അങ്കവും കാണാം താളിയുമൊടിക്കാം’ എന്ന മനസ്സോടെ ഖത്തറിലേക്കു പോകുന്ന ആരാധകർക്കൊരു സന്തോഷ വാർത്ത– വേണമെങ്കിൽ ലോകകപ്പും കാണാം, കപ്പലിലും പാർക്കാം! ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്ന കാണികളെ കാത്ത് രണ്ട് ആഡംബരക്കപ്പലുകളാണ് ദോഹ തീരത്ത് നങ്കൂരമിട്ടു കിടക്കുന്നത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള എംഎസ്‌സി ക്രൂസിന്റെ പോയ്ഷ്യ, വേൾഡ് യൂറോപ്പ എന്നീ കപ്പലുകളാണിവ.
പോയ്ഷ്യ ഫോർ സ്റ്റാർ സൗകര്യമുള്ള കപ്പലാണ്. യൂറോപ്പ ഫൈവ് സ്റ്റാർ. രണ്ടു കപ്പലുകളിലുമായി ആകെ നാലായിരത്തോളം ക്യാബിനുകൾ. നേരത്തേ ബുക്ക് ചെയ്യുന്ന പതിനായിരത്തോളം പേർക്കു കപ്പലിൽ രാപാർക്കാം!

ഒഴുകി നടക്കുന്ന ഹോട്ടലുകൾ എന്നറിയപ്പെടുന്ന ഈ രണ്ടു കപ്പലുകളിലുമായി ഇരുപതോളം ഭക്ഷണശാലകൾ. അൻപതോളം ബാറുകൾ, ടെന്നിസ്–ബാസ്കറ്റ് ബോൾ കോർട്ടുകൾ, സ്പാ തുടങ്ങിയവയെല്ലാമുണ്ട്. യൂറോപ്പയിൽ 6 നീന്തൽക്കുളങ്ങളും പോയ്ഷ്യയിൽ 3 നീന്തൽക്കുളങ്ങളുമുണ്ട്.
ലോകകപ്പ് മത്സരത്തിന്റെ ടിക്കറ്റില്ലെങ്കിലും സാരമില്ല, സ്വിമ്മിങ് പൂളിന്റെ കരയ്ക്കിരുന്നു ബിഗ് സ്ക്രീനിൽ കളി കാണുകയുമാവാം. വിൻഡോ സീറ്റ്, വാട്ടർ ഫ്രണ്ട് റൂം എന്നൊക്കെ പറയും പോലെ വിവിധ തരത്തിലുള്ള റൂമുകളുമുണ്ട്. പോയ്ഷ്യയിൽ ഏറ്റവും കുറഞ്ഞ ദിവസ വാടക പതിനയ്യായിരത്തോളം രൂപയാണ്. യൂറോപ്പയിൽ കുറഞ്ഞത് മുപ്പതിനായിരത്തോളം രൂപ. മാച്ച് ടിക്കറ്റ് ആപ്ലിക്കേഷൻ നമ്പർ കൊടുത്ത് qatar2022.qa എന്ന വെബ്സൈറ്റ് വഴി ഇതു ബുക്ക് ചെയ്യാനാകും.
ലോകകപ്പിനെത്തുന്ന ആരാധകരിൽ ചിലരെങ്കിലും ഫുൾടൈം വെള്ളത്തിലായിരുന്നു, കരയ്ക്കിറങ്ങാൻ സമയം കിട്ടിയില്ല എന്നെല്ലാം പറഞ്ഞാൽ ഇനി തെറ്റിദ്ധരിക്കരുത്!
English Summary: Qatar arranges cruise for accommodation