത്തിന്. സ്വന്തം ടീമിനു വേണ്ടി ഇത്രയും സമർപ്പണ മനോഭാവത്തോടെ കളിക്കുന്ന വിദേശതാരം അപൂർവകാഴ്ചയാണ്. സ്പാനിഷ് ലാലിഗയിലും പ്രീമിയർ ലീഗിലുമൊക്കെയായി കരിയറിന്റെ പ്രൈം ടൈം കഴിഞ്ഞെത്തുന്ന താരത്തിൽ നിന്ന് ഈ വിധത്തിലുള്ള പ്രകടനം ലഭിക്കുന്നതു ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം തന്നെയാണ്.

im-vijayan

കളിയെ എങ്ങനെ സമീപിക്കണമെന്നതിൽ ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾക്കൊരു പാഠപുസ്തകമാണു വാസ്കെസ്. നിഷേധിക്കപ്പെട്ടൊരു പെനൽറ്റിക്കും നിർഭാഗ്യം നിറഞ്ഞൊരു വുഡ് വർക്കിനും പിന്നാലെ തികച്ചും പോസിറ്റീവായാണു സ്പാനിഷ് താരം കളത്തിൽ നിറഞ്ഞത്. സഹലിന്റെ പേരിലാകാം ആ ഗോൾ. എന്നാൽ പന്തു സ്വീകരിച്ച ശേഷം വാസ്കെസ് വലത്തോട്ടു വെട്ടിത്തിരിഞ്ഞ ആ നിമിഷമാണു ജംഷഡ്പുരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്.

കഴിഞ്ഞ മത്സരത്തിലേതു പോലെ ഉഷാർ ആയില്ല ഒട്ടുമിക്ക ബ്ലാസ്റ്റേഴ്സ് താരങ്ങളും. എട്ടു ദിവസത്തിനകം മൂന്നാം മത്സരം കളിക്കുന്നതിന്റെ തളർച്ചയെന്നു വ്യക്തം. കനത്ത പ്രസ്സിങ് നടത്തുന്നൊരു ടീമിനെ സംബന്ധിച്ച് അതികഠിനം തന്നെയാണ് വിശ്രമമില്ലാതെ 3 മത്സരങ്ങളുള്ള ഫിക്സ്ചർ.

English Summary: I.M. Vijayan analysis on Blasters vs Jamshadpur match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS