ദോഹ ∙ പ്ലേഓഫ് മത്സരത്തിൽ ന്യൂസീലൻഡിനെ 1–0നു തോൽപിച്ച് കോസ്റ്ററിക്ക ലോകകപ്പ് ഫുട്ബോളിനു യോഗ്യത നേടി. 3–ാം മിനിറ്റിൽ ജോയൽ കാംപൽ നേടിയ ഗോളാണ് ഓഷ്യാനിയ–കോൺകകാഫ് പ്ലേഓഫ് മത്സരത്തിന്റെ വിധി കുറിച്ചത്. തുടരെ മൂന്നാം ലോകകപ്പിനാണ് കോസ്റ്ററിക്ക യോഗ്യത നേടിയത്.
2014 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് അവരുടെ മികച്ച പ്രകടനം. കഴിഞ്ഞ തവണ പെറുവിനോടു പ്ലേഓഫിൽ തോറ്റ ന്യൂസീലൻഡിന് കടുത്ത നിരാശയായി ഈ തോൽവിയും.
ഖത്തർ ലോകകപ്പിൽ സ്പെയിൻ, ജർമനി, ജപ്പാൻ എന്നിവർക്കൊപ്പം ഇ ഗ്രൂപ്പിലാണ് കോസ്റ്ററിക്ക കളിക്കുക. കോസ്റ്ററിക്ക കൂടി യോഗ്യത നേടിയതോടെ ലോകകപ്പിലെ 32 ടീമുകളും ആയി. ചൊവ്വാഴ്ച പെറുവിനെ ഷൂട്ടൗട്ടിൽ 5–4നു മറികടന്ന് ഓസ്ട്രേലിയ യോഗ്യത നേടിയിരുന്നു.
English Summary: Costa Rica to FIFA world cup