ADVERTISEMENT

കോഴിക്കോട്∙ ‘‘ യൂറോപ്പിലെ ഒരു ക്ലബ്ബിൽ ഫുട്ബോൾ പരിശീലിക്കുകയും കളിക്കുകയും ചെയ്യുകയെന്നത് എന്റെ സ്വപ്നമായിരുന്നു. അതാണ് യാഥാർഥ്യമാവുന്നത്’’ എൻ.പി. അക്ബർ സിദ്ദിഖ് എന്ന ഇരുപത്തിരണ്ടുകാരന്റെ വാക്കുകളിൽ തന്റെ സ്വപ്നം കയ്യെത്തിപ്പിടിച്ചതിന്റെ ആവേശമുണ്ട്.

ഡ്രീംഹോപ്സും എഫ്എ സ്പോർട്സ് മാനേജ്മെന്റും ചേർന്നു ദേവഗിരി സെന്റ്ജോസഫ്സ് കോളജ് മൈതാനത്ത് രണ്ടുദിവസമായി നടത്തിവന്ന ഫുട്ബോൾ ട്രയൽസിനൊടുവിലാണ് എൻ.പി.അക്ബർ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. യുകെയിലെ മൊറേകാംപേ എഫ്സിയിൽ പത്താഴ്ചത്തെ പരിശീലനമാണ് സിദ്ദിഖിനു ലഭിക്കുക. പരിശീലനകാലത്തെ പ്രകടനം വിലയിരുത്തിയശേഷമാണ് ക്ലബ്ബിൽ കളിക്കാൻ അവസരം ലഭിക്കുക.

രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ സ്കൗട്ടിങ്ങ് പരിപാടിയാണ് ദേവഗിരി കോളജ് മൈതാനത്ത് നടത്തിയത്. വിവിധ ക്ലബ്ബുകൾക്കുവേണ്ടി കളിക്കുന്ന 23 വയസ്സിൽ താഴെയുള്ള 45 ഫുട്ബോളർമാരാണ് പരിപാടിയിൽ പങ്കെടുത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്ന രാജ്യാന്തരപ്രശസ്തനായ പരിശീലകൻ ഡേവിഡ് ഹോബ്സണും ഡാരൻ ഫിഞ്ചുമടക്കമുള്ള പ്രഗല്ഭരാണ് കളിക്കാരെ തിരഞ്ഞെടുക്കാനായെത്തിയത്. 45 കളിക്കാരിൽനിന്ന് മൂന്നുപേരെ തിരഞ്ഞെടുക്കുകയും അവരിൽ ഏറ്റവും മികച്ചയാളെ കണ്ടെത്തി യുകെയിൽ പത്താഴ്ച നീളുന്ന പരിശീലനത്തിന് അവസരം നൽകുകയുമാണ് ചെയ്യുന്നത്.

മലപ്പുറം ഐക്കരപ്പടി സ്വദേശിയായ 22കാരനാണ് അക്ബർ സിദ്ദിഖ്. 2016–17 സീസണിൽ പ്രോഡിഗി ഫുട്ബോൾ അക്കാദമിയുടെ അണ്ടർ 15 താരമായാണ് കളി തുടങ്ങിയത്. ആ സീസണിലെ ഹീറോ അണ്ടർ 16 ലീഗിലെ പ്രകടനത്തിലൂടെ അണ്ടർ 17 ദേശീയ ടീം ക്യാംപിലെത്തി. 2017 മുതൽ 2020 വരെ ഗോകുലം കേരള എഫ്സിയുടെ ഭാഗമായി. 2017 മുതൽ 2019 വരെ ഹീറോ എലൈറ്റ് ലീഗിൽ അണ്ടർ 18 വിഭാഗത്തിൽ കളിക്കാനിറങ്ങി. തുടർന്ന് ഗോകുലം റിസർവ് ടീമിലെത്തി. അണ്ടർ 19 ദേശീയ സ്കൂൾ ടീം ക്യാംപിലേക്കും കേരള സന്തോഷ് ടീം ക്യാംപിലേക്കും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2020–21 സീസണിൽ ബെംഗളൂരു എംഇജിക്കുവേണ്ടി ബിഡിഎഫ്എ സൂപ്പർ ഡിവിഷനിൽ കളിക്കാനിറങ്ങിയ സിദ്ദിഖ് 9 കളികളിൽനിന്നായി 6 ഗോളുകൾ നേടിയിരുന്നു. കേരള പ്രീമിയർ ലീഗിൽ 2021–22 സീസണിൽ വയനാട് യൂണൈറ്റഡ് എഫ്സിക്കുവേണ്ടി കളിക്കാനിറങ്ങി.

English Summary: Malappuram youth selected for trial at Morocambe FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com