ADVERTISEMENT

ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) സെക്രട്ടറി ജനറലായി   ഷാജി പ്രഭാകരനെ നിയമിച്ചതിനെതിരെ കോടതിയെ സമീപിച്ചേക്കുമെന്നു മുൻ ഇന്ത്യൻ ക്യാപ്റ്റനും  ഫെഡറേഷൻ  ഭരണസമിതിയംഗവുമായ  ബൈചുങ് ബൂട്ടിയ. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ചേർന്ന ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യണമെന്നു ബൂട്ടിയ ആവശ്യപ്പെട്ടെങ്കിലും ഇതു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണു നിയമനടപടികളിലേക്കു കടന്നേക്കുമെന്ന സൂചന നൽകിയത്. 

വിലപേശലെന്ന നിലയിലാണു ഷാജി പ്രഭാകരനു പദവി ലഭിച്ചതെന്നാണു ബൂട്ടിയയുടെ ആരോപണം. ഫുട്ബോൾ ഡൽഹി പ്രസിഡന്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്ന  ഷാജി പ്രഭാകരനെ, ശമ്പളം ലഭിക്കുന്ന സെക്രട്ടറി ജനറൽ പദവിയിൽ  നിയമിച്ചതിൽ മറ്റു പല ഘടകങ്ങളുമുണ്ടെന്നായിരുന്നു വാദം. കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യണമെന്ന് ഏതാനും ദിവസം മുൻപു തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും  എന്നാൽ നിരസിച്ചതായും  ബൂട്ടിയ പറഞ്ഞു. ‘നിയമനടപടി ഉൾപ്പെടെയുള്ള സാധ്യതകൾ മുന്നിലുണ്ട്. മറ്റാളുകളുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും’ ബൂട്ടിയ പ്രതികരിച്ചു.

ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കു ബൂട്ടിയ മത്സരിച്ചിരുന്നെങ്കിലും  മുൻ ഇന്ത്യൻ ഗോൾകീപ്പർ കല്യാൺ ചൗബെയോടു പരാജയപ്പെടുകയായിരുന്നു. മുൻ ദേശീയതാരമെന്ന നിലയിലാണു ഫെഡറേഷൻ  ഭരണസമിതിയിൽ ബൂട്ടിയ ഇടം പിടിച്ചത്.

English Summary: Bhaichung Bhutia hints at taking legal steps after AIFF turns down his request

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com