ADVERTISEMENT

കൊൽക്കത്ത ∙ ഒരു പോയിന്റ് അകലെ ഗോകുലം കേരളം എഫ്സിയെ കാത്ത് ചരിത്രവും കിരീടവും ഒരുപിടി റെക്കോർഡുകളും. ഐ ലീഗ് ഫുട്ബോളിൽ ഇന്ന് ശ്രീനിധി എഫ്സിക്കെതിരെ സമനില നേടിയാൽ പോലുംഗോകുലത്തിന് ഐ ലീഗ്  കിരീടം സ്വന്തമാകും. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഗോകുലത്തിന് 16 കളികളിൽ 40 പോയിന്റുണ്ട്. രണ്ടാമതുള്ള മുഹമ്മദൻസിന് 34 പോയിന്റ്. ഇരുടീമിനും ശേഷിക്കുന്നത് 2 മത്സരങ്ങൾ. അവസാനമത്സരം ഗോകുലവും മുഹമ്മദൻസും നേർക്കുനേർ. ഇന്നു തന്നെ കിരീടമുറപ്പിക്കുക എന്നതാണ് ഗോകുലത്തിന്റെ ലക്ഷ്യം. കൊൽക്കത്തയിൽ നിന്ന് 42 കിലോമീറ്റർ അകലെയുള്ള നെയ്ഹാട്ടി സ്റ്റേഡിയത്തിലാണ് ഗോകുലം–ശ്രീനിധി മത്സരം. കിക്കോഫ് രാത്രി എട്ടിന്. വൺ സ്പോർട്സ് ചാനലിൽ തൽസമയം കാണാം. 

റെക്കോർഡ് കുലം 

ജേതാക്കളായാൽ ദേശീയ ലീഗ് ചാംപ്യൻഷിപ്പ് ഐ ലീഗ് ആയി രൂപം മാറിയതിനു ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമാകും ഗോകുലം. ഒരു മത്സരം പോലും തോൽക്കാതെ ഐ ലീഗ് കിരീടം ഉറപ്പിക്കുന്ന ആദ്യ ടീം എന്ന റെക്കോർഡും ഗോകുലത്തിനു സ്വന്തമാകും. അടുത്ത കളിയിൽ മുഹമ്മദൻസിനെതിരെയും തോൽക്കാതിരുന്നാൽ തോൽവിയറിയാതെ സീസൺ എന്ന നേട്ടവും സ്വന്തം. ഐ ലീഗിൽ തോൽവിയറിയാതെ തുടരെ കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡ് ഇപ്പോൾ തന്നെ ഗോകുലത്തിനു സ്വന്തമാണ്– 21 മത്സരങ്ങൾ. 

ക്യാപ്റ്റൻ റിട്ടേൺസ് 

പരുക്ക് മാറിയ ക്യാപ്റ്റൻ ഷരീഫ് മുഹമ്മദ് ഇന്ന് ഗോകുലത്തിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തും. ക്യാപ്റ്റൻ തിരിച്ചെത്തുന്നതോടെ മധ്യനിരയിൽ ഗോകുലത്തിന് കരുത്തു കൂടും. പരുക്കിന്റെ പിടിയിലായിരുന്ന ലൂക്ക മെയ്‌സനും തിരിച്ചെത്തിയിട്ടുണ്ട്. മെയ്‌സൻ റിസർവ് ബെഞ്ചിലുണ്ടാകും. ലീഗിൽ ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ 2-1ന് ഗോകുലം വിജയിച്ചിരുന്നു. 

ശ്രീനിധി ടീം ശക്തരാണ്. പക്ഷേ സമനിലയല്ല, ജയം തന്നെയാണ് നമ്മുടെ ലക്ഷ്യം. ക്യാപ്റ്റൻ ഷരീഫ് മുഹമ്മദ് തിരിച്ചെത്തിയത് ടീമിന് കരുത്താകും.

ഗോകുലം വനിതകൾക്ക് ജയം 

ഭുവനേശ്വർ ∙ വനിതാ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള കുതിപ്പു തുടരുന്നു. ഇന്നലെ ഇന്ത്യൻ ആരോസിനെ 2–1നു തോൽപിച്ച ഗോകുലം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. കളിയുടെ 6–ാം മിനിറ്റിൽ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് ഗോകുലത്തിന്റെ ജയം. ഘാന താരം എൽഷദായ് ആണ് ഗോകുലത്തിന്റെ 2 ഗോളുകളും (36,47 മിനിറ്റുകൾ) നേടിയത്. പ്രിയങ്ക ദേവി ആരോസിനായി സ്കോർ ചെയ്തു.

English Summary: I League football; Gokulam Kerala FC vs Sreenidi Deccan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com