മഡ്രിഡ്∙ ലിവര്‍പൂള്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍. രണ്ടാംപാദ സെമിയില്‍ വിയ്യാറയലിനെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനൽ പ്രവേശം. ആദ്യ പാദ മത്സരം 2–0നു ലിവർപൂൾ ജയിച്ചിരുന്നു. ഇരു പാദങ്ങളിലുമായി 5–2നാണ് യൂർഗ്ലൻ ക്ലോപ്പിന്റെ ടീമിന്റെ ജയം. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ലിവര്‍പൂളിന്‍റെ തിരിച്ചുവരവ്. ഇന്നു നടക്കുന്ന റയല്‍ മഡ്രിഡ്– മാഞ്ചസ്റ്റര്‍ സിറ്റി മല്‍സര വിജയികളാവും ഫൈനലില്‍ ലിവര്‍പൂളിന്‍റെ എതിരാളികള്‍. പകരക്കാരനായി എത്തിയ ലൂയിസ് ഡിയാസിന്‍റെ വരവാണ് കളി ലിവര്‍പൂളിന്‍റെ വരുതിയിലാക്കിയത്.
രണ്ടാംപാദ സെമിയുടെ ആദ്യ പകുതിയിൽ വിയ്യാറയല്‍ രണ്ട് ഗോളിന് മുന്നിലെത്തിയതോടെ ലിവർപൂൾ ഞെട്ടി. മൂന്നാം മിനിറ്റില്‍ ബൂലോ ഡിയയിലൂടെ വിയ്യാറയൽ മുന്നിലെത്തി. 41–ാം മിനിറ്റിൽ ഫ്രാന്‍സിസ് കോക്വിൽ വിയ്യാറയലിനായി വീണ്ടും വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോള്‍ മടക്കാന്‍ ആക്രമിച്ച് കളിച്ച ലിവര്‍പൂള്‍ 62–ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. മുഹമ്മദ് സലായുടെ അസിസ്റ്റില്‍ നിന്ന് ഫാബിഞ്ഞോയുടെ വക ഗോള്‍. വിയ്യാറയല്‍ ഗോള്‍ കീപ്പര്‍ റൂളിയുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍.
അഗ്രിഗേറ്റില്‍ വീണ്ടും ലിവര്‍പൂള്‍ മുന്നില്‍. അഞ്ചുമിനിറ്റിനുള്ളില്‍ രണ്ടാംപാദത്തിലെ സമനിലഗോളടിച്ച് ലിവര്‍പൂള്‍ അഗ്രിഗേറ്റില്‍ രണ്ടുഗോള്‍ ലീഡ് നേടി. ലൂയിസ് ഡയസാണ് ലിവര്‍പൂളിനായി സ്കോര്‍ ചെയ്തത്. 74–ാം മിനിറ്റില്‍ സൂപ്പര്‍താരം സാദിയോ മാനെയുടെ ഗോള്‍ ലിവര്‍പൂളിന്‍റെ ഫൈനല്‍ പ്രവേശം ഉറപ്പിച്ചു.
ചാംപ്യന്‍സ് ലീഗ് രണ്ടാം പാദസെമിയില്‍ ഇന്ന് റയല്‍ മഡ്രിഡ് – മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. റയല്‍ ഹോം ഗ്രൗണ്ട് വേദിയാകുന്ന മല്‍സരത്തിനിറങ്ങുമ്പോള്‍ ആദ്യപാദത്തിലെ ജയം മാഞ്ചസ്റ്റര്‍ സിറ്റിക്ക് മേല്‍ക്കൈ നല്‍കുന്നു. ഏഴുഗോള്‍ പിറന്ന ഇത്തിഹാദിലെ ത്രില്ലര്‍ പോരാട്ടത്തിന്റെ രണ്ടാം ഭാഗമാണ് സാന്റിയാഗോ ബെര്‍ണബ്യൂവില്‍. ഒറ്റഗോള്‍ ലീഡിന്റെ ആത്മവിശ്വാസത്തിലാണ് റയല്‍ മഡ്രിഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. സ്വന്തം മൈതാനത്ത് 4–3ന് വിജയിച്ചെങ്കിലും റയല്‍ മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ സിറ്റിക്ക് കഴിഞ്ഞിരുന്നില്ല. ജോണ്‍ സ്റ്റോണ്‍സിന്റെ പരുക്കും തലവേദനയാകും. രാത്രി 12.30നാണ് മല്‍സരം .
English Summary: Game-changer Diaz leads Liverpool to yet another Champions League final