എടികെയ്ക്ക് മാത്രമായി സ്പെഷൽ നിയമമോ? രൂക്ഷ വിമർശനവുമായി എഡു ബേഡിയ

edu-bedia-atk-vs-bfc
എഡു ബേഡിയ, എടികെ–ബെംഗളൂരു മത്സരം നീട്ടിവച്ച അറിയിപ്പ്
SHARE

മഡ്ഗാവ്∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) എടികെ മോഹൻ ബഗാൻ – ബെംഗളൂരു എഫ്‍സി മത്സരം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചത് വിവാദമാകുന്നു. എടികെ മോഹൻ ബഗാന്റെ തുടർച്ചയായ രണ്ടാം മത്സരവും നീട്ടിവച്ചതാണ് വിവാദത്തിനു തിരികൊളുത്തിയത്. മറ്റു ടീമുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും മത്സരം മാറ്റിവയ്ക്കാൻ തയാറാകാത്ത ഐഎസ്എൽ അധികൃതർ, എടികെ മോഹൻ ബഗാനു മാത്രമായി പ്രത്യേക പരിഗണന നൽകുന്നുവെന്നാണ് ആക്ഷേപം. എഫ്‍സി ഗോവയുടെ എഡു ബേഡിയ ഈ ആരോപണം പരസ്യമായി ഉന്നയിക്കുകയും ചെയ്തു.

ഫറ്റോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. എടികെ മോഹൻ ബഗാൻ ടീമിലെ കളിക്കാർ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഒഡീഷ എഫ്സിയുമായി നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിവച്ചിരുന്നു. ഈ മത്സരത്തിന്റെയും പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാണികൾക്കു പ്രവേശനമില്ലാതെ, ഗോവയിലെ 3 സ്റ്റേഡിയങ്ങളിലായാണ് ഐഎസ്എൽ നടക്കുന്നത്. എടികെ മോഹൻ ബഗാന്റെ മത്സരങ്ങൾ മാത്രം മാറ്റിവയ്ക്കുന്നത് ദുരൂഹമാണെന്ന ആക്ഷേപമാണ് എഫ്‍സി ഗോവയുടെ എഡു ബേഡിയ ഉന്നയിച്ചത്.

‘ഒൻപതു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും ഇന്നലെ ഞങ്ങൾ കളത്തിലിറങ്ങേണ്ടി വന്നു. ഇന്നിതാ, മറ്റൊരു ടീമിന്റെ തുടർച്ചയായ രണ്ടാം മത്സരവും സമാനമായ കാരണത്താൽ നീട്ടിവച്ചിരിക്കുന്നു. ഇത് ആരെങ്കിലും എനിക്കൊന്ന് വിശദീകരിച്ചു തരാമോ? മായം ചേർത്ത ടൂർണമെന്റാണിത് ’ – എഡു ബേഡിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

‘കളിക്കാർക്ക് മത്സരിക്കാനുള്ള ആവേശവും ആഗ്രഹവും നഷ്ടമാകുകയാണ്. കരാർപ്രകാരമുള്ള പ്രതിഫലം വാങ്ങിയെടുക്കുക എന്നതല്ലാതെ മറ്റു ലക്ഷ്യങ്ങളൊന്നും കളിക്കാർക്കില്ല. ഈ വർഷത്തെ പുതിയ ചട്ടങ്ങൾ കൊണ്ടുണ്ടായ ഏക ഗുണമാണിത്. നിങ്ങൾക്ക് ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും ഒരു കാര്യം പറയാം. മാർച്ച് മാസമായി ഈ ലീഗ് ഒന്ന് തീർന്നു കിട്ടാൻ കാത്തിരിക്കുകയാണ് എല്ലാവരും. ടൂർണമെന്റിൽ ആരു കിരീടം ചൂടിയാലും അവർക്ക് പ്രശ്നമില്ല’ – എഡു ബേഡിയ കുറിച്ചു.

ഐഎസ്എലിൽ പങ്കെടുക്കുന്ന താരങ്ങൾ ടൂർണമെന്റ് ആരംഭിച്ചതു മുതൽ ബയോ സെക്യുർ ബബ്ളിനുള്ളിലാണെങ്കിലും, ആകെയുള്ള 11 ടീമുകളിൽ അഞ്ചിലും നിലവിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ടീമുകൾ ഹോട്ടൽ മുറിയിൽ ഐസലേഷനു സമാനമായ അവസ്ഥയിലാണ്.

എടികെ മോഹൻ ബഗാന്റെ വിവിധ താരങ്ങൾക്കു പുറമേ ബെംഗളൂരു എഫ്‍സിയുടെ താരവും ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവായിട്ടുണ്ട്. ആർടിപിസിആർ ഫലം കൂടി ലഭിച്ച ശേഷമേ കോവിഡ് സ്ഥിരീകരിക്കൂ. കേരള ബ്ലാസ്റ്റേഴ്സുമായി ബുധനാഴ്ച ഏറ്റുമുട്ടിയ ഒഡീഷ എഫ്‍സിയുടെ ബയോ സെക്യുർ ബബ്ളിൽ നാല് കോവിഡ് കേസുകളുണ്ട്. ഒരു കളിക്കാരൻ മത്സരത്തിന്റെ തലേന്നാണ് കോവിഡ് പോസിറ്റീവായത്. നാലു കളിക്കാർ കൂടി സംശയനിഴലിലാണ്.

ഈസ്റ്റ് ബംഗാളിന്റെ ബയോ സെക്യുർ ബബ്ളിൽ ഉൾപ്പെട്ട ഒരു ഹോട്ടൽ സ്റ്റാഫ് കോവിഡ് പോസിറ്റീവായതിനാൽ ടീം ഐസലേഷനിലാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എഫ്‍സി ഗോവയുടെ താരങ്ങൾ 12 ദിവസമായി ഹോട്ടൽ മുറിയിലാണ്. ആകെ പുറത്തിറങ്ങുന്നത് പരിശീലനത്തിനും മത്സരത്തിനും മാത്രം.

കോവിഡ് കേസുകൾ വ്യാപിക്കുമ്പോഴും മത്സരങ്ങൾ നീട്ടിവയ്ക്കുന്നതിനോടു യോജിക്കുന്നില്ലെന്നാണ് ഐഎസ്എൽ അധികൃതർ ക്ലബ്ബുകളെ അറിയിച്ചിരിക്കുന്നത്. ഏതെങ്കിലും ടീമിന്റെ അസൗകര്യം മൂലം മത്സരങ്ങൾ നീട്ടിവച്ചാലും പിന്നീട് നടത്താൻ കഴിഞ്ഞില്ലെങ്കിൽ എതിർ ടീം 3–0ന് വിജയിച്ചതായി പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ഇരു ടീമുകൾക്കും അസൗകര്യമുണ്ടെങ്കിൽ മത്സരം ഗോൾരഹിത സമനിലയായി കണക്കാക്കും.

English Summary: FC Goa's Edu Bedia takes dig at ISL after ATK Mohun Bagan vs Bengaluru FC match is postponed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA