ADVERTISEMENT

ഗോവയിലെ ബംബോലിം അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ കളിക്കാൻ ഇറങ്ങിയത് 2 പുതുമുഖങ്ങളുമായായിരുന്നു. പരിശീലകൻ മരിയോ റിവേറയും പിന്നെയൊരു ‘ബസും’. സ്പാനിഷ് പരിശീലകൻ കുമ്മായവരയ്ക്കപ്പുറത്തിരുന്നു, സൗമ്യനായി. ടീം കൊണ്ടുവന്ന ‘ബസ്’ കളത്തിൽ സ്വന്തം പോസ്റ്റിനു മുന്നിൽ കുറുകെയിട്ടു. ഫലം, റെഡ് ആൻഡ് ഗോൾഡ് ആർമിക്ക് ഐഎസ്എൽ ഫുട്ബോളിൽ ആദ്യ ജയം. എട്ടാം സീസണിൽ പന്ത്രണ്ടാം കളിവരെയാണ് കൊൽക്കത്ത ടീമിന് ഒരു ജയത്തിനായി കാത്തിരിക്കേണ്ടിവന്നത്. പാസിങ്ങിലും കൂടുതൽ സമയം പന്ത് കൈവശംവയ്ക്കുന്നതിലുമടക്കം എഫ്സി ഗോവ മുന്നിട്ടുനിന്നെങ്കിലും ഈസ്റ്റ് ബംഗാൾ നിർത്തിയിട്ട ബസ് പൊളിച്ചടുക്കാൻ അവർക്കായില്ല. 2– 1 ന് ഗോവയെ തോൽപിച്ചതോടെ അവസാന സ്ഥാനത്തുനിന്ന് ടീമിന് മോചനമായി. 9 പോയിന്റുമായി നിലവിൽ പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. ഏറ്റവും താഴെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. തോൽവിയോടെ ഗോവ ഒൻപതാം സ്ഥാനത്തായി.

ബസ് പാർക്കിങ്

ഏറ്റവും കടുത്ത പ്രതിരോധ ഗെയിമിനെയാണ് ഫുട്ബോളിൽ ‘ബസ് പാർക്കിങ്’ രീതിയെന്നു വിശേഷിപ്പിക്കുന്നത്. സംഭവം സിംപിളാണ്. ഭൂരിഭാഗം താരങ്ങളും ഭൂരിഭാഗം സമയവും സ്വന്തം പോസ്റ്റിനു മുന്നിൽ വേലികെട്ടിയപോലെ നിലയുറപ്പിക്കുക. കുറുകെ ഒരു ബസ് നിർത്തിയിട്ടതുപോലെ. എതിർ ടീമിന്റെ ആക്രമണങ്ങളെ എങ്ങനെയും പ്രതിരോധിക്കുക. അവസരം കിട്ടുമ്പോൾ മാത്രം ആക്രമിക്കുക, അതും അത്യാവശ്യ സന്ദർഭങ്ങളിൽ‌ മാത്രം, ഒന്നോ രണ്ടോ താരങ്ങളെ മാത്രം മുന്നിൽനിർത്തി. അതിനുശേഷം ഉടൻ മടങ്ങിവന്നു പിൻനിരക്കാരോടൊപ്പം പാർക്കിങ്ങിൽ അണിചേരുക. ബുധനാഴ്ച ഗോവയ്ക്കെതിരെ കളത്തിൽ ഇറങ്ങുമ്പോൾത്തന്നെ ടീമിന്റെ തന്ത്രം ഇതായിരുന്നെന്നു വൈകാതെ മനസ്സിലായി. കാരണം മിക്കപ്പോഴും ഒറ്റ സ്ട്രൈക്കർ മാത്രമായിട്ടായിരുന്നു കൊൽക്കത്ത ടീമിന്റെ കളി. അങ്ങനെ ഒറ്റയാനായി കളിച്ച നവോറം മഹേഷ് സിങ് ടീമിനായി 2 ഗോൾ നേടുകയും ചെയ്തു. 2016 യൂറോ കപ്പിലും കഴിഞ്ഞ ലോകകപ്പിലും ഐസ്‌ലൻഡ് ടീം വിജയകരമായി പരീക്ഷിച്ച തന്ത്രമാണ് ബസ് പാർക്കിങ് പ്രതിരോധം. വമ്പൻ ടീമുകളെ കുഞ്ഞൻ ടീമായ ഐസ്‍ലൻഡ് പിടിച്ചുകെട്ടിയതും ഈ തന്ത്രത്തിന്റെ പിൻബലം കൊണ്ടായിരുന്നു. ലോകകപ്പിൽ ഐസ്‍ലൻഡ് അർജന്റീനയെ മെരുക്കിയതും ഇറാൻ സ്പെയിനിനെതിരെ കെട്ടഴിച്ചതും ഈ തന്ത്രമായിരുന്നു.

east-bengal-2
ഈസ്റ്റ് ബംഗാൾ പരിശീലകൻ മരിയോ റിവേറ

മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ പരിശീലകൻ ഹൊസെ മൗറീഞ്ഞോയാണ് ഈ പരീക്ഷണത്തിന്റെ ആശാൻ. മികച്ച കളിയും മികച്ച പാസിങ്ങും കളിയിലുടനീളം അവതരിപ്പിച്ച ഗോവൻ ടീം എങ്ങനെയെങ്കിലും ജയിക്കാൻ പതിനെട്ടടവും പയറ്റിയെങ്കിലും നായകൻ എഡു ബേഡിയയ്ക്കും സംഘത്തിനും ബസ് കീറാമുട്ടിയായി. അതിനിടയിൽ എഡു ബേഡിയയ്ക്കും ഇന്ത്യൻ താരം അൻവർ അലിക്കും സംഭവിച്ച പിഴവിൽനിന്ന് മഹേഷ് സിങ് ഗോളുകൾ നേടുകയും ചെയ്തു. ഇടവേളയ്ക്കു പിരിയുമ്പോഴത്തെ തോൽവിക്ക് അവസാനത്തെ 45 മിനിറ്റിൽ തിരിച്ചടിക്കാമെന്ന ഗോവൻ ആത്മവിശ്വാസത്തിനു പ്രതിരോധം കൂടുതൽ കടുപ്പിച്ചാണ് റെഡ് ആൻഡ് ഗോൾഡ് ടീം മറുപടി നൽകിയത്. 

സ്ട്രൈക്കറായി കളിച്ചിരുന്ന നായകൻ മുഹമ്മദ് റഫീക്കിനെ പിൻവലിച്ച് പ്രതിരോധം കടുപ്പിക്കാൻ രാജു ഗെയ്ക്‌വാദിനെ രണ്ടാംപകുതിയുടെ തുടക്കത്തിലേ ഈസ്റ്റ് ബംഗാൾ കൊണ്ടുവന്നു. അതോടെ പ്രതിരോധത്തിന് ആദ്യ പകുതിയേക്കാൾ കരുത്ത് കൈവരികയും ചെയ്തു. എഡു ബേഡിയയും ഓർട്ടിസും ആൽബർട്ടോ നൊഗുവേരയും അടക്കമുള്ള കരുത്തർക്കു തകർക്കാൻ പറ്റാത്ത മതിലായി അതു മാറുകയും ചെയ്തു. മിക്കപ്പോഴും കളി കൊൽക്കത്ത ടീമിന്റെ പകുതിയിലായിരുന്നു. വീണുകിട്ടുന്ന ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ് രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ ആക്രമിച്ചതുതന്നെ. ആ ആക്രമണത്തിൽപ്പോലും ഗോളടിക്കണമെന്ന ദൃഢനിശ്ചയമൊന്നും കണ്ടിരുന്നില്ല. മറിച്ച് എങ്ങനെയെങ്കിലും കളിസമയം തീർക്കണമെന്ന ലക്ഷ്യമേ പ്രകടമായിരുന്നുള്ളൂ. 

east-bengal-4
ഈസ്റ്റ് ബംഗാൾ– ഗോവ മത്സരത്തിൽനിന്ന്

പാർക്കിങ്ങും മിന്നലും

ബസ് പാർക്കിങ് കളിക്കുന്ന ടീമിന്റെ വജ്രായുധമാണ് മിന്നലാക്രമണം. പ്രതിരോധിച്ചുനിൽക്കുമ്പോഴും അപ്രതീക്ഷിതമായി എതിർചേരിയിലേക്കൊരു റെയ്ഡ്. അതിൽ ഗോൾ കിട്ടിയാൽ അവർ സംതൃപ്തരായി. ഗോവയ്ക്കെതിരെ ഈസ്റ്റ് ബംഗാളും ഇതേ രീതിതന്നെയാണ് അവലംബിച്ചത്. കൗണ്ട് ഡൗൺ തീരുമാനിച്ച് മിസൈലായി നിശ്ചയിച്ചിരുന്നത് മണിപ്പുരിൽനിന്നുള്ള നവോറം മഹേഷ് സിങ് എന്ന 23 വയസ്സുകാരനെ. ഏക സ്ട്രൈക്കറായ മിന്നൽപ്പോരാളി മഹേഷ് ഇരട്ട ഗോളോടെ ടീമിന്റെ മാനംകാത്തു. കേരള ബ്ലാസ്റ്റേഴ്സിനും ഷില്ലോങ് ലജോങ് എഫ്സിക്കും വേണ്ടി നേരത്തെ കളിച്ചിട്ടുണ്ടെങ്കിലും അത്രയൊന്നും അറിയപ്പെടാതിരുന്ന മഹേഷ് പുതിയ പരിശീലകന് വിജയമെന്ന പുതുസമ്മാനം നൽകുകയും ചെയ്തു. രണ്ടും വെറുതെ വീണുകിട്ടിയ ഗോളുകളല്ലായിരുന്നെന്നത് പുതിയ താരോദയം കൂടി കാണിച്ചുതരുന്നു. എഡു ബേഡിയയിലേക്കുവന്ന ബാക്ക് പാസ് മിസ്സായതോടെ മഹേഷ് അതിൽ ചാടിവീഴുകയായിരുന്നു. ജഴ്സിയിൽ പിടിച്ചുവലിക്കാൻപോലും എഡുവിനു കഴിയാത്തത്ര വേഗത്തിലായിരുന്നു ആ മിസൈൽ പറന്നതും ഗോളി ധീരജ് സിങ്ങിനെ തോൽപ്പിച്ചതും. രണ്ടാമത്തെ ഗോളും മഹേഷിന്റെ ‘അവസരവാദി’ നയത്തിന്റെ വിജയമായിരുന്നു. അൻവർ അലി ബോക്സിന്റെ നടുവിലേക്കു ക്ലിയർ ചെയ്ത പന്തിൽ ചാടിവീണാണ് മഹേഷ് ഒരിക്കൽക്കൂടി തന്റെ ഇടംകാലിന്റെ ബലം പരീക്ഷിച്ചത്. അണ്ടർ17 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച അൻവർ അലിയിൽനിന്ന് പ്രതീക്ഷിക്കുന്ന ക്ലിയറൻസ് അല്ലായിരുന്നു അത്. അലിയിൽനിന്നല്ല, ഏതു താരത്തിലും നിന്ന് അത്തരമൊരു ക്ലിയറൻസ് അവിശ്വസനീയമായിരുന്നു.

സൂപ്പർ മരിയോ റിവേറ

തോറ്റുതൊപ്പിയിട്ടിടത്തുനിന്ന് ടീമിനെ രക്ഷിച്ചെടുക്കാനാണ് മരിയോ റിവേറ എന്ന സ്പാനിഷ് പരിശീലകനെ ടീം രംഗത്തിറക്കിയത്. ആദ്യകളിയിൽത്തന്നെ ടീമിനു വിജയവും കൈവന്നു. 6 സമനിലയും 5 തോൽവിയുമായി പതിനൊന്നാം സ്ഥാനത്തു നിൽക്കവേയാണ് റെനഡി സിങ് എന്ന താൽക്കാലിക പരിശീലകനിൽനിന്ന് റിവേറ ബാറ്റൺ ഏറ്റുവാങ്ങുന്നത്. 4 വീതം സമനിലയും തോൽവിയും പിണഞ്ഞപ്പോഴാണു പ്രധാന പരിശീലകൻ ജോസ് മാനുവൽ ഡയസിനെ മാറ്റി റെനഡിക്കു ചുമതല നൽകിയത്. പക്ഷ റെനഡിയുടെ കീഴിലും ഒരു തോൽവിയും രണ്ട് സമനിലയുമായിരുന്നു ഫലം. അതോടെയാണ് റിവേറയെ കൊണ്ടുവന്നത്. രണ്ട് സീസൺ മുൻപ് ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെ രണ്ടാം സ്ഥാനത്തെത്തിച്ച പരിശീലകനാണ് റിവേറ. ആ നേട്ടമാണ് ഇത്തവണ റിവേറയ്ക്ക് അനുകൂലമായത്. 

വലിയ വീരവാദമൊന്നുമില്ലാതെയാണ് റിവേറ ചാർജെടുത്തത്. ടീമിന്റെ മനോനില മാറ്റിയെടുക്കുകയെന്നതേ താൻ ലക്ഷ്യമിടുന്നുള്ളൂവെന്നാണ് റിവേറ പറഞ്ഞത്. ഒരൊറ്റ കളികൊണ്ട് അതിൽ വിജയിച്ചു എന്നുതന്നെ കരുതേണ്ടിവരും. 24ന് ഹൈദരാബാദ് എഫ്സിയുമായാണ് അടുത്ത മത്സരം. 13 ഗോൾ അടിച്ച ഈസ്റ്റ് ബംഗാൾ 21 എണ്ണമാണു തിരിച്ചുവാങ്ങിയത്. ഏറ്റവും പിന്നിലുള്ള (11–ാം സ്ഥാനം) നോർത്ത് ഈസ്റ്റ് 25 എണ്ണം തിരിച്ചുവാങ്ങിയെങ്കിലും 16 ഗോൾ അടിച്ചിട്ടുണ്ട്. 10 ഗോൾ മാത്രം അടിക്കുകയും 13 എണ്ണം തിരിച്ചുവാങ്ങുകയും ചെയ്ത ചെന്നൈയിൻ എഫ്സി ഏഴാം സ്ഥാനത്തുണ്ടെന്നതാണ് രസകരം.

east-bengal-3
ഈസ്റ്റ് ബംഗാൾ ടീം

നൊഗുവേര കിക്ക്

പരാജയത്തിനിടയിലും ഗോവയുടെ ഗോൾ കലക്കി. ആൽബർട്ടോ നൊഗുവേരയുടെ ഗോൾ ഐഎസ്എലിലെ മികച്ച ഗോളുകളിലൊന്നായി കണക്കാക്കേണ്ടിവരും. ഗോൾമുഖത്തിന് എതിർവശം തിരിഞ്ഞുനിന്ന് ഒർട്ടിസിൽനിന്ന് സ്വീകരിച്ച പാസിൽ ഇടംകാലുകൊണ്ട് ലോങ് റേഞ്ചർ പായിച്ചശേഷമാണ് ഈ സ്പാനിഷ് താരം ഗോൾവല നേരെ കാണുന്നത്. തികച്ചും അപ്രതീക്ഷിതമായ ആ ഷോട്ടിൽ കഴിഞ്ഞവർഷത്തെ ഗോൾഡൻ ഗ്ലൗ ജേതാവ് അരിന്ദം ഭട്ടാചാര്യക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല. രണ്ടാം പോസ്റ്റിൽ ക്ലിനിക്കൽ ഫിനിഷറായി ആ പന്ത് തറച്ചിരുന്നു. ഗോവ ജയിച്ച (4– 3), ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരത്തിൽ 2 ഗോൾ നേടിയതും നൊഗുവേരയായിരുന്നു. ഇതോടെ ഈ താരം നേടിയ എല്ലാ ഗോളും ഈസ്റ്റ് ബംഗാളിന്റെ വലയിലായി.

ഭീമൻ ഈസ്റ്റ് ബംഗാൾ, പക്ഷേ ഐഎസ്എലിൽ പോര

1920ൽ ജനനം. അതായത് ഇപ്പോൾ 102 വയസ്സ്. ലോകത്തിൽ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ക്ലബ്ബുകളിലൊന്ന്. കൊൽക്കത്ത ലീഗ് ഫുട്ബോൾ ഈസ്റ്റ് ബംഗാൾ നേടിയത് റിക്കോർഡാണ്, 39 തവണ. ദേശീയ ഫുട്ബോൾ ലീഗ് (എൻഎഫ്എൽ) നേടിയത് 3 തവണ. ഫെഡറേഷൻ കപ്പ് 8 തവണ. 3 സൂപ്പർ കപ്പ് വിജയം. ഐഎഫ്എ ഷീൽഡ് നേടിയത് 29 തവണ. ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ള ഡ്യൂറൻഡ് കപ്പ് നേടിയത് 16 തവണ. ഇങ്ങനെയൊക്കെയാണെങ്കിലും ഐ ലീഗ് ഫുട്ബോൾ കിരീടം ഒരിക്കൽപ്പോലും നേടാനായില്ല. അതുപോലെത്തന്നെയാണ് ഐഎസ്എലിൽ കൊൽക്കത്ത ഭീമന്റെ ചരിത്രവും. ഒട്ടും പ്രചോദനാത്മകമല്ല. അരങ്ങേറ്റം കുറിച്ച കഴിഞ്ഞ സീസണിൽ ടീം ഒൻപതാം സ്ഥാനത്തായിരുന്നു (ആകെ 11 ടീം). ഇത്തവണ 12 കളികൾക്കുശേഷം പത്താം സ്ഥാനത്തും.

English Summary: East Bengal's first win in ISL 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com