ADVERTISEMENT

ഹൈഫ (ഇസ്രയേൽ) ∙ 20 വർഷത്തിനിടെ മക്കാബി ഹൈഫ ഒരു ചാംപ്യൻസ് ലീഗ് മത്സരം പോലും ജയിച്ചിട്ടില്ല. പക്ഷേ, ഒടുവിൽ ജയിച്ചപ്പോൾ അതൊരു ഒന്നൊന്നര ജയമായിപ്പോയി! ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെയാണ് ഇസ്രയേൽ ക്ലബ് 2–0നു വീഴ്ത്തിയത്. ക്ലബ്ബിന്റെ സാമി ഒഫർ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഒമർ അറ്റ്സി‌ലിയാണ് 2 ഗോളുകളും നേടിയത്. യുവന്റസിനൊപ്പം മറ്റു വമ്പൻ ടീമുകൾക്കും ഇന്നലെ ജയം കുറിക്കാനായില്ല. മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, റയൽ മഡ്രിഡ് എന്നിവരെല്ലാം സമനില വഴങ്ങി. എന്നാൽ സിറ്റിയും റയലും പ്രീ ക്വാർട്ടറിലേക്കു യോഗ്യത നേടി. ഡോർട്മുണ്ട്–സെവിയ്യ മത്സരവും സമനിലയായി. എസി മിലാനെ 2–0നു വീഴ്ത്തിയ ചെൽസിയും സെൽറ്റിക്കിനെ 2–0നു തോൽപിച്ച ലൈപ്സീഗുമാണ് മക്കാബിക്കു പുറമേ ജയം കുറിച്ച ടീമുകൾ.

ചാംപ്യൻസ് ലീഗിൽ ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിലെ നാലു കളികളിൽ മൂന്നും തോറ്റ യുവെയുടെ നോക്കൗട്ട് പ്രതീക്ഷ ഏറക്കുറെ അസ്തമിച്ചു. ഗ്രൂപ്പിൽ ഒന്നാമതുള്ള പിഎസ്ജിക്കും രണ്ടാമതുള്ള ബെൻഫിക്കയ്ക്കും 8 പോയിന്റുണ്ട്. മൂന്നാമതുള്ള യുവെയ്ക്കും ഏറ്റവും പിന്നിലുള്ള മക്കാബിക്കും 3 പോയിന്റ് മാത്രം. ആദ്യ 2 സ്ഥാനക്കാരാണ് പ്രീ ക്വാർട്ടറിലെത്തുക. പാരിസിലെ പാർക് ദെ പ്രിൻസസിൽ 62–ാം മിനിറ്റിൽ ജോവ മരിയോ നേടിയ പെനൽറ്റി ഗോളിലാണ് ബെൻഫിക്ക പിഎസ്ജിയെ സമനിലയിൽ പിടിച്ചത്. 39–ാം മിനിറ്റിൽ കിലിയൻ എംബപെയുടെ പെനൽറ്റി ഗോളിൽ പിഎസ്ജി മുന്നിലെത്തിയിരുന്നു.

ഡാനിഷ് ക്ലബ് കോപ്പൻഹേഗനെതിരെ കളിയുടെ തുടക്കത്തിൽത്തന്നെ 10 പേരായി ചുരുങ്ങിയതിനു ശേഷമാണ് സിറ്റി ഗോളില്ലാ സമനിലയുമായി രക്ഷപ്പെട്ടത്. 30–ാം മിനിറ്റിൽ സെർജിയോ ഗോമസാണു ചുവപ്പു കാർഡ് കണ്ടത്. സിറ്റിക്കു കിട്ടിയ ഒരു പെനൽറ്റി കിക്ക് റിയാദ് മഹ്റേസ് നഷ്ടപ്പെടുത്തുകയും ചെയ്തു. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ലിവർപൂളിനെതിരെ ഞായറാഴ്ച മത്സരമുള്ളതിനാൽ ഗോൾ മെഷീൻ എർലിങ് ഹാളണ്ടിനു കോച്ച് പെപ് ഗ്വാർഡിയോള വിശ്രമം നൽകിയതും സിറ്റിയെ ബാധിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടും സെവിയ്യയും 1–1 സമനില വഴങ്ങിയതോടെയാണ് സിറ്റി പ്രീ ക്വാർട്ടർ ഉറപ്പിച്ചത്.

യുക്രെയ്ൻ ക്ലബ് ഷക്തർ ഡോണസ്കിനെതിരെ ഇൻജറി ടൈമിൽ (90+5) ഡിഫൻഡർ അന്റോണിയോ റുഡിഗർ നേടിയ ഗോളിലാണ് റയൽ മഡ്രിഡ് 1–1 സമനിലയുമായി രക്ഷപ്പെട്ടത്. 46–ാം മിനിറ്റിൽ ഒലക്സാണ്ടർ സുബ്കോവിന്റെ ഗോളിൽ ഷക്തർ ലീഡെടുത്തിരുന്നു. ഗ്രൂപ്പ് ഇയിലെ ഡൈനമോ സാഗ്രേബ്– സാൽസ്ബർഗ് മത്സരം 1–1 സമനിലയിൽ പിരിഞ്ഞത് നേട്ടമായത് ചെൽസിക്കാണ്. എസി മിലാനെ 2–0നു തോൽപിച്ച നീലപ്പട ഇതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ജോർജീഞ്ഞോ (21–ാം മിനിറ്റ്, പെനൽറ്റി), പിയെ എമറിക് ഓബമെയാങ് (34) എന്നിവരാണു ഗോൾ നേടിയത്. ടിമോ വെർണർ (75–ാം മിനിറ്റ്), എമിൽ ഫോസ്ബർഗ് (84–ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിലാണ് ലൈപ്സീഗ് സെൽറ്റിക്കിനെ 2–0നു തോൽപിച്ചത്.

 

Content Highlight: Maccabi Haifa defeated Juventus in Champions League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com