ADVERTISEMENT

പാരിസ് ∙ കപ്പിൽ വിജയം രുചിച്ചു ശീലിച്ച 2 ടീമുകൾ. ആദ്യമായി മധുരം നുണയാൻ കൊതിക്കുന്ന 2 ടീമുകൾ– യുവേഫ ചാംപ്യൻസ്ലീഗ് ഫുട്ബോൾ സെമിഫൈനലിന് ഇന്നു തുടക്കമാകുമ്പോൾ ക്ലബ്ബുകളുടെ കളിക്കരുത്തിങ്ങനെ. 13 വട്ടം ചാംപ്യൻമാരായ റയൽ മഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെയും 6 വട്ടം ജേതാക്കളായിട്ടുള്ള ലിവർപൂൾ വിയ്യാറയലിനെയും നേരിടുമ്പോൾ മുഖാമുഖം നിൽക്കുന്നത് 2 ഫുട്ബോൾ സംസ്കാരങ്ങൾ കൂടിയാണ്– സ്പാനിഷ് ഫുട്ബോളും ഇംഗ്ലിഷ് ഫുട്ബോളും.

ആശിച്ചതിലേറെ കിട്ടിയവരാണ് മഡ്രിഡുകാർ. സിനദിൻ സിദാന്റെ പരിശീലനത്തിൽ 2016 മുതൽ‌ 2018 വരെ ഹാട്രിക് കിരീടം നേടിയത് അവരുടെ സ്വപ്നങ്ങൾക്കുമപ്പുറമുള്ള നേട്ടമായിരുന്നു. ഇത്തവണ സിദാന്റെ ഗുരുവായ കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ റയൽ ഒരിക്കൽ കൂടി ട്രോഫി സ്വപ്നം കാണുന്നു. 2014ൽ ടീമിനെ വിജയത്തിലേക്കു നയിച്ച ചരിത്രവും ഇറ്റലിക്കാരനായ ആഞ്ചലോട്ടിക്കുണ്ട്. പ്രീ ക്വാർട്ടറിൽ പിഎസ്ജിയെയും ക്വാർട്ടറിൽ നിലവിലെ ചാംപ്യന്മ‍ാരായ ചെൽസിയെയും മറികടന്നാണ് റയലിന്റെ വരവ്.

സിറ്റിയുടെ കാര്യം നേരേ തിരിച്ചാണ്. എത്ര കൊതിച്ചിട്ടും കിട്ടാക്കനിയാണ് അവർക്കീ കിരീടം. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ തുടരെ കിരീടം ചൂടുമ്പോഴും യൂറോപ്യൻ കിരീടം ഇതുവരെ സിറ്റിക്കു നേടാനായിട്ടില്ല. കഴിഞ്ഞ സീസണിൽ ഫേവറിറ്റുകളായിട്ടും അവസാന പടിയിൽ വീണു പോകാനായിരുന്നു പെപ് ഗ്വാർഡിയോളയുടെ ടീമിനു വിധി. ക്വാർട്ടറിൽ മറ്റൊരു മഡ്രിഡ് ടീമിനെ മറികടന്നാണ് സിറ്റിയുടെ വരവ്– അത്‌ലറ്റിക്കോ മഡ്രിഡ്! സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. രണ്ടാം പാദം മേയ് 5ന് റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ.

നാളെ: ലിവർപൂൾ–വിയ്യാറയൽ രാത്രി 12.30)

ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് പിന്നിൽ നിൽക്കുന്ന ലിവർപൂളിനെ ഇത്തവണ ചാംപ്യൻസ് ലീഗ് കിരീടം പതിവിലേറെ മോഹിപ്പിക്കുന്നുണ്ട്. ടീമിന്റെ നിലവിലെ ഉജ്വലഫോം കോച്ച് യുർഗൻ ക്ലോപ്പിന് സന്തോഷം നൽകുന്ന കാര്യം.ഡിസംബർ 28നു ശേഷം ഒരു മത്സരംപോലും ലിവർപൂൾ തോറ്റിട്ടില്ല. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലാണ് ഇന്നത്തെ മത്സരം. രണ്ടാം പാദം വിയ്യാറയലിന്റെ മൈതാനമായ എൽ മഡ്രിഗലിൽ മേയ് 3ന്.

ലിവർപൂളിനു മുന്നിൽ വിയ്യാറയൽ എന്തു ചെയ്യാൻ എന്നാർക്കെങ്കിലും തോന്നുന്നുവെങ്കിൽ ഈ കൊച്ചു സ്പാനിഷ് ക്ലബ് വീഴ്ത്തിയ വമ്പൻമാരെ നോക്കിയാൽ മതി. പ്രീ ക്വാർട്ടറിൽ യുവന്റസ്, ക്വാർട്ടറിൽ ബയൺ മ്യൂണിക്ക്! കോച്ച് ഉനായ് എമറി യൂറോപ്യൻ പോരാട്ടങ്ങളിൽ ‘ഉസ്താദാണ്’. സെവിയ്യയെ തുടരെ 3 യൂറോപ്പ ലീഗ് കിരീടങ്ങളിലേക്കു നയിച്ച പരിശീലകനാണ് ഈ സ്പെയിനുകാരൻ. കഴിഞ്ഞ വർഷം വിയ്യാറയലിനെയും കിരീടത്തിലെത്തിച്ചു. 

English Summary: UEFA Champions league: Man city vs Real madrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com