അപാര റേഞ്ച് !

Britain Soccer Champions League
ഹാട്രിക് നേടിയ മുഹമ്മദ് സലായുടെ ആഹ്ലാദപ്രകടനം. (Steve Welsh/PA via AP)
SHARE

ഗ്ലാസ്ഗോ ∙ ഇടയ്ക്കു ലിവർപൂൾ തങ്ങളുടെ പ്രതാപകാലം ഓർത്തു പ്രചോദിതരാകും; ഇന്നലെ അങ്ങനെയൊരു ദിവസമായിരുന്നു! ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ കഷ്ടകാലം മറന്ന് ചാംപ്യൻസ് ലീഗ് ഫുട്ബോളി‍ൽ യൂർഗൻ ക്ലോപ്പിന്റെ ചെമ്പട സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനെ തകർത്തത് 7–1ന്! 

 ആറു മിനിറ്റിനുള്ളിൽ ഹാട്രിക് കുറിച്ച മുഹമ്മദ് സലായുടെ മിന്നും പ്രകടനം ഉൾപ്പെടെ ആക്രമണത്തിന്റെ അപാര റേഞ്ച് പ്രദർശിപ്പിച്ചാണ് റേ‍ഞ്ചേഴ്സിന്റെ മൈതാനമായ ഇബ്രോക്സ് സ്റ്റേ‍ഡിയത്തിൽ ലിവർപൂളിന്റെ ജയം. 68–ാം മിനിറ്റിൽ ഇറങ്ങി 75,80,81 മിനിറ്റുകളിൽ ഗോളടിച്ച സലാ ചാംപ്യൻസ് ലീഗിലെ അതിവേഗ ഹാട്രിക്കിനുള്ള റെക്കോർഡ് പേരിലാക്കി. സലായുടെ മുന്നേറ്റനിര പങ്കാളി റോബർട്ടോ ഫിർമിനോ ഇരട്ടഗോൾ (24,55 മിനിറ്റുകൾ) നേടി. 

ഡാർവിൻ നുനെസ് (66), ഹാർവി എലിയട്ട് (87) എന്നിവരും ലക്ഷ്യം കണ്ടു. 17–ാം മിനിറ്റിൽ സ്കോട്ട് ആർഫീൽഡിന്റെ ഗോളിൽ റേഞ്ചേഴ്സ് 1–0നു മുന്നിലെത്തിയ ശേഷമായിരുന്നു ലിവർപൂളിന്റെ ഗോൾ വിരുന്ന്. 

വൻവിജയത്തോടെ ചാംപ്യൻസ് ലീഗ് എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ (9 പോയിന്റ്). 12 പോയിന്റോടെ മുന്നിലുള്ള ഇറ്റാലിയൻ ക്ലബ് നാപ്പോളി പ്രീ ക്വാർട്ടർ ഉറപ്പിച്ചു. ഉജ്വല ഫോം തുടരുന്ന ഇറ്റാലിയൻ ക്ലബ് ഇന്നലെ ഡച്ച് ക്ലബ് അയാക്സിനെ 4–2നു തോൽപിച്ചു. 

സി ഗ്രൂപ്പിൽ വിക്ടോറിയ പ്ലസനെ 4–2നു തോൽപിച്ച് ബയൺ മ്യൂണിക്കും പ്രീ ക്വാർട്ടറിലെത്തി. ലിയോൺ ഗോരെറ്റ്സ്ക ഇരട്ടഗോൾ നേടി. സാദിയോ മാനെ, തോമസ് മുള്ളർ എന്നിവരും സ്കോർ ചെയ്തു. എന്നാൽ ഇന്റർ മിലാനോട് സ്വന്തം മൈതാനത്ത് 3–3 സമനില വഴങ്ങിയ സ്പാനിഷ് ക്ലബ് ബാർസിലോനയുടെ നോക്കൗട്ട് സാധ്യത ആശങ്കയിലായി. ഇൻജറി ടൈമിൽ (90+2) റോബർട്ട് ലെവൻഡോവ്സ്കിയുടെ ഗോളിലാണ് ബാർസ സമനിലയുമായി രക്ഷപ്പെട്ടത്. ലെവൻഡോവ്സ്കി കളിയിൽ ഇരട്ടഗോൾ നേടി. 

4 പോയിന്റോടെ ബയണിനും (12) ഇന്ററിനും (7) പിന്നിൽ മൂന്നാമതാണ് ബാർസ. ബി ഗ്രൂപ്പിൽ അത്‌ലറ്റിക്കോ മഡ്രിഡിനെ ഗോളില്ലാ സമനിലയിൽ പിടിച്ച ബൽജിയത്തിൽ നിന്നുള്ള ക്ലബ് ബ്രുഹെയും പ്രീ ക്വാർട്ടറിലെത്തി. പോർട്ടോ, ബയേർ ലെവർക്യുസനെ 3–0നു തോൽപിച്ചു.  ടോട്ടനം  3–2ന് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിനെയും മാഴ്സൈ 2–0ന് സ്പോർട്ടിങ്ങിനെയും തോൽപിച്ചു.

English Summary: Mohamed Salah scores Champions League's fastest hat-trick

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}