ADVERTISEMENT

പ്രാദേശിക മത്സരങ്ങളിലല്ലാതെ പന്ത് കാലു കൊണ്ടു തൊട്ടിട്ടില്ലാത്തവർ. കാഴ്ചയിൽ ഇരട്ടകളെപ്പോലുള്ള ഈ രണ്ടു പേരുടെ കയ്യിലാണ് ഖത്തർ ലോകകപ്പിന്റെ ഭരണം. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുംഫിഫ റഫറീസ് കമ്മിറ്റി ചെയർമാൻ പിയർല്യൂജി കൊളീനയുമാണ് പന്തുകളിക്കാരെ കൈകാര്യം ചെയ്യാനുള്ള ലൈസൻസുമായി ഖത്തറിലുണ്ടാവുക. ഇരുവരും ഇറ്റാലിയൻ വംശജരാണെന്നത് മറ്റൊരു സവിശേഷത. ഇറ്റലി ലോകകപ്പിൽ കളിക്കില്ലെങ്കിലും ഈ ‘ഇറ്റലിക്കാർ’ മറ്റുള്ളവരുടെ കളി നിയന്ത്രിക്കും.

മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർ ‘കലക്കി മറിച്ച’ ഫിഫയെ ശുദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ് സ്വിറ്റ്സർലൻഡിൽ ബ്ലാറ്ററുടെ വീടിന് ആറു മൈൽ മാത്രം അകലെയുള്ള ബ്രിഗിൽ ജനിച്ച ഇൻഫന്റിനോ. ഇറ്റാലിയൻ ദമ്പതികളുടെ മകനായ ഇൻഫന്റിനോയ്ക്ക് സ്വിസ്, ഇറ്റാലിയൻ പൗരത്വമുണ്ട്. ഫിഫയിലെത്തും മുൻപ് യൂറോപ്യൻ ഫുട്ബോൾ ഭരണ സമിതിയായ യുവേഫയുടെ സെക്രട്ടറി ജനറൽ ആയിരുന്നു ഇൻഫന്റിനോ. ശരിക്കും സംഘടനയുടെ എല്ലാമെല്ലാമായ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനിയുടെ സെക്രട്ടറി തന്നെ. പിന്നീട് ബ്ലാറ്ററും പ്ലാറ്റിനിയും ഒരേ സമയത്ത് കേസിൽപ്പെട്ടതിനിടെ ഇൻഫന്റിനോ ഫിഫയുടെ പ്രസിഡന്റായി.

ബ്ലാറ്ററുടെ കാലത്ത് ഖത്തറിന് അനുവദിച്ച ലോകകപ്പിനെതിരെ പല വിമർശനങ്ങളുമുയർന്നപ്പോഴും ഏഷ്യൻ രാജ്യത്തിനു പിന്നിൽ ഉറച്ചു നിൽക്കുകയായിരുന്നു നിയമജ്ഞൻ കൂടിയായ ഇൻഫന്റിനോ. ‘മതിലുകളല്ല, പാലങ്ങൾ പണിയുകയാണ് എന്റെ ലക്ഷ്യം’ എന്നാണ് 2016ൽ പ്രസിഡന്റ് സ്ഥാനമേറ്റയുടൻ ഇൻഫന്റിനോ പറഞ്ഞത്. ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ, ഇംഗ്ലിഷ്, സ്പാനിഷ്, അറബിക് ഭാഷകളിൽ പരിജ്ഞാനമുള്ള ഇൻഫന്റിനോയ്ക്ക് ഏഷ്യയോട് ഇഷ്ടം കൂടാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഭാര്യ ലീന അൽ അഷ്ഖർ ലെബനനൻകാരിയാണ്. ഖത്തർ ലോകകപ്പ് ഫിഫ പ്രസിഡന്റ് പദത്തിൽ ഇൻഫന്റിനോയ്ക്കു വലിയൊരു നാഴികക്കല്ലായിരിക്കും.

സൂപ്പർ താരങ്ങളെ കണ്ണുരുട്ടി പേടിപ്പിച്ചിരുന്ന റഫറി പിയർല്യൂജി കൊളീനയ്ക്കും ഖത്തർ ലോകകപ്പ് നിർണായകമാണ്. സെമി ഓട്ടമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി ഉൾപ്പെടെ ഒട്ടേറെ സാങ്കേതികമാറ്റങ്ങൾ ഈ ലോകകപ്പിൽ നടപ്പാക്കുമ്പോൾ അതിന്റെയെല്ലാം ‘ഫൈനൽ വിസിൽ’ റഫറീസ് കമ്മിറ്റി ചെയർമാനായ കൊളീനയുടെ ചുണ്ടിലാണ്. മത്സരങ്ങൾക്കിടെ കർക്കശക്കാരനായിരുന്നെങ്കിലും കളി കഴിഞ്ഞാൽ സ്നേഹനിധിയായ സഹോദരനെപ്പോലെയായിരുന്നു കൊളീന. 2002 ലോകകപ്പ് ഫൈനലിൽ ബ്രസീലിനോടു തോറ്റശേഷം നിലത്തിരുന്നു വിതുമ്പിയ ജർമൻ ഗോൾകീപ്പർ ഒളിവർ കാനെ ആശ്വസിപ്പിക്കുന്ന ചിത്രമായിരിക്കും ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കൊളീനയുടെ ദൃശ്യങ്ങളിലൊന്ന്.

ഫൈനലിനു മുൻപു കൊളീനയെക്കുറിച്ചു കാൻ പറഞ്ഞിരുന്നതിങ്ങനെ: ‘‘കൊളീന നല്ല റഫറിയാണ്. പക്ഷേ, അദ്ദേഹം ‍എനിക്കു നിർഭാഗ്യമാണ്. മുൻപ് 1999 ചാംപ്യൻസ് ലീഗ് ഫൈനലിൽ അവസാന നിമിഷങ്ങളിലെ രണ്ടു ഗോളുകളിൽ തന്റെ ടീമായ ബയൺ മ്യൂണിക് മാഞ്ചസ്റ്റർ യുണൈറ്റഡിനോടു തോറ്റതു മനസ്സിൽവച്ചായിരുന്നു കാന്റെ പ്രസ്താവന. ലോകകപ്പ് ഫൈനലിലും അത് അച്ചട്ടായി: 0–2 തോൽവി! സാമ്പത്തിക വിദഗ്ധനായ കൊളീന ഇപ്പോൾ യുവേഫയുടെ ഉപദേശകൻ കൂടിയാണ്.

Content Highglights: Fifa World Cup 2022, Pierluigi Collina, Gianni Infantino

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com