ഹംഗറിക്ക് ജയം; 1928നു ശേഷം നാട്ടിലെ ഏറ്റവും കനത്ത തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്

uefa-nations-league-hungary
ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഹംഗറി താരങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്യുന്നു (യുവേഫ നേഷൻസ് ലീഗ് ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ലണ്ടൻ∙ യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ടിനെ നാണംകെടുത്തി ഹംഗറിയുടെ തേരോട്ടം. 1928നുശേഷം നാട്ടിലെ ഏറ്റവും കനത്ത തോൽവിയെന്ന നാണക്കേടുമായി ഇംഗ്ലണ്ട് തോറ്റത് എതിരില്ലാത്ത നാലു ഗോളുകൾക്ക്. 2014നു ശേഷം ആദ്യമായി വിജയമില്ലാതെ തുടർച്ചയായി നാലു മത്സരങ്ങളെന്ന നാണക്കേടും ഹാരി കെയ്നിന്റെയും സംഘത്തിന്റെയും തലയിലായി. റോളണ്ട് സല്ലായിയുടെ ഇരട്ടഗോളും (16, 70), സോൾട്ട് നാഗി (80), ഡാനിയൽ ഗാസ്ഡാഗ് (89) എന്നിവരുടെ ഗോളുകളുമാണ് ഇംഗ്ലണ്ടിനെതിരെ ഹംഗറിക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.

ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ ഹംഗറിയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. ഇതിനു മുൻപ് 1953ൽ വെംബ്ലിയിൽ മൂന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഹംഗറിയുടെ വിജയം. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമനി രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ഇറ്റലിയെ തോൽപ്പിച്ചു. ജർമനിക്കായി തിമോ വെർണർ ഇരട്ടഗോൾ നേടി. 68, 69 മിനിറ്റുകളിലായിരുന്നു വെർണറിന്റെ ഗോളുകൾ. ജോഷ്വ കിമ്മിച്ച് (10), ഗുണ്ടോഗൻ (45+4), തോമസ് മുള്ളർ (51) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഇറ്റലിക്കായി വിൽഫ്രൈഡ് ഗോണ്ടോ (78) അലസ്സാന്ദ്രോ ബാസ്റ്റോണി (90+4) എന്നിവർ ഗോൾ നേടി.

വിജയത്തോടെ ഗ്രൂപ്പ് സിയിൽ നാലു കളികളിൽനിന്ന് ഏഴു പോയിന്റുമായി ഹംഗറി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇറ്റലിക്കെതിരെ വിജയം കണ്ടെത്തിയ ജർമനി ആറു പോയിന്റുമായി രണ്ടാമതുണ്ട്. ഇറ്റലി (5 പോയിന്റ്), ഇംഗ്ലണ്ട് (രണ്ട് പോയിന്റ്) എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ.

ഗ്രൂപ്പ് ഡിയിലെ ആവേശകരമായ മത്സരത്തിൽ ഹോളണ്ട് വെയ്‍ൽസിനെ തോൽപ്പിച്ചു. ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സമനില ഗോൾ നേടിയ വെയ്ൽസിനെ, തൊട്ടടുത്ത മിനിറ്റിൽ ഗോൾ നേടിയാണ് ഹോളണ്ട് വീഴ്ത്തിയത്. ഹോളണ്ടിനായി നോവ ലാങ് (17), കോഡി ഗാക്പോ (23), മെംഫിസ് ഡിപായ് (90+3) എന്നിവർ ഗോൾ നേടി. ബ്രണ്ണൻ ജോൺസൻ (26), ഗാരത് ബെയ്‍ൽ (90+2, പെനൽറ്റി) എന്നിവർ വെയ്ൽസിനായും ഗോൾ നേടി.

ഇതേ ഗ്രൂപ്പിൽ ബെൽജിയം എതിരില്ലാത്ത ഒരു ഗോളിന് പോളണ്ടിനെ തോൽപ്പിച്ചു. നാലു മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ഹോളണ്ടാണ് ഒന്നാം സ്ഥാനത്ത്. ഏഴു പോയിന്റുമായി ബെൽജിയം രണ്ടാമതും നാലു പോയിന്റുള്ള പോളണ്ട് മൂന്നാമതുമാണ്. വെയ്ൽസ് ഒരു പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുന്നു.

മറ്റു മത്സരങ്ങളിൽ തുർക്കി ലിത്വാനിയയെയും (2–0), മോണ്ടെനെഗ്രോ റുമാനിയയെയും (3–0) തോൽപ്പിച്ചു. യുക്രെയ്ൻ – അയർലൻഡ് (1–1), ലക്സംബർഗ് – ഫറോ ഐലൻഡ്സ് (2–2) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

English Summary: Hungary condemn England to the worst home defeat since 1928

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA