ഇന്ത്യൻ ടീമിൽ ഡിഫൻഡറായി തുടക്കം; ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഗ്രില്ലിട്ട വാതിൽ!

prabhsukhan- singh-gill
SHARE

ഡിഫൻഡറുടെ മനസ്സുള്ള ഗോൾകീപ്പർ – പ്രഭ്സുഖൻ സിങ് ഗില്ലിനെ ആരാധകർ ഇങ്ങനെ വിശേഷിപ്പിക്കുന്നത് ഇഷ്ടം കൊണ്ടു മാത്രമല്ല; ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വിശ്വസ്ത കാവൽക്കാരൻ അണ്ടർ 17 ഇന്ത്യൻ ടീമിലായിരിക്കെ തുടക്കത്തിൽ ഡിഫൻഡറായിരുന്നു! അന്നത്തെ കോച്ച് നിക്കോളായ് ആദത്തിനു കീഴിൽ ചില മത്സരങ്ങളിൽ സെന്റർ ബാക്കായി കളിക്കുകയും ചെയ്തു. പിന്നീടെപ്പഴോ ഗില്ലിനു കീപ്പിങ് ഗ്ലൗവിനോട് ഇഷ്ടം കൂടി. അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധീരജ് സിങ്ങിനു പിന്നിൽ 2–ാം നമ്പർ ഗോൾകീപ്പറാവുകയും ചെയ്തു.

ഗില്ലിന്റെ ആ ‘കൈമാറ്റം’ നന്നായി എന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ പറയും. ടീമിൽ പകരക്കാരനായി വന്നതാണെങ്കിലും ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നിരയിൽ പകരം വയ്ക്കാത്തവനായി മാറിയിരിക്കുന്നു പഞ്ചാബിലെ ലുധിയാനയിൽനിന്നുള്ള ഈ ഇരുപത്തൊന്നുകാരൻ. ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസിന് ഒഡീഷയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ പരുക്കേറ്റപ്പോൾ പകരക്കാരനായി ഇറങ്ങിയതാണു ഗിൽ. അങ്ങനെ നോക്കുമ്പോൾ ഇതുവരെ കളിച്ചത് ഏഴര കളികൾ മാത്രം. അതിൽ നാലെണ്ണത്തിലും ഗില്ലിനെ മറികടന്നു പന്ത് ബ്ലാസ്റ്റേഴ്സിന്റെ ഗോൾവര കടന്നില്ല.

∙ 4 – ഗോൾ വഴങ്ങാതെ 4 മത്സരങ്ങളുമായി (ക്ലീൻ ഷീറ്റ്) ലീഗിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ മത്സരത്തിൽ ഒന്നാമനാണ് ഗിൽ. ബെംഗളൂരുവിന്റെ ഇന്ത്യൻ ടീം ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ഉൾപ്പെടെ 6 ഗോൾകീപ്പർമാർ 2 ക്ലീൻ ഷീറ്റുകളുമായി ഗില്ലിനു പിന്നിൽ.

∙ 5 – ഏറ്റവും കുറവ് ഗോൾ (5) വഴങ്ങിയ ഗോൾകീപ്പറും ഗിൽ തന്നെ. ഗോൾ വഴങ്ങാതെ ശരാശരി ഏറ്റവും കൂടുതൽ സമയം പിടിച്ചു നിൽക്കുന്ന ഗോൾകീപ്പറും ഗിൽ ആണ്: 128.8 മിനിറ്റ്. ജംഷഡ്പുർ എഫ്സിയുടെ മലയാളി ഗോൾകീപ്പർ ടി.പി.രെഹനേഷാണു രണ്ടാമത്: 81.5 മിനിറ്റ്.

∙ 0.6 – ശരാശരി ഒരു മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഒരേയൊരു ഗോൾകീപ്പറും ഗിൽ തന്നെ: 0.6 മാത്രം. ശരാശരി ഒരു മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയ ഹൈദരാബാദിന്റെ ലക്ഷ്മികാന്ത് കട്ടിമണിയാണു രണ്ടാമത്.

∙ 22 – സേവുകളുടെ എണ്ണത്തിൽ നാലാമനാണ് ഗിൽ: 22. മുന്നിലുള്ള 3 പേരും ഗില്ലിനെക്കാൾ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

∙ ഫൺഫാക്ട്: ഗില്ലിന്റെ സഹോദരൻ ഗുർസിമ്രത് സിങ് ഗില്ലും ഐഎസ്എലിൽ കളിക്കുന്നുണ്ട്. എടികെ മോഹൻ ബഗാന്റെ ഡിഫൻഡറാണു ഗുർസിമ്രത്.

English Summary: Life of Kerala Blasters FC's goalkeeper Prabhsukhan Singh Gill

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA