ADVERTISEMENT

കൊച്ചി∙ അൽവാരോ വാസ്കെസും ഹോർഹെ പെരേരയും ചേർന്ന ‘ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനി’ലൂടെയാണു പോയ സീസണിൽ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളുടെ പുതുവഴി തേടിയത്. ഈ വരവിൽ പക്ഷേ, ഗോവൻ എൻജിനിലാണു വാസ്കെസിനെ കാണാനാവുക. പെരേരയാകട്ടെ ഗോവയുടെ ബദ്ധവൈരികളെന്നു പറയാവുന്ന മുംബൈയിലും. ഇടവേളയ്ക്കു ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഗോവയിൽ നിന്നു ഗുവാഹത്തിയിലേക്കും കൊൽക്കത്തയിലേക്കും കൊച്ചിയിലേക്കും സഞ്ചരിച്ചെത്തുമ്പോൾ എട്ടാമൂഴത്തിലെ ചിത്രം അടിമുടി മാറിയിട്ടുണ്ടാകും. പരിശീലകരുടെ മാറ്റത്തിനൊപ്പം പടവെട്ടുന്നവർ പരക്കെ കൂടും മാറിയെത്തുന്നതു കൂടിയാണു ഹോം ആൻഡ് എവേ പോരാട്ടങ്ങൾ തിരിച്ചെത്തുന്ന ഒൻപതാം സീസണിലെ ഹൈലൈറ്റ്.

∙ പരിശീലകരിൽ അടിമുടി മാറ്റം

ലീഗിലെ 11 ടീമുകളിൽ ഏഴിനും ഇക്കുറി പുതിയ പരിശീലകരാണു കളിയൊരുക്കുന്നത്. ഒഡീഷ എഫ്സി പഴയ കോച്ച് ഹോസപ് ഗോംബാവുവിനെ വീണ്ടും വിളിച്ചതൊഴിച്ചാൽ മറ്റെല്ലാം ഐഎസ്എലിൽ ആദ്യ ഊഴക്കാർ. മുൻ ഇന്ത്യൻ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനാണു പുതുനിരയിലെ പരിചിതമുഖം. സന്തോഷ് ട്രോഫി നേടിയ കേരളത്തിന്റെ കോച്ച് ബിനോ ജോർജ് സഹപരിശീലകനായ ഈസ്റ്റ് ബംഗാളാണു തിരിച്ചുവരവിൽ കോൺസ്റ്റന്റൈന്റെ തട്ടകം. മുൻതാരം കൂടിയായ കാർലോസ് പെനയെ എഫ്സി ഗോവയും തിരിച്ചുവിളിച്ചിട്ടുണ്ട്. കളിയൊരുക്കാനാണു പെനയുടെ ഈ ദൗത്യം.

നിലവിലെ ലീഗ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളായ ജംഷഡ്പുരിനും ഇനി പുതിയ മുഖമാണ്. ഇംഗ്ലണ്ട് അണ്ടർ–21 ടീമിന്റെ ചുമതല വിട്ടെത്തുന്ന എയ്ഡി ബൂത്രോയ്‍‍ഡാണ് ഓവൻ കോയിലിന്റെ പിൻഗാമി. പ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിടുന്ന ബെംഗളൂരുവും ആ വെല്ലുവിളി ഏൽപ്പിച്ചിരിക്കുന്നത് ഇംഗ്ലണ്ടിൽ നിന്നുള്ള പരിശീലകനെയാണ്. ഇംഗ്ലിഷ് ക്ലബ്ബുകളിൽ കളിച്ചും കളിപ്പിച്ചും പരിചയസമ്പത്തേറെയുള്ള സൈമൻ ഗ്രേസനാണു െബംഗളൂരു കോച്ച്. ജർമനിക്കു കളിച്ചിട്ടുള്ള തോമസ് ബ്രഡറിച്ചാണു ചെന്നൈയിൻ എഫ്സിയുടെ പുതിയ പരിശീലകൻ. ഇസ്രയേൽ ക്ലബ് മക്കാബി ഹെയ്ഫയെ പരിശീലിപ്പിച്ചെത്തുന്ന മാർക്കോ ബാൽബുൾ നോർത്ത് ഈസ്റ്റ് വഴിയും ഇന്ത്യൻ ലീഗിലെ പുതിയ മുഖമാകും.

ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ബിജോയ് വർഗീസ്, എം.എസ്.ശ്രീക്കുട്ടൻ എന്നിവർ പരിശീലനത്തിനിടെ.
ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ബിജോയ് വർഗീസ്, എം.എസ്.ശ്രീക്കുട്ടൻ എന്നിവർ പരിശീലനത്തിനിടെ.

∙ ചെറുതല്ല, കൂടുമാറ്റങ്ങൾ

വാസ്കെസും പെരേരയും ബ്ലാസ്റ്റേഴ്സിൽ നിന്നു വഴിപിരിഞ്ഞതുപോലെ, ആരാധകരെ അമ്പരപ്പിച്ച വമ്പൻ കൂടുമാറ്റങ്ങളേറെയുണ്ട് ഇക്കുറി ലീഗിൽ. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബോൾ ജേതാവായ ജംഷഡ്പുർ പ്ലേമേക്കർ ഗ്രെഗ് സ്റ്റുവർട്ടാണ് അതിൽ പ്രധാനി. മുംബൈ സിറ്റി താരനിരയിലേക്കാണു സ്കോട്ടിഷ് താരം ചേക്കേറിയത്. എടികെ മോഹൻ ബഗാന്റെ മുഖമായിരുന്ന സ്ട്രൈക്കർ റോയ് കൃഷ്ണ ഇത്തവണ ബെംഗളൂരുവിൽ സുനിൽ ഛേത്രിയുടെ പങ്കാളിയാണ്. എടികെയിലും ഒ‍ഡീഷയിലും തിളങ്ങിയ സ്പാനിഷ് മിഡ്ഫീൽഡർ ഹവിയർ ഹെർണാണ്ടസ് ബെംഗളൂരുവിലൂടെ വീണ്ടും കൃഷ്ണയ്ക്കൊപ്പം ചേരും.

സ്പെയിനിൽ നിന്നുള്ള വിക്ടർ മോംഗിലും ഒഡീഷ വിട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനൊപ്പമാണ് വിക്ടർ. ബ്രസീൽ താരങ്ങളായ ക്ലീയ്റ്റൻ സിൽവ (ബെംഗളൂരുവിൽ നിന്ന് ഈസ്റ്റ് ബംഗാളിലേക്ക്), ഡിയേഗോ മൗറീഷ്യോ (മുംബൈ– ഒഡീഷ), സ്പാനിഷ് താരം ഇവാൻ ഗോൺസാലസ് (ഗോവ– ഈസ്റ്റ് ബംഗാൾ), എന്നിവരും കൂടുമാറി. ഇന്ത്യൻ താരമാറ്റങ്ങളിൽ ബെംഗളൂരുവിന്റെ മലയാളി താരം ആഷിഖ് കുരുണിയൻ (ബഗാനിലേക്ക്) ഉൾപ്പെടെയുള്ള പ്രമുഖരുണ്ട്. ബഗാനിൽ നിന്നു പ്രബീർ ദാസും സന്ദേശ് ജിങ്കാനും ബെംഗളൂരുവിലേക്കും അമരീന്ദർ സിങ് ഒ‍ഡീഷ ഗോൾമുഖത്തേയ്ക്കും മാറി. മലയാളി താരം വി.പി.സുഹൈർ (നോർത്ത് ഈസ്റ്റ് –ഈസ്റ്റ് ബംഗാൾ), ആശിഷ് റായ് (ഹൈദരാബാദ്–ബഗാൻ), ഛാങ്തെ (ചെന്നൈയിൻ–മുംബൈ) തുടങ്ങിയവരും കൂടുമാറിയവരിലുണ്ട്.

English Summary: Indian super league season 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com