ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിനെ ഫിഫ റാങ്കിങ്ങിൽ 94–ാം സ്ഥാനം വരെയെത്തിച്ച മുൻ പരിശീലകൻ റുസ്തം അക്രമോവ് (73) അന്തരിച്ചു. ഉസ്ബെക്കിസ്ഥാൻ സ്വദേശിയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണമെന്ന് ഉസ്ബെക്ക് ഒളിംപിക് സമിതി അറിയിച്ചു. 

1995 മുതൽ 1997 വരെ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായിരുന്ന അക്രമോവാണ് ഇതിഹാസ താരം ബൈചുങ് ബൂട്ടിയയ്ക്കു സീനിയർ ടീമിൽ അരങ്ങേറ്റത്തിന് അവസരം നൽകിയത്. 

ഐ.എം.വിജയൻ, കാൾട്ടൻ ചാപ്മാൻ, ബ്രൂണോ കുടീഞ്ഞോ തുടങ്ങിയവരും അക്രമോവിന്റെ ടീമിലെ പ്രധാന താരങ്ങളായിരുന്നു. 1996 ഫെബ്രുവരിയിലെ ഫിഫ റാങ്കിങ്ങിലാണ് അക്രമോവിന്റെ കീഴിലുള്ള ഇന്ത്യൻ ടീം 94–ാം സ്ഥാനം കൈവരിച്ചത്. ഫിഫ റാങ്കിങ് ഏർപ്പെടുത്തിയ ശേഷം ഇന്ത്യൻ ടീം കൈവരിച്ച ഏറ്റവും മികച്ച സ്ഥാനമാണിത്. 

1948 ഓഗസ്റ്റ് 11നു താഷ്കന്റിനു സമീപം യാംഗിബസാർ പട്ടണത്തിൽ ജനിച്ച അക്രമോവ് സോവിയറ്റ് യൂണിയനിൽ നിന്നു വേർപെട്ടു രൂപം കൊണ്ട ഉസ്ബെക്കിസ്ഥാന്റെ ആദ്യ ദേശീയ പുരുഷ ഫുട്ബോൾ ടീം പരിശീലകനെന്ന നിലയിലും ശ്രദ്ധേയനാണ്. 1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ അക്രമോവിനു കീഴിലാണ് ഉസ്ബെക്ക് ടീം സ്വർണം നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com