18 വർഷത്തിനിടെ ആദ്യമായി ബലോൻ ദ് ഓർ ചുരുക്കപ്പട്ടികയിൽ മെസ്സിയില്ല; റോണോയുണ്ട്!

FBL-JPN-FRA-LIGUE 1-PSG
നെയ്മാറും മെസ്സിയും (ഫയൽ ചിത്രം)
SHARE

ന്യോൺ (ഫ്രാൻസ്) ∙ 18 വർഷത്തിനിടെ ആദ്യമായി അർജന്റീന ഫുട്ബോളർ ലയണ‍ൽ മെസ്സി ഇല്ലാത്ത ചുരുക്കപ്പട്ടികയുമായി ബലോൻ ദ് ഓർ പുരസ്കാരസമിതി. 7 വട്ടം ചാംപ്യനായ മെസ്സി ഇല്ലാത്ത 30 അംഗ പട്ടികയിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെ സഹതാരം ബ്രസീലുകാരൻ നെയ്മാറും ഇല്ല. 2005നു ശേഷം ആദ്യമായാണു മെസ്സിയില്ലാത്ത പട്ടിക പുറത്തുവരുന്നത്.

മെസ്സി, നെയ്മാർ, ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ എന്നിവരിൽ കേന്ദ്രീകൃതമായിരുന്ന താരാധിപത്യത്തിന്റെ കാലം അവസാനിക്കുന്നുവെന്ന സൂചന നൽകുന്നതാണ്, ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ ആദ്യഘട്ട പട്ടികയിൽനിന്നുള്ള മെസ്സിയുടെയും നെയ്മാറിന്റെയും പുറത്താകൽ.

കഴിഞ്ഞ വർഷം പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിയെ പിന്തള്ളിയാണ് ലയണൽ മെസ്സി ഏഴാം തവണയും ബലോൻ ദ് ഓർ പുരസ്കാര ജേതാവായത്. ഇത്തവണ അവസാന മൂന്നു പേരുടെ പട്ടിക വരെ എത്തും മുൻപേ, ആദ്യഘട്ടത്തിൽനിന്നു തന്നെ മുപ്പത്തിയഞ്ചുകാരൻ മെസ്സി പുറത്തായി.

അതേസമയം, 5 വട്ടം ബലോൻ ദ് ഓർ ജേതാവായ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിലുണ്ട്. റോബർട്ട് ലെവൻഡോവസ്കി, കിലിയൻ എംബപെ, കരിം ബെൻസേമ, എർലിങ് ഹാലൻഡ്, മുഹമ്മദ് സലാ, സാദിയോ മാനെ, കെവിൻ ഡി ബ്രുയ്നെ, ഹാരി കെയ്ൻ, സൺ ഹ്യുങ് മിൻ എന്നിവരാണ് 30 അംഗ പട്ടികയിലെ പ്രമുഖ താരങ്ങൾ. ഇംഗ്ലിഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റിയിൽനിന്നും ലിവർപൂളിൽനിന്നും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്നും 6 താരങ്ങൾ വീതം പട്ടികയിൽ ഇടം നേടി.

ഒക്ടോബർ 17ന് ജേതാവിനെ പ്രഖ്യാപിക്കും. ഈ വർഷം മുതൽ ഓഗസ്റ്റ് മുതൽ ജൂലൈ വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നിശ്ചയിക്കുക. ഇതുവരെ കലണ്ടർ വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുരസ്കാര ജേതാവിനെ നിശ്ചയിച്ചിരുന്നത്.

യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ 2021–22 വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരത്തിന്റെ 15 അംഗ ചുരുക്കപ്പട്ടികയിലും ലയണൽ മെസ്സിയും നെയ്മാറുമില്ല. റയൽ മഡ്രിഡ് സ്ട്രൈക്കർ കരിം ബെൻസേമ, ഗോൾകീപ്പർ തിബോ കോർട്ടോ, മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയ്നെ എന്നിവരാണ് പട്ടികയിൽ മുൻനിരയിൽ ഇടം നേടിയവർ. റോബർട്ട് ലെവൻഡോവ്സ്കി, ലൂക്ക മോഡ്രിച്ച്, സാദിയോ മാനെ തുടങ്ങിയവരും പട്ടികയിലുണ്ട്.

പരിശീലകർക്കുള്ള പുരസ്കാരത്തിനായി റയലിന്റെ കാർലോ ആഞ്ചലോട്ടി, മാൻ. സിറ്റിയുടെ പെപ് ഗ്വാർഡിയോള, ലിവർപൂളിന്റെ യുർഗൻ ക്ലോപ്പ് എന്നിവരാണ് രംഗത്തുള്ളത്. വനിതാ പുരസ്കാര ജേതാക്കളുടെ ചുരുക്കപ്പട്ടിക അടുത്തയാഴ്ച പ്രഖ്യാപിക്കും. 25ന് ഇസ്തംബൂളിൽ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വേദിയിൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും.

English Summary: Lionel Messi, Neymar miss cut for Ballon d’Or list of nominees; Karim Benzema, Cristiano Ronaldo nominated

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}