ADVERTISEMENT

പ്രിമിയർ ലീഗ് ചരിത്രത്തിൽ ഒരു ടീം 9–0നു ജയിക്കുന്നത് ഇതു 4–ാം തവണ. മാഞ്ചസ്റ്റർ യുണൈറ്റഡ് (സതാംപ്ടനെതിരെ 2021), ലെസ്റ്റർ സിറ്റി (സതാംപ്ടനെതിരെ 2019), മാഞ്ചസ്റ്റർ യുണൈറ്റഡ് (ഇപ്സ്‌വിച്ചിനെതിരെ 1995) എന്നിവയാണ് മറ്റു ജയങ്ങൾ.

ലണ്ടൻ ∙ മൂന്നു മത്സരങ്ങൾ ഉരുണ്ടു നീങ്ങിയതിനു ശേഷം ലിവർപൂൾ സ്റ്റാർട്ടായി; ഒന്നാന്തരം സ്റ്റാർട്ട്! നിമിഷാർധം കൊണ്ട് നൂറു കിലോമീറ്റർ വേഗം കൈവരിക്കുന്ന സ്പോർട്സ് കാറിനെപ്പോലെ ബോൺമത്തിനെ 9–0നു തകർത്ത് യൂർഗൻ ക്ലോപ്പിന്റെ ചെമ്പട സീസണിൽ ഉജ്വല തുടക്കം കുറിച്ചു. വ്യാഴാഴ്ച ലിവർപൂളിനെ നേരിടാനിരിക്കുന്ന ന്യൂകാസിലിന്റെ നെഞ്ച് ഇപ്പോൾ തന്നെ ഇടിച്ചു തുടങ്ങിയിട്ടുണ്ടാകും!

ആദ്യ 2 കളികളിൽ ഫുൾഹാമിനോടും ക്രിസ്റ്റൽ പാലസിനോടും സമനില വഴങ്ങുകയും പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അപ്രതീക്ഷിത തോൽവി വഴങ്ങുകയും ചെയ്ത ലിവർപൂളിനെയല്ല ശനിയാഴ്ച രാത്രി ആൻഫീൽഡിൽ കണ്ടത്. മൂന്നാം മിനിറ്റിൽ ഗോളടിച്ചു തുടങ്ങിയ ലിവർപൂൾ നിർത്തിയത് 80–ാം മിനിറ്റിൽ. ഒരു ഗോൾ കൂടി നേടിയിരുന്നെങ്കിൽ പ്രിമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം എന്ന റെക്കോർഡ് ഒറ്റയ്ക്കു സ്വന്തമായേനെ. ലൂയിസ് ഡയസും (3,85 മിനിറ്റുകൾ) റോബർട്ടോ ഫിർമിനോയും (31,62) ലിവർപൂളിനായി ഇരട്ടഗോൾ നേടി. ഹാർവി എലിയട്ട് (6–ാം മിനിറ്റ്), ട്രെന്റ് അലക്സാണ്ടർ അർനോൾഡ് (28), വിർജിൽ വാൻ ദെയ്ക് (45), ഫാബിയോ കർവാലോ (80) എന്നിവരും ലക്ഷ്യം കണ്ടു. ഒരെണ്ണം ബോൺമത്ത് താരം ക്രിസ് മെഫാമിന്റെ സെൽഫ് ഗോളും (46–ാം മിനിറ്റ്).

ഹാട്രിക് ഹാളണ്ട്

ലിവർപൂളിന്റെ വിജയത്തിനൊപ്പം തിളങ്ങി നിന്നു മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന്റെ ഹാട്രിക്കും. ക്രിസ്റ്റൽ പാലസിനെതിരെ ആദ്യ പകുതിയിൽ 0–2നു പിന്നിലായിപ്പോയ സിറ്റിയെ നോർവേ താരം പ്രിമിയർ ലീഗിലെ തന്റെ ആദ്യ ഹാട്രിക്കോടെ വിജയത്തിലേക്കു നയിച്ചു. 

62, 70, 81 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. 53–ാം മിനിറ്റിൽ ബെർണാഡോ സിൽവയും സിറ്റിക്കായി ലക്ഷ്യം കണ്ടു. കഴിഞ്ഞയാഴ്ച    ലിവർപൂളിനെ 2–1നു തോൽപിച്ച് ആവേശത്തിലായ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടനെ 1–0നു മറികടന്നു. 

കഴിഞ്ഞ വാരം ലീഡ്സ് യുണൈറ്റ‍ിനോട് 0–3നു തോറ്റ ചെൽസി, ലെസ്റ്റർ സിറ്റിക്കെതിരെ 2–1 ജയവുമായി തിരിച്ചു വന്നു.

Content Highlights: Liverpool, Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com