ADVERTISEMENT

ലണ്ടൻ ∙ സന്തോഷം കൊണ്ടു ചിരിക്കണോ സങ്കടം കൊണ്ടു കരയണോ എന്ന അവസ്ഥയിലാണ് ഇറ്റലി. ഇംഗ്ലണ്ടും ജർമനിയുമടങ്ങുന്ന ഗ്രൂപ്പിൽനിന്ന് യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലിലെത്തിയത് സന്തോഷം; പക്ഷേ ഒരു മാസത്തിനപ്പുറം അവരെല്ലാം ലോകകപ്പിനു പോകുമ്പോൾ വെറുതെയിരിക്കണമല്ലോ എന്നതു സങ്കടം!

യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നോർത്ത് മാസിഡോണിയയോടു തോറ്റ് ‘ഖത്തർ ബെർത്ത്’ നഷ്ടമായ അസൂറിപ്പട ഇന്നലെ നേഷൻസ് ലീഗ് സെമിബെർത്ത് ഉറപ്പിച്ചത് ഹംഗറിയെ 2–0നു തോൽപിച്ച്. ജയത്തോടെ ലീഗ് എയിലെ മൂന്നാം ഗ്രൂപ്പിൽ ഇറ്റലിക്കു 11 പോയിന്റായി. 10 പോയിന്റുള്ള ഹംഗറി രണ്ടാമത്. ജർമനി (7), ഇംഗ്ലണ്ട് (3) എന്നിവർ അതിനും പിന്നിൽ. ഇന്നലെ ഇംഗ്ലണ്ടും ജർമനിയും 3–3 സമനിലയിൽ പിരിഞ്ഞു. ലോകകപ്പിനു ശേഷം അടുത്ത വർഷം ജൂണിലാണ് നേഷൻസ് കപ്പ് സെമിഫൈനലുകൾ. നെതർലൻഡ്സ്, ക്രൊയേഷ്യ ടീമുകൾ നേരത്തേ സെമിയിലെത്തിയിരുന്നു. ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിൽ ജിയാകോമോ റാസ്പദോറി (27–ാം മിനിറ്റ്), ഫെഡെറിക്കോ ഡിമാർകോ (52) എന്നിവരാണ് ഇറ്റലിയുടെ ഗോളുകൾ നേടിയത്.

വെംബ്ലിയിൽ ജർമനിക്കെതിരെ 0–2നു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് 3–3 സമനില നേടിയത്. ഇൽകായ് ഗുണ്ടോവാൻ (52–ാം മിനിറ്റ്, പെനൽറ്റി), കായ് ഹാവേർട്സ് (67, 87 മിനിറ്റുകൾ) എന്നിവർ ജർമനിക്കായി ഗോളടിച്ചു. 

ലൂക്ക് ഷോ (71–ാം മിനിറ്റ്), മേസൻ മൗണ്ട് (75), ഹാരി കെയ്ൻ (83– പെനൽറ്റി) എന്നിവർ ഇംഗ്ലണ്ടിനായി തിരിച്ചടിച്ചു. പക്ഷേ ഗ്രൂപ്പിൽ നാലാമതായതോടെ ഇംഗ്ലണ്ട് ബി ലീഗിലേക്കു തരംതാഴ്ത്തപ്പെട്ടു.

English Summary: Italy sink Hungary to secure Nations League semi-final place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com