ADVERTISEMENT

ഗോവൻ തീരത്തുനിന്ന് ഐഎസ്എലിന്റെ പന്ത് വീണ്ടും ഗുവാഹത്തി മലനിരകളിലേക്കും കൊൽക്കത്ത മഹാനഗരത്തിലേക്കും കൊച്ചി കടൽത്തീരത്തേക്കും പറക്കുമ്പോൾ ലീഗിന്റെ സമവാക്യങ്ങൾ മാറ്റിയെഴുതാൻ പോന്ന മാറ്റങ്ങളുണ്ട് ടീമുകളിൽ. നാലു ദിനങ്ങൾക്കപ്പുറം കൊച്ചിയുടെ കളിമുറ്റത്തു പുതിയ സീസൺ ഐഎസ്എലിനു തിരി തെളിയുമ്പോൾ മുംബൈയും ബെംഗളൂരുവും ഹൈദരാബാദും ഉൾപ്പെടുന്ന ലീഗിന്റെ ‘പ്ലേയിങ് ഇലവനിൽ’ വന്ന മാറ്റങ്ങൾ ചെറുതല്ല.

മുംബൈ: സൂപ്പർ സ്റ്റാർസ്

മുർത്താഡ ഫാളും അഹമ്മദ് ജാഹുവുമുള്ള മുംബൈ സിറ്റിയുടെ വിദേശനിരയിലേക്കു കോച്ച് ഡെസ് ബക്കിങ്ഹാം ഇക്കുറി കൂട്ടിച്ചേർത്തവരെ ആരാധകരും എതിരാളികളും നന്നായി അറിയും–ജംഷഡ്പുരിന്റെ ഗ്രെഗ് സ്റ്റുവർട്ട്, ഗോവയുടെ ആൽബർട്ടോ നൊഗ്വേര, ബ്ലാസ്റ്റേഴ്സിന്റെ ഹോർഹെ പെരേര. മെൽബൺ സിറ്റി വിട്ടു റോസ്റ്റിൻ ഗ്രിഫിത്ത്സ് കൂടിയെത്തുന്ന മുംബൈ നിരയിൽ ഛാങ്തെയും വിനീത് റായിയും റൗളിൻ ബോർഗസും പോലുള്ള ഇന്ത്യൻ തിളക്കങ്ങളും കാത്തിരിക്കുന്നു.

ഗോവ: സൂപ്പർ സ്ട്രൈക്കേഴ്സ്

മൊറോക്കൻ താരം നോവ സഡൗയീയും സ്പാനിഷ് സ്ട്രൈക്കർ ഐകറും ചേരുന്ന മുന്നേറ്റനിരയിലേക്കു ബ്ലാസ്റ്റേഴ്സിൽ നിന്നു റാഞ്ചിയ അൽവാരോ വാസ്കെസ് കൂടി ചേർന്നാൽ എന്തു സംഭവിക്കും? സ്വതവേ ഗോളടി ഹരമാക്കിയ എഫ്സി ഗോവയെ പിടിച്ചുകെട്ടാൻ എതിരാളികൾ വിയർക്കും. ലാ ലിഗ പരിചയമേറെയുള്ള മുൻ ബാർസ താരം മാർക് വാലിയെന്റെ നായകനായ പ്രതിരോധവും വിശ്വസ്തതാരം എഡു ബെഡിയയും ബ്രണ്ടൻ ഫെർണാണ്ടസുമുൾപ്പെടുന്ന മധ്യവും ചേരുമ്പോൾ ടീമിന്റെ മുൻതാരം കൂടിയായ കോച്ച് കാർലോസ് പെനയ്ക്കു പ്രതീക്ഷ വയ്ക്കാം.

നോർത്ത് ഈസ്റ്റ്: ഫോറിൻ സർവീസ്

കരുത്തരായ വിദേശതാരങ്ങളുടെ മികവിൽ ഐഎസ്എൽ പിടിക്കാനാകുമോ? നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കിരീടാന്വേഷണം ഈ വഴിക്കാണ്. ഫ്രഞ്ച് ലീഗ് കളിച്ചെത്തുന്ന റൊമെയ്ൻ ഫില്ലിപ്പോട്ടിയസ്, ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ പരിചയമുള്ള മാറ്റ് ഡർബിഷെർ, മുൻ ലാലിഗ താരം ജോൺ ഗസ്റ്റനാഗ, ഡെൻമാർക്ക് താരമായിരുന്ന മൈക്കൽ ജേക്കബ്സൺ, നൈജീരിയൻ സ്ട്രൈക്കർ സിൽവസ്റ്റർ ഇഗ്ബൂൻ, ഓസ്ട്രേലിയൻ താരം ആരോൺ ഇവാൻസ് എന്നിവരാണ് ഇസയ്രേലി കോച്ച് മാർക്കോ ബാൽബുലിന്റെ ടീമിലുള്ളത്. 30 വയസ്സു പിന്നിട്ടവർ 6 പേർ മാത്രമുള്ള സ്ക്വാഡിൽ സ്വദേശി  താരങ്ങളുടെ നീണ്ട നിരയുമുണ്ട്.

ജംഷഡ്പുർ:  പകരത്തിനു പകരം

സൂപ്പർ കോച്ച് ഓവൻ കോയലും പ്ലേമേക്കർ ഗ്രെഗ് സ്റ്റുവർട്ടുമില്ലാതെയാണ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളായ ജംഷഡ്പുർ കളത്തിലെത്തുക.  ടീമിന്റെ നട്ടെല്ലായ പരിചയസമ്പത്തിൽ ഇക്കുറിയും ഇളക്കമില്ല. ഇംഗ്ലണ്ട് അണ്ടർ–21 ടീമിന്റെ ചുമതലയൊഴിഞ്ഞ എയ്ഡി ബൂത്രോയ്ഡ് പരിശീലിപ്പിക്കുന്ന ടീമിൽ മുൻ താരം വെല്ലിങ്ടൺ പ്രയറിയും ആർസനലിലൂടെ വളർന്ന സ്ട്രൈക്കർ ജേ ഇമ്മാനുവൽ തോമസും ഓസ്ട്രേലിയൻ ഫോർവേഡ് ഹാരി സോയറുമാണു മുന്നേറ്റത്തിലെ പുതിയ മുഖങ്ങൾ. ജർമൻപ്രീതും എസ്.കെ.സാഹിലും ജിതേന്ദ്രയും പോലുള്ള ഇന്ത്യൻ മുഖങ്ങളും   കന്നിക്കാരാണ്. കോയലും സ്റ്റുവർട്ടും കൊയ്ത നേട്ടം ആവർത്തിക്കാൻ പുതിയ ജംഷഡ്പുരിന് ആകുമോ?

ഒഡീഷ: കളിയൊരു കാവ്യം

ഫലം നോക്കാതെ തകർത്തു കളിക്കുന്നവരെന്ന പേരും പേരുദോഷവുമുള്ള സംഘമാണ് ഒ‍ഡീഷ. പഴയ പരിശീലകൻ ഹോസപ് ഗോംബാവുവിനെ തിരിച്ചുവിളിച്ചു പഴയതിലും കരുത്തേറിയൊരു ടീമിനെയും നൽകിയാണ് ഒഡീഷയുടെ ഈ വരവ്. 

സ്പാനിഷ് മിഡ്ഫീൽഡർ കാർലോസ് ഡെൽഗാഡോയും ബ്രസീൽ സ്ട്രൈക്കർ ഡിയേഗോ മൗറീഷ്യോയും മടങ്ങിയെത്തുന്ന ടീമിൽ ലാലിഗ പരിചയമേറെയുള്ള പെഡ്രോയും വിക്ടർ റോഡ്രിഗസും കൂടി ചേരുന്നതോടെ മുന്നേറ്റത്തിനു മുനയേറും. 

സ്പാനിഷ് താരം സൗൾ ക്രെസ്പോയും ഓസ്ട്രേലിയയുടെ ഒസാമ മാലിക്കും മധ്യത്തിൽ കളിക്കാനുള്ള ഒഡീഷയ്ക്കു നാട്ടിലെ താരനിരയിലും തിളക്കമേറെ. അമരീന്ദർ സിങ്ങും നരേന്ദർ ഗെ‌ലോട്ടും മൈക്കൽ സൂസൈരാജുമെല്ലാമാണ് പുതുമുഖങ്ങൾ.

 

English Summary: ISL football teams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com