അംഗപരിമിതരുടെ ദേശീയ ഫുട്ബോൾ ടീമംഗം വൈശാഖ് വിവാഹിതനായി; വധു തീർഥ

vishakh-theertha
വൈശാഖും തീർഥയും വിവാഹവേദിയിൽ
SHARE

കോഴിക്കോട്∙ വെല്ലുവിളികളെ തോൽപ്പിച്ച് ഫുട്ബോളിൽ കേരളത്തിന്റെ അഭിമാന താരമായി മാറിയ വൈശാഖിനു പ്രണയസാഫല്യം. അംഗപരിമിത ഫുട്ബോളിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പേരാമ്പ്ര ആവള കുട്ടോത്ത് സ്വദേശി വൈശാഖാണ് ബാല്യകാല സഖിയായ തീർഥയെ വിവാഹം കഴിച്ചത്. അതിജീവനത്തിന്റെ തിളക്കമാർന്ന ഇതിഹാസമായ വൈശാഖിന്റെ വിവാഹത്തിനു സാക്ഷ്യംവഹിക്കാൻ ആംപ്യൂട്ട് ഫുട്ബോൾ ഇന്ത്യൻ ടീമംഗങ്ങൾ എത്തിയിരുന്നു.

കുട്ടിയായിരുന്നപ്പോൾ തന്നെ ഫുട്ബോൾ എന്ന സ്വപ്നമായിരുന്നു മനസ്സിൽ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സബ് ജൂനിയർ ജില്ലാ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിന് പോകുമ്പോൾ ഉണ്ടായ അപകടമാണ് വൈശാഖിന്റെ ജീവിതം  മാറ്റി മറിച്ചത്.

സബ് ജൂനിയർ ഫുട്ബോൾടീം തിരഞ്ഞെടുപ്പിനു പോകാനെത്തിയ വൈശാഖിനെ വലിയ ദുരന്തമായിരുന്നു കാത്തിരുന്നത്. മാതാവിന്റെ കായണ്ണയിലെ വീട്ടിൽനിന്നും പേരാമ്പ്രയ്ക്ക് സ്കൂട്ടറിൽ സഹോദരനോടൊപ്പം വരികയായിരുന്നു വൈശാഖ്. പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപത്ത് കെഎസ്ആർടിസി ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡിലേക്ക് വീണ വൈശാഖിന്റെ വലതു കാലിലൂടെ ബസ് കയറിയിറങ്ങി. കാൽ മുറിച്ചു മാറ്റേണ്ടി വന്നു. വർഷങ്ങളോളം വീൽ ചെയറിലായി.

എന്നാൽ പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോയ വൈശാഖ് ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ ഡിഗ്രി വിദ്യാർഥിയായിരിക്കെയാണ് അംഗപരിമിതരുടെ ഫുട്ബോളിൽ എത്തുന്നത്. തുടർന്ന് വൈശാഖ് ഇന്ത്യൻ ടീമിന്റെ നായകനായി. ശ്രീലങ്ക, കെനിയ, ഇന്തോനേഷ്യ എന്നിവിടളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തു ടീമിനു വിജയം നേടിക്കൊടുത്തു.

കുട്ടിക്കാലത്ത് ഒരുമിച്ചു കളിച്ചുവളർന്നവരാണ് തീർഥയും വൈശാഖും. വിദ്യാഭ്യാസകാലത്തും ഒരുമിച്ചായിരുന്നു. വൈശാഖിന്റെ വീഴ്ചകളിൽ താങ്ങായി തീർഥയുമുണ്ടായിരുന്നു. ബിഎഡ്ഡുകാരിയാണ് തീർഥ. വൈശാഖ് ഇപ്പോൾ പാലക്കാട് ആലത്തൂരിൽ ഹോമിയോ ഫാർമസിസ്റ്റായാണ് ജോലി ചെയ്യുന്നത്. ഫുട്ബോളിൽ തന്നെ താനാക്കിയ ഫാൽക്കൻസ് ക്ലബിലെ സുഹൃത്തുക്കളും ഇന്ത്യൻ ടീമിലെ കളിക്കാരുമടങ്ങിയ സദസിനെ സാക്ഷിയാക്കിയായിരുന്നു വിവാഹം.

റിട്ട. അധ്യാപകൻ തിരുമംഗലത്ത്പൊയിൽ ശശിധരന്റെയും രജിനിയുടെയും മകനാണ് വൈശാഖ്. കുട്ടോത്ത് നീലാംബരിയിൽ സുരേന്ദ്രന്റെയും ശകുന്തളയുടെയും മകളാണ് തീർഥ.

Content Highlights: Vishakh Weds Theertha, Indian Football

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS