സ്വവർഗാനുരാഗിയെന്ന് സ്പാനിഷ് സൂപ്പർ താരം, വിവാദമായപ്പോൾ ട്വീറ്റ് മുക്കി, ‘ഹാക്കിങ്’ പരാതി
Mail This Article
മഡ്രിഡ്∙ സ്വവർഗാനുരാഗിയെന്നു വെളിപ്പെടുത്തിയുള്ള മുൻ സ്പാനിഷ് ഫുട്ബോൾ താരം ഇകർ കസിയസിന്റെ ട്വീറ്റ് മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമായി. ‘നിങ്ങൾ എന്നെ ബഹുമാനിക്കുമെന്നു കരുതുന്നു, ഞാനൊരു സ്വവർഗാനുരാഗിയാണ്’ എന്നായിരുന്നു കസിയസിന്റെ ട്വിറ്റർ ഹാൻഡിലിലെ കുറിപ്പ്. ഇതിനു മറുപടിയായി സ്പെയിൻ ടീമിൽ കസിയസിന്റെ സഹതാരമായിരുന്ന കാർലോസ് പുയോൾ ഇങ്ങനെ കുറിച്ചു– ‘‘നമ്മുടെ കഥകൾ പറയാനുള്ള സമയമായിരിക്കുന്നു, ഇകർ’’.
പുയോളിന്റെ ട്വീറ്റും ഡിലിറ്റ് ചെയ്തിട്ടുണ്ട്. തന്റെ ട്വിറ്റർ ആരോ ഹാക്ക് ചെയ്തതായും എൽജിബിടി വിഭാഗത്തോടു ക്ഷമ ചോദിക്കുന്നതായും കസിയസ് പിന്നീടു ട്വിറ്ററിൽ കുറിച്ചു. ‘‘അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്. ഭാഗ്യത്തിന് എല്ലാം പഴയപോലെയുണ്ട്. എന്നെ പിന്തുടരുന്നവരോടെല്ലാം ക്ഷമ ചോദിക്കുന്നു. തീർച്ചയായും എൽജിബിടി വിഭാഗത്തോടും മാപ്പു ചോദിക്കുന്നു’’– കസിയസ് ട്വിറ്ററിൽ സ്പാനിഷ് ഭാഷയിൽ കുറിച്ചു.
അതേസമയം കസിയസിനെതിരെ രൂക്ഷവിമർശനവുമായി സ്വവർഗാനുരാഗിയെന്നു വെളിപ്പെടുത്തിയ ഓസ്ട്രേലിയൻ ഫുട്ബോളർ ജോഷ്വാ കാവല്ലോ രംഗത്തെത്തി. ഫുട്ബോൾ മേഖലയിൽനിന്ന് ഇത്തരത്തിലൊരു പരിഹാസം നേരിട്ടതിൽ ആശങ്കയുണ്ടെന്ന് ജോഷ്വ പ്രതികരിച്ചു. 2008, 2012 യൂറോകപ്പുകളും 2010 ലോകകപ്പും ജയിച്ച സ്പാനിഷ് ടീമിൽ അംഗമായിരുന്നു കസിയസ്.
English Summary: Iker Casillas Says Account Hacked After Deleting Tweet Saying "I'm Gay"