ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിന്റെ സമയോചിത ഇടപെടലിലൂടെ ഫിഫ വിലക്കിൽ നിന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) രക്ഷപ്പെട്ടു. പ്രത്യേക ഭരണസമിതിയുടെ അധികാരങ്ങൾ എടുത്തുകളഞ്ഞ് എഐഎഫ്എഫ് ഭരണം പഴയതു പോലെയാക്കണമെന്നു സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ നിലപാട് എടുത്തതു വഴിയാണു പ്രശ്നപരിഹാരം സാധ്യമായത്. കേന്ദ്ര നിലപാട് അംഗീകരിച്ച സുപ്രീം കോടതി വിലക്കു നീങ്ങുന്നതിനു പര്യാപ്തമായ വിധിയാണു പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസത്തെ വിധിയിൽ സുപ്രീം കോടതി, പ്രത്യേക ഭരണസമിതിയുടെ അധികാരങ്ങൾ മരവിപ്പിച്ചു. എഐഎഫ്എഫ് ആക്ടിങ് ജനറൽ സെക്രട്ടറി സുനന്ദോ ധറിനു ഭരണച്ചുമതല തിരികെ നൽകുകയും ചെയ്തു. ഈ വിവരങ്ങൾ കേന്ദ്ര സർക്കാർ തന്നെ ഫിഫയെ നേരിട്ട് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിലക്കു നീക്കിയത്.

സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതിയിൽനിന്ന് എഐഎഫ്എഫ് നേതൃത്വത്തിന് അധികാരം തിരികെ ലഭിച്ചെന്നു ബോധ്യപ്പെട്ടതിനാലാണ് വിലക്കു നീക്കുന്നതെന്നു ഫിഫയുടെ പത്രക്കുറിപ്പിൽ പറയുന്നു. ഇതോടെ, ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ അണ്ടർ 17 ലോകകപ്പ് നടക്കുമെന്നുറപ്പായി.

ദേശീയ കായിക നയം അനുസരിച്ചു തിരഞ്ഞെടുപ്പു നടത്താനും ഭരണരംഗം ശുചീകരിക്കാനുമായി സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ ഭരണസമിതിയുടെ പ്രവർത്തനത്തെ, മൂന്നാം കക്ഷി ഇടപെടലായി കണ്ടായിരുന്നു കഴിഞ്ഞ 15ന് ഇന്ത്യൻ ഫുട്ബോൾ ഭരണസമിതിയെ രാജ്യാന്തര സമിതിയായ ഫിഫ വിലക്കിയത്. ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി.

വിലക്കു വന്നതോടെ, എഎഫ്സി വനിതാ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഉസ്ബെക്കിസ്ഥാനിലായിരുന്ന ഗോകുലം കേരള ടീമിനു കളിക്കാതെ തിരിച്ചു പോരേണ്ടി വന്നിരുന്നു. പ്രീ സീസൺ മത്സരങ്ങൾക്കായി യുഎഇയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിനും മത്സരങ്ങൾക്കിറങ്ങാൻ സാധിച്ചിരുന്നില്ല. ഇതിനെല്ലാം പുറമേയാണ് ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യ ആതിഥ്യം വഹിക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഭാവിയും തുലാസിലായത്. ഫിഫ വിലക്കു നീക്കിയതോടെ ഇന്ത്യൻ ഫുട്ബോളിന്റെ മേൽ ചൂഴ്ന്നു നിന്ന ആശങ്കയുടെ കാർമേഘമൊഴിഞ്ഞു.

ഇന്ത്യൻ ഫുട്ബോൾ ഭരണത്തിലെ ബാഹ്യ ഇടപെടൽ നീക്കിയെന്നു ബോധ്യപ്പെട്ടാൽ വിലക്കു മാറ്റുമെന്നു ഫിഫ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എഐഎഫ്എഫ് ഭാരവാഹി തിരഞ്ഞെടുപ്പ് സെപ്റ്റംബർ രണ്ടിനു നടക്കും. തിരഞ്ഞെടുപ്പു നടപടികൾ സുഗമമാക്കുന്നതിനു വേണ്ട ഇടപെടലുകളും പിന്തുണയും ഫിഫയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും നൽകുമെന്നും ഫിഫ സെക്രട്ടറി ജനറൽ അയച്ച കത്തിൽ പറയുന്നു.

English Summary: FIFA lifts suspension of Indian football federation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com