ADVERTISEMENT

കൊച്ചി∙ ബെംഗളൂരു എഫ്‌സി സ്‌ട്രൈക്കർ ബിദ്യാഷാഗർ സിങ്ങുമായി കരാറിലെത്തിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി. 2023 വരെ ബെംഗളൂരു എഫ്‌സിയിൽനിന്ന്‌ വായ്‌പാടിസ്ഥാനത്തിലാണ്‌ ഈ യുവ സ്‌ട്രൈക്കർ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌. ടിഡിം റോഡ്‌ അത്‌ലറ്റിക്‌ യൂണിയൻ എഫ്‌സിയിൽ കളിജീവിതം ആരംഭിച്ച ഈ ഇരുപത്തിനാലുകാരൻ സ്‌ട്രൈക്കർ 2016ൽ ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സിക്കൊപ്പമാണ് പ്രൊഫഷനൽ കരിയറിനു തുടക്കം കുറിച്ചത്. 2016-17 അണ്ടർ 18 ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെ ഫൈനലിൽ എത്തിച്ചതോടെയാണ്‌ താരം ആദ്യമായി ശ്രദ്ധേയനാകുന്നത്‌. ടൂർണമെന്റിൽ ആറ്‌ ഗോളുകൾ നേടിയ താരം 2018ൽ സീനിയർ ടീമിനായും അരേങ്ങേറി. രണ്ട്‌ സീസണിലായി സീനിയർ ടീമിനുവേണ്ടി 12 മത്സരങ്ങളിൽ താരം കളിച്ചു.

 2020ൽ ഐ ലീഗ്‌ ക്ലബ്ബ്‌ ട്രാവുവുമായി ബിദ്യാഷാഗർ കരാർ ഒപ്പിട്ടു. ഈ നീക്കം അദ്ദേഹത്തിന്റെ ഫുട്‌ബോൾ  ജീവിതത്തിലെ വലിയ വഴിത്തിരിവായി. 15 മത്സരങ്ങളിൽ 12 ഗോളുകൾ നേടി. ഇതിൽ രണ്ട്‌ ഹാട്രിക്കും ഉൾപ്പെടും. ആ വർഷം ട്രാവുവിനെ മൂന്നാം സ്‌ഥാനത്തേക്ക്‌ നയിച്ചു. ആക്രമണനിരയിലെ ഈ പ്രകടനങ്ങൾ അദ്ദേഹത്തിന്‌ നിരവധി വ്യക്തിഗത അംഗീകാരങ്ങൾ നേടിക്കൊടുത്തു. ടോപ്‌ സ്‌കോറർ പുരസ്‌കാരം, ഹീറോ ഓഫ്‌ ദി സീസൺ എന്നിവയ്‌ക്കൊപ്പം ഐ ലീഗ്‌ ടീം ഓഫ്‌ ദി സീസണിൽ സ്ഥാനവും നേടിക്കൊടുത്തു.

ഐ ലീഗിലെ മിന്നുന്ന പ്രകടനത്തെതുടർന്ന്‌ അദ്ദേഹം ബെംഗളൂരു എഫ്‌സിയുമായി കരാർ ഒപ്പ്‌ വച്ചു. അവസരം നൽകിയതിന് പരിശീലകനും മാനേജ്‌മെന്റിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നെന്നു ബിദ്യാഷാഗർ സിങ്‌ പറഞ്ഞു. സൗരവ് മണ്ഡലിനും ബ്രൈസ് മിറാൻഡയ്ക്കും ശേഷമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി സമ്മർ സീസണിൽ കരാർ ഒപ്പിടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ്‌ ബിദ്യാഷാഗർ സിങ്‌. വരാനിരിക്കുന്ന ഐ‌എസ്‌എൽ 2022/23 സീസണിനായി ടീം തയ്യാറെടുക്കുമ്പോൾ ബിദ്യാഷാഗർ ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് പുതിയ മാനം നൽകും. 

യുഎഇയിൽ നടക്കുന്ന മൂന്ന് സൗഹൃദ മത്സരങ്ങളിലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് തയാറെടുക്കുമ്പോൾ ദുബായിൽ വച്ച്  ബിദ്യാഷാഗർ  സഹതാരങ്ങളുമായി ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 20ന് യുഎഇ ഫസ്റ്റ് ഡിവിഷൻ ടീമായ അൽ നാസറിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.

English Summary: Bidyashagar Singh joins Kerala Blasters on loan till the end of the season from Bengaluru FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com