ADVERTISEMENT

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലെ പോരാളി അൽവാരോ വാസ്കെസ് ഇനി എഫ്സി ഗോവയ്ക്കൊപ്പം. ഗോവൻ ക്ലബ്ബുമായി കരാർ ഒപ്പിട്ട ശേഷം വാസ്കെസ് സംസാരിക്കുന്നു.. 

കേരള ബ്ലാസ്റ്റേഴ്സ് എന്ന കുടുംബത്തെ വീണ്ടും കാണുന്നതിൽ സന്തോഷമേയുള്ളൂവെന്ന് എഫ്സി ഗോവയിലേക്കു കൂടുമാറിയ സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്കെസ്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനെ നേരിടാൻ കൊച്ചിയിലേക്കു വരുമ്പോൾ പഴയ സഹതാരങ്ങളെ കാണും.  ബ്ലാസ്റ്റേഴ്സ് ഒരു കുടുംബമാണ്. വീണ്ടും കാണുന്നതു സന്തോഷമുള്ള കാര്യമാണ്. എഫ്സി ഗോവയുമായി കരാർ ഒപ്പിട്ട ശേഷം അൽവാരോ വാസ്കെസ് ‘മനോരമ’യോടു സംസാരിക്കുന്നു... 

കഴിഞ്ഞ സീസണിലെ മറക്കാനാവാത്ത  മത്സരം?  

മുംബൈ സിറ്റിക്കെതിരായ 2 മത്സരങ്ങളാണ് എന്റെ പ്രകടനത്തിൽ ഏറ്റവും മികച്ചത്. പ്രത്യേകിച്ച് ആദ്യമാച്ച്. ആ കളി  ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രയാണത്തിന്റെ ദിശമാറ്റിവിട്ടു.

ഇന്ത്യയിലേക്കു വരും മുൻപ് തയാറെടുപ്പുകൾ എന്തൊക്കെയായിരുന്നു?

വർക്ക് അറ്റ് ഹോം തയാറെടുപ്പുകളായിരുന്നു. കോവിഡ് കാലമായിരുന്നല്ലോ. എനിക്കു സ്വന്തം ട്രെയിനറുണ്ട്. വർക്കൗട്ട് ചെയ്തിരുന്നു. അടുത്ത സീസൺ മുന്നിൽക്കണ്ടു വർക്കൗട്ട് തുടരുകയാണിപ്പോൾ. അന്ന് ഇന്ത്യയെക്കുറിച്ച് അറിയാവുന്ന സ്പെയിൻകാരോടെല്ലാം സംസാരിച്ചു. കേരളത്തിൽ കളിച്ചിട്ടുള്ളവരോടു വിശദമായി ചർച്ച ചെയ്തു. പുറപ്പെടുമ്പോൾ ഞാൻ വളരെ കംഫർട്ടബിൾ ആയിരുന്നു..

ബ്ലാസ്റ്റേഴ്സ് ക്യാംപിൽ കോവിഡ് പടർന്നപ്പോൾ...?

ശാരീരികമായി അതു ഞങ്ങളെ തകർത്തു. പ്രകടനത്തെ ബാധിച്ചു. ഇനിയുണ്ടാവില്ല  എന്നു കരുതിയ ക്വാറന്റീനിലേക്കു വീണ്ടും പതിച്ചപ്പോൾ അതു മാനസികമായി സഹിക്കാനാവുന്നതായിരുന്നില്ല.

ഫൈനൽ മാത്രമാണു കാണികൾക്കു മുൻപിൽ കളിച്ചത്. അനുഭവം...?

ആവേശകരമായിരുന്നു. ആഹ്ലാദകരവും. ഇന്ത്യയിൽ ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്നവരുണ്ടെന്ന പ്രഖ്യാപനമായിരുന്നു അത്.  

alvaro-blasters

23 മത്സരം ഗോവയുടെ മണ്ണിൽ കളിച്ചു. ഇനി ഗോവയുടെ കുപ്പായത്തിലാണ്. എന്തുകൊണ്ടു ഗോവ?

ഗോവ എന്നെ ഏറെ സ്നേഹിച്ചു. എന്നെ ടീമിലെത്തിക്കാൻ അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി അവർ നന്നായി അധ്വാനിച്ചു. അവർ താത്പര്യം കാണിച്ചപ്പോൾ അതു കലർപ്പില്ലാത്തതാണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞു.

മഞ്ഞപ്പടയോട് എന്തെങ്കിലും പറയാനുണ്ടോ?

മഞ്ഞക്കുപ്പായം അണിയാനായതു ബഹുമതിയായി കാണുന്നു. നിങ്ങളുടെ പിന്തുണ എനിക്കെപ്പോഴും ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ബ്രദേഴ്സ്.., നമ്മൾ വീണ്ടും കാണും, വൈകാതെ...

English Summary: FC Goa really wanted me to be part of their project: Alvaro Vazquez

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com