ADVERTISEMENT

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പെയ്യുന്നു. അർജന്റീനക്കാരൻ ഹോർഹെ പെരേര ഡയസ് വരും സീസണിൽ അർജന്റീനയ്ക്കു പുറത്താവും കളിക്കുകയെന്ന റിപ്പോർട്ടുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനാണു ഹോർഹെ പെരേര ഡയസിനു താൽപര്യമെന്നു നേരത്തേ തന്നെ വാർത്തകളുണ്ടായിരുന്നു.

ജർമനിയിലെ ബുന്ദസ്‌ ലിഗയിൽ ഹെർത ബർലിൻ ടീമിൽ കളിക്കുന്ന മോണ്ടിനെഗ്രോ ദേശീയ ടീം ക്യാപ്റ്റൻകൂടിയായ സ്ട്രൈക്കർ സ്റ്റെവാൻ യോവെറ്റിച് ബ്ലാസ്റ്റേഴ്സിലേക്കെന്ന അഭ്യൂഹം വ്യാജമാണെന്നു സ്ഥിരീകരണം വന്നു. അൽവാരോ വാസ്കെസിന്റെ പകരക്കാരൻ മധ്യയൂറോപ്പിൽനിന്ന് എന്ന രീതിയിലുള്ള പ്രചാരണങ്ങളെ പിന്തുടർന്നു കളിയാരാധകർ ചമച്ച കഥയാണു യോവെറ്റിച്ചിന്റെ വരവ് എന്നാണു കരുതുന്നത്. ആരാധകർ നെയ്തുകൂട്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവയാണു മിക്ക ട്രാൻസ്ഫർ കഥകളും.

മലയാളി താരം കെ. പ്രശാന്ത്, ധനചന്ദ്ര മീത്തേയി, ഗിവ്സൺ സിങ് എന്നിവരിൽ ഒരാൾ ബ്ലാസ്റ്റേഴ്സ് വിടും എന്നതാണു മറ്റൊരു അഭ്യൂഹം. മലയാളി സ്ട്രൈക്കർ വി.പി. സുഹൈർ ബ്ലാസ്റ്റേഴ്സിലേക്ക് എന്ന വർത്തമാനം ഇപ്പോഴും ആരാധകക്കൂട്ടങ്ങളിൽ കറങ്ങിനടപ്പുണ്ട്. സുഹൈറിനുവേണ്ടി ട്രാൻസ്ഫർ ഫീയും രണ്ടു കളിക്കാരെയും നൽകാൻ ബ്ലാസ്റ്റേഴ്സ് തയാറാണ് എന്നാണു കഥ. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രശാന്ത്, മീത്തേയി, ഗിവ്സൺ കഥ വന്നത്. പക്ഷേ, ഇതിലൊരാൾ ടീം വിടും എന്നുതന്നെയാണു സൂചനകൾ.

blasters
ക്രിയേറ്റിവ്:മനോരമ

സ്റ്റോപ്പർ ബാക്ക് എനെസ് സിപോവിച് ബ്ലാസ്റ്റേഴ്സ് വിട്ടു. വെറും കഥയല്ല, സിപോവിച് തന്നെയാണു സമൂഹമാധ്യമങ്ങളിൽ വിടപറയൽ സന്ദേശമിട്ടത്. കുവൈത്തിലെ എസ്‌സി അൽ ജഹ്റയിലേക്കാണു സിപോ പോകുന്നത്.

എടികെ ബഗാൻ വിട്ട ഫിജി താരം റോയ് കൃഷ്ണയ്ക്കു ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്ത പ്രതിഫലം ബോധിച്ചില്ല, അതിനാൽ കരാർ ഒപ്പിടാനില്ല എന്നതാണു മറ്റൊരു വാർത്ത. കൂടുതൽ തുക നൽകാൻ മുംബൈ സിറ്റി എഫ്സി തയാറായേക്കുമെന്നും അല്ലാത്തപക്ഷം റോയ് തിരികെ ഓസ്ട്രേലിയൻ ലീഗിലേക്കു പോകുമെന്നുമാണു കഥകൾ. മൂന്നുകോടിയിൽ താഴെയുള്ള തുകയ്ക്കാണെങ്കിൽ സ്വാഗതം എന്നു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറഞ്ഞു എന്നാണ് അറിയുന്നത്.

യുവ മിഡ്ഫീൽഡർമാരായ റിക്കി ഷബോങ് (19), മഹിസൻ സിങ് തോങ്ബ്രാം (17) എന്നിവരെ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിട്ടുണ്ട് എന്നൊരു മിനിക്കഥയും ട്രാൻസ്ഫർ ലോകത്തുണ്ട്. രാജസ്ഥാൻ യുണൈറ്റഡിൽ തിളങ്ങിയ താരമാണു റിക്കി. എടികെ ബഗാനിൽനിന്നു വായ്പക്കരാറിലാണ് രാജസ്ഥാനിൽ എത്തിയത്. റൗണ്ട് ഗ്ലാസ് പഞ്ചാബിന്റെ കളിക്കാരനാണു മണിപ്പുർ സ്വദേശി തോങ്ബ്രാം.

English Summary: Kerala blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com