ADVERTISEMENT

മാഞ്ചസ്റ്റർ സിറ്റിയുടെ ജർമൻ മിഡ്ഫീൽഡർ ഇൽകായ് ഗുണ്ടോവനു ക്ലബ് പരിശീലകൻ പെപ് ഗ്വാർഡിയോള കഴിഞ്ഞയാഴ്ച കുറച്ചു ദിവസം അവധി നൽകി – വിവാഹം കഴിക്കാൻ! ഡെൻമാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിൽ പങ്കാളി 

സാറ അർ‌ഫോയിയുമായുള്ള ചെറിയ വിവാഹച്ചടങ്ങിനു ശേഷം ഗുണ്ടോവൻ പറഞ്ഞത് ഇതാണ്: കൂട്ടുകാരെയെല്ലാം ഒന്നു സൽക്കരിക്കണം. സീസൺ കഴിയട്ടെ. പക്ഷേ സീസൺ കഴിയാൻ ഗുണ്ടോവനു കാത്തിരിക്കേണ്ടി വന്നില്ല; സീസണിലെ അവസാന മത്സരത്തിൽ ആസ്റ്റൻ വില്ലയ്ക്കെതിരെ ഇരട്ടഗോൾ നേടി ഗുണ്ടോവൻ ടീമിനെ വിജയത്തിലെത്തിച്ചു. സഹതാരങ്ങളും ആരാധകരും ഒരിക്കലും മറക്കാത്ത ഒരു സൽക്കാരം! 

കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായ ഗുണ്ടോവനെ ആസ്റ്റൻ വില്ലയ്ക്കെതിരെ 68–ാം മിനിറ്റിലാണ് ഗ്വാർഡിയോള ഇറക്കിയത്. കിട്ടിയ സമയം കൊണ്ട് ഗുണ്ടോവൻ 2 ഗോളടിച്ചു. താരനിബിഡമായ ഈ സിറ്റി ടീമിൽ 25 മിനിറ്റ് കളിക്കാൻ കിട്ടുന്നതു തന്നെ വലിയ കാര്യമാണെന്ന് ഗുണ്ടോവനു മാത്രമല്ല, ടീമിലെ എല്ലാ കളിക്കാർക്കുമറിയാം. കളിയുടെ എണ്ണത്തിൽ അല്ല ഗുണത്തിൽ ആണു കാര്യം എന്ന് പെപ് ഗ്വാർഡിയോള അവരെ പഠിപ്പിച്ചതാണ്. ഈ സീസണിൽ സിറ്റിക്കു കിട്ടിയതും ഇതേ ‘ക്വാളിറ്റി ഫുട്ബോളിനുള്ള’ സമ്മാനമാണ്. 

man-city-1

ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ പ്രൊജക്ടുകളിലൊന്നായ സിറ്റി ഗ്രൂപ്പിന്റെ അതേ മന്ത്രം തന്നെയാണ് പെപ് ഗ്വാർഡിയോള സിറ്റി ടീമിലും നടപ്പാക്കിയത്. കൃത്യമായ ആസൂത്രണത്തോടെ പൂർത്തീകരിച്ച ഒരു പ്രൊജക്ട് ആയിരുന്നു അവർക്കീ കിരീടം. എല്ലാവർക്കും കൃത്യമായ റോളുകൾ നിർണയിച്ചു നൽകി ഒത്തൊരുമയോടെയുള്ള മുന്നേറ്റം. പൂർണതയ്ക്കപ്പുറം പോയ പ്രകടനം എന്ന് പെപ് തന്നെ വിശേഷിപ്പിച്ച കെവിൻ ഡിബ്രൂയ്നെ കഴിഞ്ഞാൽ സിറ്റിയുടെ ഈ സീസണിലെ 3 പ്രധാന താരങ്ങൾ ഡിഫൻസീവ് മിഡ്ഫീൽഡർ റോഡ്രി, സെന്റർ ബായ്ക്ക് അയ്മെറിക് ലപോർട്ടെ, ജോവ കാൻസലോ എന്നിവരായിരുന്നു. മൂവരും കഴി‍ഞ്ഞ ചാംപ്യൻസ് ലീഗ് ഫൈനലിൽ കളിക്കാത്തവരാണ്. എന്നിട്ടും പെപ് ഇത്തവണ അവരെ ടീമിലെ പ്രധാന കണ്ണികളാക്കി മാറ്റിയെടുത്തതിൽ വലിയൊരു മാനേജ്മെന്റ് പാഠം കൂടിയുണ്ട്. 

സീസണിന്റെ തുടക്കത്തിൽ പെപ്പിനെയും ആരാധകരെയും അലട്ടിയ കാര്യമാണ് ടീമിൽ ഒരു സൂപ്പർ സ്ട്രൈക്കറില്ല എന്നത്. ബാർസിലോനയിലേക്കു പോയ സെർജിയോ അഗ്യൂറോയ്ക്കു പകരം ടോട്ടനം താരം ഹാരി കെയ്നെയാണ് സിറ്റി ആദ്യം നോട്ടമിട്ടത്. അതു നടന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കിട്ടുമായിരിന്നിട്ടും പെപ് വലിയ താൽപര്യം കാണിച്ചതുമില്ല. മുൻ ക്ലബ് ബയൺ മ്യൂണിക്കിൽ റോബർട്ട് ലെവൻഡോവ്സ്കിയെ പോലൊരു ലോകോത്തര സ്ട്രൈക്കറെ വളർത്തിയെടുത്ത പെപ് ഒടുവിൽ ആ പരീക്ഷണത്തിനു തയാറായി– ഒരു പ്രധാന സ്ട്രൈക്കറില്ലാതെ കളിക്കുക! ബ്രസീലിയൻ സ്ട്രൈക്കർ ഗബ്രിയേൽ ജിസ്യൂസ് ടീമിലുണ്ടായിട്ടും പലപ്പോഴും കളിച്ചത് വിങ്ങറായിട്ടാണ്. പരീക്ഷണം വിജയിച്ചു എന്നതിനു കണക്കുകൾ സാക്ഷ്യം. 99 ഗോളുകളുമായി സീസണിലെ സ്കോറിങ് പട്ടികയിലും ഒന്നാമതെത്തി സിറ്റി. 17 കളിക്കാർ ചേർന്നാണ് 99 ഗോളുകൾ നേടിയത്. 15 ഗോളുകളുമായി മിഡ്ഫീൽഡർ ഡിബ്രൂയ്നെയാണ് ഒന്നാമത്. ഒറ്റക്കുഴൽ തോക്കിനു പകരം ‘മൾട്ടി ബാരൽ ഗൺ’ ആയി സിറ്റി. അടുത്ത സീസണിൽ എർലിങ് ഹാലൻഡ് ടീമിലെത്തുമ്പോൾ ഇതെങ്ങനെ മാറുമെന്നതു കൗതുകത്തോടെ കാത്തിരിക്കേണ്ട കാര്യം. 

മിക്ക മത്സരങ്ങളിലും സിറ്റിയുടെ വിജയസമവാക്യം സമാനമായിരുന്നു. ആദ്യ 15 മിനിറ്റിൽ ഒന്നോ രണ്ടോ ഗോളുകൾ നേടുക. ശേഷിച്ച സമയം എതിരാളികളെ മൈതാനത്തു നിന്നു തന്നെ അപ്രസക്തമാക്കുക. അടഞ്ഞ പ്രതിരോധത്തിനു നിന്നല്ല, മനോഹരമായ പാസിങ് ഗെയിം കളിച്ചു തന്നെയായിരുന്നു അത്. എങ്കിലും അനായാസമായ വിജയങ്ങൾ കണ്ട് ചിലരെങ്കിലും പറഞ്ഞു– സിറ്റിയുടെ കളി ബോറാണ്. വിമർശനങ്ങളിൽ സഹികെട്ട് ഒടുവിൽ പെപ് അസാധാരണമാം വിധം പൊട്ടിത്തെറിച്ചു– ഇംഗ്ലണ്ടിൽ എല്ലാവർക്കും ലിവർപൂളിനോട് ഇഷ്ടക്കൂടുതലാണ്! 

എങ്കിലും സിറ്റിക്ക് സീറ്റിൽ നിന്ന് എഴുന്നേൽക്കേണ്ടി വന്നു; ഒരു വേള ഒന്നാം സ്ഥാനത്ത് സിറ്റിയ്ക്കുണ്ടായിരുന്ന 14 പോയിന്റ് ലീഡ് ലിവർപൂൾ ഒരു പോയിന്റാക്കി കുറച്ചപ്പോൾ. ചാംപ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മഡ്രിഡിനോട് അവസാന നിമിഷം തോറ്റ പോലെ, സിറ്റി പടിക്കൽ കലമുടയ്ക്കുമോ എന്ന് കടുത്ത ആരാധകർ പോലും ആശങ്കപ്പെട്ട നിമിഷം. നിർണായക മത്സരത്തിൽ ആസ്റ്റൻ വില്ലയ്ക്കെതിരെ ആദ്യ പകുതിയിൽ 0–2നു പിന്നിലായതോടെ സൈഡ്‌ലൈനിൽ പെപ്പിന്റെ മുഖവും വലിഞ്ഞു മുറുകി. പക്ഷേ, മറ്റേതൊരു കിരീടം നഷ്ടപ്പെടുത്തിയാലും സിറ്റിക്കു പ്രിമിയർ ലീഗ് കൈവിടാൻ വയ്യായിരുന്നു. 

ഒടുവിൽ തങ്ങളുടെ ‘സിറ്റി സ്വഭാവം’ മാറ്റി വച്ച് അവർ ലിവർപൂളിന്റേതു പോലുള്ള വീര്യം കാണിച്ചു. 5 മിനിറ്റ്, 3 ഗോൾ; രോമാഞ്ചം നിറച്ച വിജയം. വിജയനിമിഷത്തിനു പിന്നാലെ ഇരച്ചുകയറി എത്തിഹാദ് സ്റ്റേഡിയത്തിലെ ഗോൾ പോസ്റ്റ് തകർത്ത ആരാധകരെ കുറ്റം പറയാനൊക്കുമോ! ഗ്വാർഡിയോള നേരത്തേ പറഞ്ഞ പരിഭവം ഇനി മാറുമായിരിക്കും. നല്ല ഫുട്ബോൾ ഇഷ്ടപ്പെടുന്നവർ ഈ ടീമിനെ സ്നേഹിക്കാതിരിക്കുന്നതെങ്ങിനെ? 

മിലാൻ താരം ഇബ്രാഹി മോവിച്ച് ട്രോഫിയുമായി (വലത്)
മിലാൻ താരം ഇബ്രാഹി മോവിച്ച് ട്രോഫിയുമായി (വലത്)

English Summary: Champions again: How Manchester City eclipsed neighbours United to become Premier League’s dominant force

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com