ADVERTISEMENT

സാൻജോസ്∙ കോസ്റ്റ റിക്കയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റിട്ടും യുഎസ്എ ഖത്തർ ലോകകപ്പിന് യോഗ്യത നേടി. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് കോസ്റ്റ റിക്ക യുഎസ്എയെ വീഴ്ത്തിയത്. മറ്റൊരു മത്സരത്തിൽ എൽ സാൽവദോറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് മെക്സിക്കോയും കോൺകകാഫ് മേഖലയിൽനിന്ന് ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പാക്കി.

കോൺകകാഫ് മേഖലയിൽനിന്ന് 28 പോയിന്റുമായി കാനഡ നേരത്തേതന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. കോൺകകാഫ് യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് കാനഡ ഖത്തറിലേക്കെത്തുന്നത്. മെക്സിക്കോയ്ക്കും 28 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ അവർ രണ്ടാം സ്ഥാനക്കാരായി. 1994 മുതൽ എല്ലാ ലോകകപ്പുകളിലും കളിക്കുന്ന പതിവ് തുടർന്നാണ് മെക്സിക്കോ ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്.

കുറഞ്ഞത് ആറു ഗോളുകൾക്കെങ്കിലും യുഎസ്എയെ തോൽപ്പിച്ചാൽ മാത്രം നേരിട്ടു യോഗ്യത നേടാൻ സാധ്യതയുണ്ടായിരുന്ന കോസ്റ്ററിക്ക, 2–0 വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ പ്ലേഓഫ് കളിക്കണം. പോയിന്റ് പട്ടികയിൽ യുഎസ്എയ്ക്കും കോസ്റ്റ റിക്കയ്ക്കും 25 പോയിന്റ് വീതമുണ്ടെങ്കിലും ഗോൾശരാശരിയുടെ മികവിലാണ് മൂന്നാം സ്ഥാനത്തോടെ യുഎസ്എ യോഗ്യത ഉറപ്പാക്കിയത്. പ്ലേഓഫിൽ ന്യൂസീലൻഡാണ് കോസ്റ്റ റിക്കയുടെ എതിരാളികൾ.

ട്രിനിഡാഡ് ആൻഡ് ടുബാഗോയോടു വഴങ്ങിയ ഞെട്ടിക്കുന്ന തോൽവിയെ തുടർന്ന് 2018ലെ റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ യുഎസ്എയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ നിരാശ മറന്നാണ് ക്രിസ്റ്റ്യൻ പുലിസിച്ചും സംഘവും ഖത്തർ ലോകകപ്പിനെത്തുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഹാട്രിക് മികവിൽ പാനമയ്ക്കെതിരെ നേടിയ 5–1ന്റെ കൂറ്റൻ വിജയമാണ് ഗോൾശരാശരിയിൽ മുന്നിലെത്താൻ യുഎസ്എയ്ക്ക് തുണയായത്.

English Summary: Mexico, USA clinch FIFA World Cup berths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com