ഫ്ലോറന്റീൻ പോഗ്ബയെ സ്വന്തമാക്കി എടികെ മോഹൻ ബഗാൻ, പോൾ പോഗ്ബയെന്നു തെറ്റിദ്ധരിച്ച് ആരാധകർ
കൊൽക്കത്ത ∙ വെള്ളിയാഴ്ച രാത്രി ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് കണ്ട് ബഗാൻ ആരാധകരും ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകരും ഒരു പോലെ ഞെട്ടി; പോഗ്ബ മോഹൻ ബഗാനുമായി കരാർ ഒപ്പിട്ടു എന്നതായിരുന്നു അത്! ലോക ഫുട്ബോളിൽ മിന്നി നിൽക്കുന്ന പോൾ പോഗ്ബ ഇന്ത്യയിലേക്കോ എന്ന അവിശ്വസനീയതയോടെ ആശംസാ കമന്റിട്ടവരിൽ പലർക്കും ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. താരത്തിന്റെ ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനിൽ അതാ ഒരു ‘എഫ്’. എഫ് എന്നാൽ ഫ്ലോറന്റീൻ. യുണൈറ്റഡ് താരം പോൾ പോഗ്ബയുടെ ചേട്ടനാണ് കക്ഷി. ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബ് സോഷോയിൽ നിന്നാണ് മുപ്പത്തിയൊന്നുകാരൻ ഫ്ലോറന്റീൻ ബഗാനിലെത്തുന്നത്.
സൂപ്പർ താരമായ അനിയൻ മിഡ്ഫീൽഡറാണെങ്കിൽ ഈ ചേട്ടൻ സെന്റർ ബാക്ക് ആണ്. പോൾ രാജ്യാന്തര തലത്തിൽ കളിക്കുന്നത് ഫ്രാൻസ് ദേശീയ ടീമിലാണെങ്കിൽ ഫ്ലോറന്റീൻ ഗിനി ദേശീയ ടീം താരമാണ്. ഇവർ രണ്ടു പേരുമല്ലാതെ മറ്റൊരു ഫുട്ബോളർ കൂടിയുണ്ട് കുടുംബത്തിൽ. ഫ്ലോറന്റീന്റെ ഇരട്ട സഹോദരനായ മാത്തിയാസ് പോഗ്ബ. ഫ്രഞ്ച് നാലാം ഡിവിഷൻ ക്ലബ്ബായ ബെൽഫോർട്ടിന്റെ താരമാണ് മാത്തിയാസ്. ചെറിയൊരു ഇച്ഛാഭംഗം വന്ന ബഗാൻ ആരാധകർക്ക് ആശ്വാസമായി വൈകാതെ സാക്ഷാൽ പോൾ പോഗ്ബയുടെ സന്ദേശമെത്തി. ചേട്ടന് ആശംസകൾ നേർന്നു കൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ ബഗാൻ ക്ലബ്ബിനെയും ടാഗ് ചെയ്തിട്ടുണ്ടായിരുന്നു.
English Summary: ATK Mohun Bagan sign Florentin Pogba