ADVERTISEMENT

Most will quit, But not us.... ഗോവയിലെ ഗാലറിയിൽ മഞ്ഞപ്പട എഴുതിയ പോസ്റ്ററിലെ വരികളാണ്. മൂന്നാം വട്ടവും ഐഎസ്എൽ കിരീടം കയ്യകലത്തിൽ നഷ്ടപ്പെട്ടപ്പോൾ സങ്കടം ഉള്ളിലൊതുക്കിയും ആരാധകർ പറഞ്ഞു. ഈ ടീമിനെ ഇട്ടിട്ട് പോകില്ല. സങ്കടം ഉള്ളിലൊതുക്കുമ്പോഴും അവർ കയ്യടിച്ചു കൊണ്ടേയിരുന്നു. തോൽവിയിലും ടീമിനൊപ്പം ചേർന്നു നിൽക്കാൻ മത്സരിക്കുകയാണ് മ‍ഞ്ഞപ്പട. സ്വപ്ന തുല്യമായിരുന്നു ഫൈനൽ വരെയുള്ള യാത്ര. ഇനിയും ഈ ടീം അത്ഭുതങ്ങൾ സൃഷ്ടിക്കും. ആരാധകർ പറയുന്നു. 

∙ കേരളം മുഴുവൻ ഹോം ഗ്രൗണ്ട് 

11500 ആയിരുന്നു ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലെ ഔദ്യോഗിക അറ്റന്‍ഡൻസ്. എന്നാൽ കേരളത്തിന്റെ ഓരോ ജംക്‌ഷനുകളിലും ടർഫുകളിലും മൈതാനങ്ങളിലും ഒന്നിച്ചു കൂടിയവർ ഇതിന്റെ എത്രയിരടട്ടി വരുമെന്നു കണക്കുകൾ ഇല്ല. ഒന്നുറപ്പ്– കേരളം സംസാരിച്ചു കൊണ്ടിരുന്നത് കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചായിരുന്നു. 

കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക കാണിക്കൂട്ടമായ മഞ്ഞപ്പട 60 സ്ക്രീനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കാൻ തയാറെടുത്തത്. എന്നാൽ കണക്കുകൾ ഇതിനപ്പുറത്തേക്ക് നീങ്ങി. കൂട്ടായ്മകൾ, സംഘടനകൾ, യുവജന ക്ലബുകൾ തുടങ്ങി വിവിധ ഗ്രൂപ്പുകൾ കൂടി സ്ക്രീനിങ് ഏറ്റെടുത്തതോടെ കേരളത്തിൽ എല്ലായിടത്തും ഫുട്ബോൾ നിറഞ്ഞു നിന്നു. മഞ്ഞ ജഴ്സികൾ വ്യാപകമായി വാങ്ങിച്ചു കൂട്ടിയതോടെ മഞ്ഞക്കടലായി ഓരോ സ്ഥലവും മാറി. ഒരു ഫുട്ബോൾ ഫൈനൽ മത്സരത്തിനു വേണ്ടി ഇത്രയധികം സന്നാഹം കേരളത്തിൽ ആദ്യമാണെന്ന് പറയാം. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആൾക്കൂട്ടം ഉണ്ടാകാറുണ്ടെങ്കിലും ഒരു ക്ലബിന് വേണ്ടി ഇതാദ്യം. 

manjappada-2

∙ ഗോവയല്ല; മിനി കൊച്ചി 

‘രാവിലെ തന്നെ ഗോവയിലെ ഗ്രൗണ്ടിനു മുന്നിൽ എത്തി. ഇവിടെയെല്ലാം കേരളത്തിൽ നിന്നുള്ളവർ മാത്രം’.– കൊച്ചിയിൽ നിന്ന് ഫൈനൽ കാണാൻ ഗോവയിൽ എത്തിയ മ‍ഞ്ഞപ്പട അംഗം സോമു പി.ജോസഫ് പറയുന്നു. ബാനറുകളും കൊടികളും എല്ലാം നാട്ടിൽ നിന്ന് കൊണ്ടു വന്നു. ഒപ്പമുണ്ട് ഞങ്ങൾ എന്ന മുദ്രാവാക്യമായിരുന്നു പ്രധാനം. മഞ്ഞപ്പട കോർ കമ്മിറ്റി പ്രധാന പോസ്റ്ററുകൾ തയാറാക്കി നൽകി– സോമു പറയുന്നു. 

ഗോവയല്ല ഇതു മിനി കൊച്ചിയാണെന്ന് മഞ്ഞപ്പട ബെംഗളൂരു വിങ്ങിലെ ധനീഷ് നായർ പറയുന്നു. കൊച്ചി സ്റ്റേഡിയം പോലെ തന്നെയാണ് ഫറ്റോർഡ ഇന്നലെ.രാവിലെ മുതൽ സ്റ്റേഡിയത്തിനു ചുറ്റും ബ്ലാസ്റ്റേഴ്സ ആരാധകർ നിറഞ്ഞു നിൽക്കുന്നു. കൊച്ചിയിൽ കാണുന്ന കാഴ്ചകളെല്ലാം ഇവിടെയുമുണ്ട്. – ധനീഷ് പറയുന്നു. 

 

English Summary: Manjappada extends support to Blasters even after loss in final

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com