ADVERTISEMENT

ലണ്ടൻ ∙ എർലിങ് ഹാളണ്ടും എതിർ ഗോൾവലയും തമ്മിൽ ഒരു ‘ഹോട്ട്‌ലൈൻ’ കണക്‌ഷനുണ്ട്; ഒരിക്കലും മുറിയാത്ത ബന്ധം! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ 9–ാം മത്സരത്തിൽ തന്റെ 15–ാം ഗോൾ നേടി ഹാളണ്ട് സ്കോറിങ് തുടർന്ന മത്സരത്തിൽ സതാംപ്ടനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് 4–0 ജയം. ജോവോ കാൻസലോ (20–ാം മിനിറ്റ്), ഫിൽ ഫോഡൻ (32), റിയാദ് മഹ്റെസ് (49) എന്നിവരാണ് സിറ്റിയുടെ ആദ്യ മൂന്നു ഗോളുകൾ നേടിയത്. 65–ാം മിനിറ്റിൽ ഹാളണ്ടും ലക്ഷ്യം കണ്ടു. എല്ലാ ചാംപ്യൻഷിപ്പുകളിലുമായി തുടരെ 10–ാം മത്സരത്തിലാണ് നോർ‌വീജിയൻ സ്ട്രൈക്കർ ഗോളടിക്കുന്നത്. സീസണിലാകെ ഗോളടിക്കാതിരുന്നത് ഒരു മത്സരത്തിൽ മാത്രം! ടോപ് സ്കോറർ മത്സരത്തിലും 15 ഗോളുകളുമായി ഹാളണ്ട് ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള ഹാരി കെയ്ൻ നേടിയത് 8 ഗോളുകൾ മാത്രം.

∙ ഇടിവെട്ട് ആർസനൽ 

ജയത്തോടെ സിറ്റി ഒന്നാം സ്ഥാനത്തേക്കു കയറിയെങ്കിലും പിന്നാലെ ലിവർപൂളിനെതിരെ തകർപ്പൻ വിജയവുമായി ആർസനൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.  3–2നാണ് ആർസനലിന്റെ ജയം. 76–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്കിലൂടെ ബുകായോ സാകയാണ് ഗണ്ണേഴ്സിന്റെ വിജയഗോൾ നേടിയത്. 

പുതിയ കോച്ച് ഗ്രഹാം പോട്ടറുടെ കീഴിൽ ഉയിർത്തെഴുന്നേറ്റ ചെൽസി 3–0ന് വൂൾവ്സിനെ തോൽപിച്ചു. ടോട്ടനം ബ്രൈറ്റനെ 1–0ന് കഷ്ടിച്ചു മറികടന്നു. ബ്രെന്റ്ഫഡിനെ 5–1നു തകർത്ത ന്യൂകാസിൽ യുണൈറ്റ‍ഡ് അഞ്ചാം സ്ഥാനത്തേക്കു കയറി. ബോൺമത് 2–1നു ലെസ്റ്റർ സിറ്റിയെ തോൽപിച്ചു.

ക്ലാസിക് സമനില

ബർലിൻ ∙ ബയൺ മ്യൂണിക്കും ബൊറൂസിയ ഡോർട്മുണ്ടും ഇത്തവണയും നിരാശരാക്കിയില്ല! അവസാന നിമിഷം വരെ ആവേശം ജ്വലിച്ച ബുന്ദസ്‌ലിഗയിലെ ‘ക്ലാസിക്കർ’ പോരാട്ടത്തിൽ ഇരുടീമും 2–2 സമനിലയിൽ പിരിഞ്ഞു. ഇൻജറി ടൈമിലാണ് (90+5) പകരക്കാരൻ ആന്തണി മോഡസ്റ്റ് ‍ഡോർട്മുണ്ടിന്റെ സമനില ഗോൾ നേടിയത്. ലിയോൺ ഗൊറെറ്റ്സ്ക (33–ാം മിനിറ്റ്), ലിറോയ് സാനെ (53) എന്നിവരുടെ ഗോളിൽ ബയൺ 2–0നു മുന്നിലെത്തിയ ശേഷമായിരുന്നു ഡോർട്മുണ്ടിന്റെ തിരിച്ചടി. 74–ാം മിനിറ്റിൽ യൂസുഫ മൗക്കോകോയാണ് ഡോർട്മുണ്ടിന്റെ ആദ്യ ഗോൾ നേടിയത്. 90–ാം മിനിറ്റിൽ ബയൺ വിങ്ങർ കിങ്സ്‌ലി കോമൻ ചുവപ്പു കാർഡ് കണ്ടതുൾപ്പെടെ സംഭവബഹുലമായിരുന്നു മത്സരം. ഇരുടീമിനും 16 പോയിന്റാണുള്ളത്. ബയൺ മൂന്നാമതും ഡോർട്മുണ്ടും നാലാമതും തുടരുന്നു. 17 പോയിന്റുള്ള യൂണിയൻ ബർലിനും ഫ്രെയ്ബർഗുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.

റയലിനും  അത്‌ലറ്റിക്കോയ്ക്കും ജയം

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഗെറ്റഫയ്ക്കെതിരെ 1–0 ജയത്തോടെ റയൽ മഡ്രിഡ് വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്ട്രൈക്കർ കരിം ബെൻസേമ പരുക്കു മൂലം വിശ്രമത്തിലായ മത്സരത്തിൽ ഡിഫൻഡർ എദർ മിലിറ്റാവോയാണ് മൂന്നാം മിനിറ്റിൽ റയലിന്റെ ഗോൾ നേടിയത്. വിനീസ്യൂസും റോഡ്രിഗോയും വാൽവെർദെയും ഉൾപ്പെടെയുള്ള റയലിന്റെ മുന്നേറ്റനിരക്കാർക്ക് പിന്നീടും ഗോൾ നേടാനായില്ല. ഒന്നാം സ്ഥാനത്ത് റയലിന് 3 പോയിന്റ് ലീഡായി. എന്നാൽ, രണ്ടാമതുള്ള ബാർസ ഒരു മത്സരം കുറവാണ് കളിച്ചത്.  ഗോൾകീപ്പർ യാൻ ഒബ്ലാക്ക് മിന്നിയ മത്സരത്തിൽ അത്‌ലറ്റിക്കോ മഡ്രിഡ് ജിരോണയെ 2–1നു തോൽപിച്ചു. ഹോർഹെ സാംപോളി പരിശീലകനായി ചുമതലയേറ്റെടുത്ത മത്സരത്തിൽ സെവിയ്യ അത്‌ലറ്റിക് ബിൽബാവോയുമായി 1–1 സമനിലയിൽ പിരിഞ്ഞു.

 

Content Highlight: English Premier League, Manchester City v Southampton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com