സ്വന്തം വീട് കത്തുന്നത് നിസ്സഹായതയോടെ കണ്ടുനിന്നവൻ; ഇന്ന് സമ്പന്ന ക്ലബ്ബിലെ തീപ്പൊരി താരം

FBL-ESP-LIGA-REAL MADRID-ESPANYOL
എ‍ഡ്വേഡോ കമവിൻഗ. ചിത്രം: GABRIEL BOUYS / AFP
SHARE

റയലിന്റെ വിജയത്തിൽ സ്കോർ ബോർഡിലെ താരങ്ങൾ റോഡ്രിഗോയും കരിം ബെൻസേമയുമായിരിക്കാം; എന്നാൽ, മജീഷ്യനെപ്പോലെ കളിയുടെ നിറം മാറ്റിയത് ഒരു പത്തൊൻപതുകാരനാണ്– എ‍ഡ്വേഡോ കമവിൻഗ. റയലിന്റെ വിജയം അവിശ്വസനീയമെങ്കിൽ കമവിൻഗയുടെ ജീവിതം അതിലും അദ്ഭുതകരമാണ്.

കളിച്ചു വളർന്ന വീട് കൺമുന്നിൽ‍ കത്തിയെരിയുന്നത് കണ്ടു നിൽക്കുന്ന 11 വയസ്സുകാരനോട് എന്തു പറയണം? എ‍‍‍ഡ്വേഡോ കമവിൻഗയോടു സ്വന്തം പിതാവ് പറഞ്ഞത് ആളിപ്പടരുന്ന തീ ഊർജമായി സ്വീകരിക്കാനാണ്. ‘കരയയരുത്. നീ ഒരു പ്രഫഷനൽ ഫുട്ബോളറാകുമ്പോൾ നമുക്ക് ഇതിന്റെ പത്തിരട്ടി വലുപ്പമുള്ള വീടുണ്ടാക്കാം..’ കനലു പോലുള്ള ആ വാക്കുകൾ നെഞ്ചിലിട്ട് കമവിൻഗ തുടങ്ങിയ യാത്ര എത്തിനിൽക്കുന്നത് ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബ്ബായ റയൽ മ‍ഡ്രി‍ഡിലാണ്. ബുധനാഴ്ച രാത്രി ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി, റയലിന്റെ പ്രിയപ്പെട്ട വീടായ സാന്തിയാഗോ ബെർണബ്യൂവിനു ‘തീയിട്ടു കൊണ്ടിരിക്കുമ്പോൾ’ കോച്ച് കാർലോ ആഞ്ചെലോട്ടി ഈ പത്തൊൻപതുകാരനെ മൈതാനത്തേക്കു പറഞ്ഞു വിട്ടു. കളിയുടെ അവസാന നിമിഷങ്ങളി‍ൽ, റയലിന്റെ 3 ഗോളുകൾക്കും വഴിയൊരുക്കി കമവിൻഗ ആ തീ കെടുത്തി!

ആഫ്രിക്കയിലെ ഒരു അഭയാർഥിക്യംപിൽനിന്നു സാന്തിയാഗോ ബെർണബ്യൂവിലേക്കുള്ള കമവിൻഗയുടെ യാത്ര അവിശ്വസനീയമാണ്. കോംഗോയിലെ ആഭ്യന്തര കലഹത്തിൽനിന്നു രക്ഷപ്പെട്ടാണ് കമവിൻഗ കുടുംബം അംഗോളയിലെ അഭയാർഥി ക്യാംപിലെത്തിയത്. 2002 നവംബർ 10ന് അവിടെ വച്ചാണ് ആറു മക്കളിൽ മൂന്നാമനായി എഡ്വേഡോ കമവിൻഗ ജനിക്കുന്നത്. കുട്ടിക്കാലത്തു തന്നെ കുടുംബം ഫ്രാൻസിലേക്കു കുടിയേറി. കഷ്ടപ്പാടുകൾക്കിടയിലും മകന്റെ കായിക മികവുകൾ അച്ഛനും അമ്മയും പ്രോൽസാഹിപ്പിച്ചു. ജൂഡോയിലാണ് ആദ്യം ഒരു കൈ നോക്കിയത്. പെട്ടെന്നുതന്നെ അതുവിട്ട് ഫുട്ബോളിലെത്തി. പ്രാദേശിക മത്സരങ്ങളിൽ താരമാവുകയും ചെയ്തു.

ആ സമയത്തായിരുന്നു ജീവിതത്തിൽ വഴിത്തിരിവായ തീപിടിത്തം. ആദ്യ ക്ലബ്ബായ ഡ്രേപ്പുവിലെ അഭ്യുദയകാംക്ഷികളാണ് തൽക്കാലം വീട് പുതുക്കിപ്പണിയാൻ കമവിൻഗ കുടുംബത്തെ സഹായിച്ചത്. അതിനുള്ള പ്രതിഫലം പിന്നീടവർക്കു കിട്ടി. റയൽ മഡ്രിഡിലേക്കുള്ള കമവിൻഗയുടെ 3 കോടി യൂറോ ട്രാൻസ്ഫർ തുകയിൽ ഒരു പങ്ക്. ഫ്രഞ്ച് ലീഗ് ക്ലബ്ബായ റെന്നെയിലൂടെയാണ് കമവിൻഗ പ്രഫഷനൽ ഫുട്ബോളറായത്. റയലിലെത്തിയത് കഴി‌‍ഞ്ഞ വർഷം ഓഗസ്റ്റിൽ. അതിനു ശേഷം റയലിന്റെ ‘ഫയർ എസ്കേപ്’ സ്പെഷലിസ്റ്റാണ് തീനാളങ്ങൾ പോലെ മുടി കൊരുത്തിട്ട ഈ സെൻട്രൽ മിഡ്ഫീൽ‍ഡർ.

eduard hh
കമവിൻഗ–കുട്ടിക്കാല ചിത്രം.

ഈ കണക്കുകൾ നോക്കുക. പ്രീ ക്വാർട്ടറിൽ പിഎസ്ജിക്കെതിരെയും ക്വാർട്ടറിൽ ചെൽസിക്കെതിരെയും കമവിൻഗ ഇറങ്ങുന്ന നേരത്ത് റയൽ പിന്നിലായിരുന്നു. രണ്ടു കളികളിലും തിരിച്ചടിച്ചു ജയിക്കുകയും ചെയ്തു. സിറ്റിക്കെതിരെയും അതു തുടർന്നു. കമവിൻഗ നൽകിയ ‍ഡീപ് ക്രോസ് ചാടിപ്പിടിച്ചാണ് ബെൻസേമ റോ‍ഡ്രിഗോയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത്. രണ്ടാം ഗോളിനുള്ള പ്രത്യാക്രമണത്തിനു തുടക്കമിട്ടതും വിജയഗോളിനുള്ള പെനൽറ്റി നേടിയെടുക്കാൻ തുടക്കമിട്ടതും കമവിൻഗ തന്നെ. സിറ്റിക്കെതിരെ ആരെ പിൻവലിച്ചാണ് ആഞ്ചലോട്ടി കമവിൻഗയെ ഇറക്കിയത് എന്നതിലുണ്ട് ഈ പത്തൊൻപതുകാരന്റെ ‘ലെഗസി’– സാക്ഷാൽ ലൂക്ക മോ‍‍ഡ്രിച്ച്! 

English Summary: Life of Eduardo Camavinga, Footballer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA