33 ഷോട്ടുകൾ; ഒറ്റ ഗോളില്ല: എസി മിലാന് സമനില!
Mail This Article
മിലാൻ ∙ കളിയിലാകെ പായിച്ചത് 33 ഷോട്ടുകൾ; അതിലൊന്നു പോലും ഗോളായില്ല! ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ബൊളോന്യയോട് ഗോളില്ലാ സമനില വഴങ്ങിയ എസി മിലാൻ ഒന്നാം സ്ഥാനത്ത് ലീഡുയർത്താനുള്ള സുവർണാവസരം തുലച്ചു. 7 മത്സരങ്ങൾ ശേഷിക്കെ 67 പോയിന്റുമായി എസി മിലാൻ ഒന്നാം സ്ഥാനത്തും 66 പോയിന്റുമായി നാപ്പോളി രണ്ടാമതുമാണ്. 30 കളികളിൽ 63 പോയിന്റുമായി ഇന്റർ മിലാൻ പിന്നിലുണ്ട്.
സ്വന്തം മൈതാനമായ സാൻസീറോ സ്റ്റേഡിയത്തിൽ കളിയിലുടനീളം ആധിപത്യം പുലർത്തിയതു മിലാനാണ്. സ്വീഡിഷ് താരം സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച് അവസാന 20 മിനിറ്റിൽ കളിക്കാനിറങ്ങിയെങ്കിലും ബൊളോന്യ ഡിഫൻഡർ ഗാരി മെഡലുമായി കൂട്ടിയിടിച്ച് പരുക്കേറ്റു.
പാലസിൽ വീണ് ആർസനലും
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിന്റെ ‘ഞെട്ടിക്കലുകൾ’ തുടരുന്നു. കഴിഞ്ഞ മാസം, ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ പിടിച്ച പാലസ് ഇന്നലെ ആർസനലിനെ തകർത്തത് 3–0ന്. 9–ാം സ്ഥാനക്കാരായ പാലസിനു ജയം കൊണ്ട് ഗുണമൊന്നുമില്ലെങ്കിലും തോൽവി ആർസനലിനു തിരിച്ചടിയായി. ടോട്ടനത്തെ മറികടന്നു 4–ാം സ്ഥാനത്തേക്കു കയറാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്.
English Summary: Italian serie; Milan vs Bologna