ഏക്കറു കണക്കിന് പരന്നു കിടക്കുന്ന കെട്ടിടക്കൂട്ടത്തിനു പെയിന്റടിക്കുന്ന പോലെയാണ് ലോകകപ്പ് ഫുട്ബോൾ യോഗ്യത എന്നത്. ഒരു വട്ടം പെയിന്റിങ് തീരുമ്പോഴേക്കും അടുത്തത് തുടങ്ങാറായതു പോലെ ഒരു ലോകകപ്പ് കഴിയുമ്പോഴേക്കും അടുത്ത ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾ തുടങ്ങും. 2019 ജൂൺ 6ന് മംഗോളിയ–ബ്രൂണൈ മത്സരത്തോടെ തുടങ്ങിയ യോഗ്യതാ റൗണ്ടിൽ ഖത്തർ ലോകകപ്പിനുള്ള 32 ടീമുകളേയും തീരുമാനമായത് ഇന്നലെ. ഓഷ്യാനിയ–കോൺകകാഫ് പ്ലേഓഫ് മത്സരത്തിൽ ന്യൂസീലൻഡിനെ 1–0നു തോൽപിച്ച കോസ്റ്ററിക്കയാണ് ലോകകപ്പിന് യോഗ്യത നേടിയ അവസാന ടീം. പൊലീസ് ഇടപെടൽ മൂലം മാറ്റിവച്ച ബ്രസീൽ–അർജന്റീന മത്സരം നടക്കാനുള്ളതിനാൽ സാങ്കേതികമായി യോഗ്യതാ റൗണ്ട് ഇപ്പോഴും തീർന്നിട്ടില്ല. സെപ്റ്റംബർ 22നാണ് ആ മത്സരം. ലോകകപ്പിലേക്ക് ഓരോ ടീമും യോഗ്യത നേടിയ വേറിട്ട വഴികൾ ഇങ്ങനെ....
22
ഇതുവരെയുള്ള എല്ലാ ലോകകപ്പിനും യോഗ്യത നേടിയ ഒരേയൊരു ടീം ബ്രസീലാണ്. 22–ാം ലോകകപ്പിനാണ് ബ്രസീൽ യോഗ്യത നേടിയത്. ജർമനി (20), അർജന്റീന (18) എന്നിവരാണ് പിന്നിൽ.
36
ലോകകപ്പിന് യോഗ്യത നേടിയ ടീമുകളിൽ ഏറ്റവും മികച്ച ഗോൾ ശരാശരിയുള്ളത് ഇംഗ്ലണ്ടിനാണ്. യോഗ്യതാ റൗണ്ടിൽ 39 ഗോളുകൾ അടിച്ച ഇംഗ്ലിഷ് ടീം വഴങ്ങിയത് 3 ഗോൾ മാത്രം. ഗോൾ വ്യത്യാസം +36.
64
ഏറ്റവും നീണ്ട കാലയളവിനു ശേഷം ലോകകപ്പിനു യോഗ്യത നേടിയത് വെയ്ൽസാണ്. 64 വർഷത്തിനു ശേഷം. 1958ലാണ് അവർ ഇതിനു മുൻപ് ലോകകപ്പ് കളിച്ചത്.
60
ലോകകപ്പിനു യോഗ്യത നേടിയ രാജ്യങ്ങളിൽ നിലവിൽ ഫിഫ റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ളത് ഘാനയാണ്. 60–ാം സ്ഥാനം.
76
എല്ലാ യോഗ്യതാ റൗണ്ട് മത്സരങ്ങളിലുമായി ഏറ്റവും ബോൾ പൊസഷൻ നിലനിർത്തിയ ടീം സ്പെയിനാണ്. എല്ലാ കളികളിലുമായി 76 ശതമാനം സമയവും അവരുടെ കാലിലായിരുന്നു പന്ത്.
01
ആദ്യമായി ലോകകപ്പ് കളിക്കുന്ന രാജ്യം ഖത്തർ മാത്രം. ആതിഥേയരെന്ന നിലയിലാണ് അവർ യോഗ്യത നേടിയത്.
09
യോഗ്യതാ റൗണ്ടിൽ സമ്പൂർണ ജയത്തോടെ ഒരു രാജ്യവും ഈ ലോകകപ്പിന് യോഗ്യത നേടിയില്ല. ഡെൻമാർക്കും ജർമനിയും യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ പത്തിൽ 9 കളികളും ജയിച്ചു.
06
ഏഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ടീമുകൾ യോഗ്യത നേടിയ ലോകകപ്പാണിത്–6. ആതിഥേയരെന്ന നിലയിൽ ഖത്തറും പ്ലേഓഫ് ജയിച്ച് ഏഷ്യൻ കോൺഫെഡറേഷൻ പ്രതിനിധികളായ ഓസ്ട്രേലിയയും യോഗ്യത നേടിയതോടെയാണിത്.

ലോകകപ്പ് ഫുട്ബോൾ 2022 നവംബർ 21– ഡിസംബർ 18
ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പുകൾ
എ: ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ്സ്
ബി: ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ, വെയ്ൽസ്
സി: അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്
ഡി: ഫ്രാൻസ്, ഓസ്ട്രേലിയ, ഡെൻമാർക്ക്, തുനീസിയ
ഇ: സ്പെയിൻ, കോസ്റ്ററിക്ക, ജർമനി, ജപ്പാൻ
എഫ്: ബൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ
എച്ച്: പോർച്ചുഗൽ, ഘാന, യുറഗ്വായ്, ദക്ഷിണ കൊറിയ
865
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആകെ മത്സരങ്ങൾ. ഇനി നടക്കാനുള്ള ബ്രസീൽ–അർജന്റീന മത്സരം കൂട്ടാതെയാണിത്. ആകെ 206 രാജ്യങ്ങളാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്.
2424
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആകെ സ്കോർ ചെയ്ത ഗോളുകൾ. 2018 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇത് 2454 ആയിരുന്നു.
8,912,978
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളിലുമായി കാണികളുടെ എണ്ണം 90 ലക്ഷത്തോളം. 2018 ലോകകപ്പിൽ ഇത് 1.8 കോടിയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലാണ് ഇത്തവണ കാണികളുടെ എണ്ണം കുറഞ്ഞത്.

14
യുഎഇ താരം അലി മബ്ഖൂതാണ് എല്ലാ കോൺഫെഡറേഷനുകളിലെയും യോഗ്യതാ റൗണ്ട് എടുത്താൽ ടോപ് സ്കോറർ– 14 ഗോളുകൾ. എന്നാൽ യുഎഇ ലോകകപ്പിനു യോഗ്യത നേടിയില്ല.
ലോകകപ്പ് പോസ്റ്റർ തയാർ
ദോഹ ∙ അറബ് പൈതൃകവും ഖത്തറിന്റെ ഫുട്‌ബോൾ സംസ്‌കാരവും ചിത്രീകരിച്ചുള്ള ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി. ഖത്തർ ചിത്രകാരിയായ ബുഥയ്‌ന അൽ മുഫ്തയാണ് പോസ്റ്ററുകൾ ഡിസൈൻ ചെയ്തത്. പരമ്പരാഗത ശിരോവസ്ത്രം വായുവിലേയ്ക്ക് ഉയർത്തുന്നതാണ് പ്രധാന പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു പോസ്റ്റർ പ്രകാശനം.
English Summary: How to qualify FIFA world cup