ADVERTISEMENT

മഡ്ഗാവ് ∙ പ്ലേഓഫ് സാധ്യതകളുടെ അവസാന ചിത്രമറിയാൻ കേരള ബ്ലാസ്റ്റേഴ്സിന് അവസാന ലീഗ് മത്സരം വരെ കാത്തിരിക്കേണ്ടി വന്നില്ല. ഇന്നലെ മുംബൈ സിറ്റി എഫ്സി ഹൈദരാബാദിനോടു 1–2നു തോറ്റതോടെയാണ് ലീഗ് റൗണ്ടിലെ അവസാന മത്സരം കളിക്കുന്നതിനു മുൻപു തന്നെ ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പിച്ചത്. ഇതോടെ, ഫലം അപ്രസക്തമായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയെ നേരിടും. ബാംബോലിമിൽ രാത്രി 7.30നാണ് കിക്കോഫ്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തൽസമയം കാണാം.

19 കളികളിൽ 33 പോയിന്റുള്ള ബ്ലാസ്റ്റേഴ്സിനെ മറികടക്കാൻ മുംബൈയ്ക്ക് ഇന്നലെ ജയം അനിവാര്യമായിരുന്നു. എന്നാൽ രോഹിത് ധനുവിന്റെയും (14) ജോയൽ കിയാനീസിന്റെയും (41) ഗോളുകളിൽ ആദ്യപകുതിയിൽ തന്നെ ഹൈദരാബാദ് 2–0നു മുന്നിലെത്തി. 76–ാം മിനിറ്റിൽ മുർത്താദ ഫോൾ മുംബൈയ്ക്കായി ഒരു ഗോൾ മടക്കി. സമനില ഗോളിനായി മുംബൈ പൊരുതി നോക്കിയെങ്കിലും ഹൈദരാബാദ് പ്രതിരോധം ഇളകാതെ നിന്നു. 20 കളികളിൽ 31 പോയിന്റുമായിട്ടാണ് മുംബൈയുടെ മടക്കം.

2016നു ശേഷം ഇതാദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ സെമിയിലെത്തുന്നത്. ലീഗ് റൗണ്ടിലെ 4–ാം ടീമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. ജംഷഡ്പുർ, ഹൈദരാബാദ്, എടികെ ബഗാൻ ടീമുകൾ നേരത്തേ സെമിഫൈനൽ ഉറപ്പിച്ചിരുന്നു. നാളെ എടികെ ബഗാൻ– ജംഷഡ്പുർ മത്സരം കൂടി കഴിഞ്ഞാലേ ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനൽ എതിരാളികളെ തീരുമാനമാകൂ. പ്രാഥമികഘട്ടത്തിലെ ഒന്നാം സ്ഥാനക്കാർക്കുള്ള ലീഗ് വിന്നേഴ്സ് ഷീൽഡ് പോരാട്ടത്തിലും നിർണായകമാണ് ആ മത്സരം.

അതേസമയം, അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 1–0നു തോൽപിച്ച ബെംഗളൂരു എഫ്സി ഐഎസ്എൽ ഫുട്ബോളിൽ 6–ാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ബെംഗളൂരുവിനായി സുനിൽ ഛേത്രിയാണു സ്കോർ ചെയ്തത്. ലീഗിൽ ഒരു മത്സരം മാത്രം ജയിച്ച ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്. 20 കളികളിൽ 8 ജയവും 7 തോൽവിയും 5 സമനിലയുമായി 29 പോയിന്റാണു ബെംഗളൂരുവിന്.

∙ ഐഎസ്എൽ–പോയിന്റ് ടേബിൾ

(സ്ഥാനം, ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)

1.ജംഷഡ്പുർ 19 12 4 3 40

2.ഹൈദരാബാദ് 20 11 5 4 38

3. എടികെ ബഗാൻ 19 10 7 2 37

4. ബ്ലാസ്റ്റേഴ്സ് 19 9 6 4 33

5. മുംബൈ 20 9 4 7 31

6.ബെംഗളൂരു 20 8 5 7 29

7. ഒഡീഷ 20 6 5 9 23

8. ചെന്നൈയിൻ 20 5 5 10 20

9. എഫ്സി ഗോവ 19 4 6 9 18

10. നോർത്ത് ഈസ്റ്റ് 20 3 5 12 14

11. ഈസ്റ്റ് ബംഗാൾ 20 1 8 11 11

English Summary: ISL: Hyderabad send Mumbai packing, help Kerala Blasters reach playoffs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com