ADVERTISEMENT

ചിലപ്പോൾ വീണ്ടും ഒരു ‘ഇംഗ്ലിഷ് ത്രില്ലർ’ ചാംപ്യൻസ് ലീഗ് ഫൈനൽ. അല്ലെങ്കിൽ 2016നു ശേഷം ഒരു ‘സ്പാനിഷ് ഡിലൈറ്റ്’ ഫൈനൽ. ഇതു രണ്ടുമല്ലെങ്കിൽ 2018നു ശേഷം വീണ്ടും സ്പാനിഷ്–ഇംഗ്ലിഷ് സൂപ്പർ ഫൈനൽ! യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ സെമി മത്സരങ്ങൾക്ക് ഈ ആഴ്ച തുടക്കമാകുമ്പോൾ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് ഇംഗ്ലണ്ട് v/s സ്പെയിൻ തീപാറും പോരാട്ടങ്ങൾക്കാണ്.

രണ്ട് സ്പാനിഷ് ക്ലബ്ബുകളും രണ്ട് ഇംഗ്ലിഷ് ക്ലബ്ബുകളുമാണ് ഇക്കുറി സെമിയിൽ ഏറ്റുമുട്ടുന്നത്. 13 തവണ ചാംപ്യൻമാരായ സ്പാനിഷ് വമ്പന്മാർ റയൽ മഡ്രിഡ് ഇംഗ്ലിഷ് ഫുട്ബോളിലെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെയും 6 തവണ ജേതാക്കളായ ലിവർപൂൾ ‘യെലോ സബ്മറീൻ’ എന്നു വിളക്കുന്ന വിയ്യാ റയലിനെയും നേരിടും. സിറ്റിയും വിയ്യാറയലും ഇതുവരെ ചാംപ്യൻസ് ലീഗ് നേടിയിട്ടില്ല.

∙ സിറ്റി v/s റയൽ

ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്താണ് ആദ്യ പാദ സെമി (ബുധൻ അർധരാത്രി 12.30). ക്വാർട്ടറിൽ വിട്ടുകൊടുക്കാതെ പ്രതിരോധിച്ച അത്‌ലറ്റിക്കോ മഡ്രിഡിനെ മറികടന്നാണ് സിറ്റി സെമിയിലെത്തിയത്. റയൽ മഡ്രിഡ് ആകട്ടെ നാടകീയ മത്സരത്തിനൊടുവിൽ നിലവിലെ ചാംപ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയെ തോൽപിച്ചാണ് സെമിയിലെത്തിയത്.

ലാ ലിഗയിൽ കിരീടം ഏതാണ്ട് ഉറപ്പിച്ച റയൽ മഡ്രിഡ് ലീഗ് പോരാട്ടത്തിന്റെ സമ്മർദങ്ങൾ എല്ലാ സ്പെയിനിൽ ഉപേക്ഷിച്ചാകും മാഞ്ചസ്റ്ററിൽ എത്തുന്നത്. കരിം ബെൻസേമയുടെ ഉജ്വല ഫോമിൽ തന്നെയാകും റയലിന്റെ പ്രതീക്ഷകൾ. ഒരു തിരിച്ചടിയിലും പതറാതെ അവസാനം വരെ പൊരുതുന്ന ടീമായി കാർലോ ആഞ്ചലൊട്ടിയുടെ കീഴിൽ റയൽ മഡ്രിഡ് മാറിയിട്ടുണ്ട്. ഫൈനൽ ലക്ഷ്യമിടുന്ന അവർ ഇന്ന് മാഞ്ചസ്റ്ററിൽ ജയവും എവേ ഗോളുകളുടെ മുൻതൂക്കവുമാകും ലക്ഷ്യമിടുന്നത്.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ചാംപ്യൻസ് ലീഗിലും പ്രിമിയർ ലീഗിലുമായി ഒരുപാട് സമ്മർദങ്ങളുണ്ട്. ഒരു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് പ്രിമിയർ ലീഗ് കിരീടം സിറ്റിയുടെ കയ്യെത്തും ദൂരത്തുള്ളത്.

പരിശീലകൻ െപപ് ഗ്വാർഡിയോളയ്ക്ക് സിറ്റിയെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തിക്കുക എന്നത് വലിയ സ്വപ്നമാണ്. സിറ്റി നിരയിൽ ഇന്ന് സസ്പെൻഷൻ കാരണം ജാവേ കാൻസെലോ ഉണ്ടാകില്ല. റയൽ മഡ്രിഡ് നിരയിൽ സസ്പെൻഷൻ കഴിഞ്ഞ് എത്തുന്ന എഡർ മിലിറ്റോവോ ഉണ്ടായേക്കും. റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ മേയ് 5നാണ് രണ്ടാം പാദ സെമി.

∙ മുൻ പോരാട്ടം

യൂറോപ്യൻ മത്സരങ്ങളിൽ സിറ്റിയും റയലും തമ്മിലുള്ള ഏഴാമത്തെ ഏറ്റുമുട്ടലാണ് ബുധനാഴ്ച നടക്കുന്നത്. 2012–13 മുതൽ ചാംപ്യൻസ് ലീഗിൽ ഇരുവരും 6 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ആദ്യ 4 മത്സരങ്ങൾ വിജയിക്കുന്നതിൽ സിറ്റി പരാജയപ്പെട്ടു. രണ്ടു തവണ സമനിലയും രണ്ടു തവണ തോൽവിയും വഴങ്ങി. എന്നാൽ 2019–20 ചാംപ്യൻസ് ലീഗിൽ സിറ്റി പ്രീക്വാർട്ടറിൽ റയലിനോട് ഇരു പാദങ്ങളും വിജയിച്ചു.

ഇതോടൊപ്പം സിറ്റി പരിശീലകൻ പെപ്, മുൻപ് രണ്ടു തവണ ചാംപ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ റയലിനെ പുറത്താക്കിയിട്ടുണ്ട്. 2010–11 സെമി ഫൈനലിലും (ബാർസിലോന: 3–1), 2019–20 പ്രീ ക്വാർട്ടറിലും (മാഞ്ചസ്റ്റർ സിറ്റി: 4–2). ഇത്തവണയും ജയം ഒപ്പമുണ്ടെങ്കിൽ മൂന്ന് തവണ ചാംപ്യൻസ് ലീഗിൽ നിന്നു റയലിനെ പുറത്താക്കുന്ന ആദ്യ പരിശീലകനാകും ഗ്വാർഡിയോള.

∙ ലിവർപൂൾ v/s വിയ്യാ റയൽ

ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലാണ് നാളെ (വ്യാഴം അർധരാത്രി 12.30) മറ്റൊരു സെമി മത്സരം. ‍തോൽവിയറിയാതെ കുതിക്കുന്ന ലിവർപൂൾ വീണ്ടുമൊരു ചാംപ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. ടീമിന്റെ മികച്ച ഫോമും പരിശീലകൻ യുർഗൻ ക്ലോപ്പിന്റെ ആക്രമണ തന്ത്രങ്ങളും ചേരുമ്പോൾ നേട്ടം അസാധ്യമല്ല.

എന്നാൽ വമ്പന്മാരെ വീഴ്ത്തിയാണ് സ്പാനിഷ് ക്ലബ് വിയ്യാ റയൽ ആൻഫീൽഡിലേക്ക് എത്തുന്നത്. പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ ക്ലബ് യുവെന്റസിനെയും ക്വാർട്ടറിൽ ജർമൻ കരുത്തരായ ബയൺ മ്യൂണിക്കിനെയും വിയ്യാ റയൽ അട്ടിമറിച്ചു. പരിശീലകൻ ഉനായ് എമ്റിയുടെ ‘യൂറോപ്യൻ മാജിക്’ ഇംഗ്ലണ്ടിൽ ഫലിക്കുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

യൂറോപ്യൻ മത്സരങ്ങളിലെ എമ്റിയുടെ തന്ത്രങ്ങളുടെ മികവും യുവ കളിക്കാരുടെ ഫോമുമാണ് നിലവിൽ യുവേഫ യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യാ റയലിന്റെ കരുത്ത്. രണ്ടാം പാദ സെമി വിയ്യാ റയലിന്റെ മൈതാനമായ എൽ മഡ്രിഗലിൽ മേയ് 3ന് നടക്കും.

∙ മുൻ പോരാട്ടം

ലിവർപൂളും വിയ്യാ റയലും മുൻപു രണ്ടു തവണ മാത്രമാണ് യൂറോപ്യൻ മത്സരത്തിൽ ഏറ്റുമുട്ടിയിട്ടുള്ളത്; 2015–16 യൂറോപ്പ ലീഗ് സെമിഫൈനലിൽ. വിജയത്തോടെ ലിവർപൂൾ അന്ന് സെവിയ്യയെ നേരിടാൻ ഫൈനലിലെത്തി. അന്ന് ഉനായ് എമdറി സെവിയ്യയുടെ പരിശീലകനായിരുന്നു. 2005 ഓഗസ്റ്റിൽ എവർട്ടനെതിരെ 2–1ന് വിജയിച്ചതിനു ശേഷം ഇംഗ്ലണ്ടിൽ നടന്ന അവസാന 8 എവേ മത്സരങ്ങളിൽ ഒന്നിലും വിജയിക്കാൻ വിയ്യാറയലിനു കഴിഞ്ഞിട്ടില്ല. ചാംപ്യൻസ് ലീഗിന്റെ ഈ സീസണിന്റെ തുടക്കത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെടുകയും ചെയ്തു.

ലിവർപൂൾ ഇതു 12–ാം തവണയാണ് യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ സെമിഫൈനലിൽ എത്തുന്നത്. ഒരു വർഷത്തെ ക്ലബ് മത്സരങ്ങളുടെ സീസണിൽ ലീഗ് കപ്പ്, എഫ്എ കപ്പ്, യൂറോപ്യൻ കപ്പ് എന്നിവയിൽ ആദ്യവും.

∙ സലാ, ബെൻസേമ

ചാംപ്യൻസ് ലീഗിന്റെ ഈ സീസണിൽ ഇതുവരെ 12 ഗോളുമായി റയൽ മഡ്രിഡിന്റെ കരീം ബെൻസെമ ഗോൾ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുണ്ട്. റൊബർട് ലെവൻഡോവ്സ്കിയാണ് 13 ഗോളുകളുമായി ഒന്നാം സ്ഥാനത്ത്. 8 ഗോളുകളുമായി ലിവർപൂളിന്റെ മുഹമ്മദ് സല നാലാം സ്ഥാനത്താണ്. ആദ്യ സെമി പാദത്തിൽ ഒരു ഗോൾ നേടിയാൽ ബെൻസെമ ലെവൻഡോവ്സ്കിയുടെ ഒപ്പമെത്തും. അയാക്സിന്റെ മുന്നേറ്റ താരം സെബാസ്റ്റ്യൻ ഹാലർ ആണ് 11 ഗോളുമായി മൂന്നാം സ്ഥാനത്ത്.

English Summary: UEFA Champions League 2021-22 Semi-Finals- Preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com