ADVERTISEMENT

ലണ്ടൻ ∙ ഇത്തിരി ദയയൊക്കെ ആവാമായിരുന്നു എന്ന് ഏത് കഠിനഹൃദയനും തോന്നിയേക്കാം; പ്രിമിയർ ലീഗിൽ ടോപ് ഫോർ സ്വപ്നം കണ്ടു നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലിവർപൂൾ തോൽപിച്ചത് 4–0ന്. ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറിയപ്പോൾ യുണൈറ്റഡ് ആറാം സ്ഥാനത്തേക്കു വീണു. ഈജിപ്ഷ്യൻ താരമായ മുഹമ്മദ് സലായുടെ ഡബിളിൽ സ്വന്തം മൈതാനമായ ആൻഫീൽഡിൽ ലിവർപൂൾ ജയത്തിന്റെ സവിശേഷത. 22, 85 മിനിറ്റുകളിലായിരുന്നു സലായുടെ ഗോളുകൾ. ലൂയിസ് ഡയസ് (5–ാം മിനിറ്റ്), സാദിയോ മാനെ (68) എന്നിവരും ലക്ഷ്യം കണ്ടു. സീസണിന്റെ തുടക്കത്തിൽ കണ്ടുമുട്ടിയപ്പോൾ സലായുടെ ഹാട്രിക്കിൽ 5–0നായിരുന്നു ലിവർപൂളിന്റെ ജയം. ഇത്തവണ ഒരു ഗോൾ കുറഞ്ഞു എന്ന വ്യത്യാസം മാത്രം.

ക്രിസ്റ്റ്യാനോയ്ക്ക് ‘ഒപ്പം നടന്ന് ’ ലിവർപൂൾ ആരാധകർ 

കളിയിൽ യുണൈറ്റഡിനെ നിലപരിശാക്കിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി ലിവർപൂൾ ആരാധകർ ക്ലബ് ഗീതം പാടിയത് ഹൃദ്യമായി. പങ്കാളി ജോർജിന റോഡ്രിഗസ് കഴിഞ്ഞ ദിവസം ജന്മം നൽകിയ ഇരട്ടക്കുട്ടികളിൽ ആൺകുട്ടി മരിച്ചു പോയതിനാൽ ക്രിസ്റ്റ്യാനോ മത്സരത്തിനുണ്ടായിരുന്നില്ല. കളിയുടെ 7–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയ്ക്ക് പ്രതീതാത്മക പിന്തുണയുമായി ‘വിവ റൊണാൾഡോ’ എന്നു പാടി യുണൈറ്റഡ് ആരാധകർ എഴുന്നേറ്റു നിന്നപ്പോഴാണ് ലിവർ‌പൂൾ ആരാധകരും ഒപ്പം ചേർന്നത്. ‘‘യൂ വിൽ നെവർ വോക്ക് എലോൺ ’’ എന്ന ലിവർപൂൾ ക്ലബ്ബിന്റെ ഔദ്യോഗിക ഗീതം പാടിയായിരുന്നു പിന്തുണ.

English Summary: Liverpool beat Manchester United

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com