ADVERTISEMENT

അണ്ടർ–17 വനിതാ ലോകകപ്പിൽനിന്ന് ഇതാ തികച്ചും വ്യത്യസ്തമായ രണ്ട് ‘ഇന്ത്യൻ താരകഥകൾ’ 

 

അണ്ടർ–17 വനിതാ ലോകകപ്പിലെ ഇന്ത്യ–യുഎസ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇരുടീമിന്റെയും ക്യാപ്റ്റൻമാർ ഇന്ത്യക്കാരായിരുന്നു! ഇന്ത്യൻ ടീം ക്യാപ്റ്റൻ അസ്താം ഒറാവോണും രണ്ടാം പകുതിയിൽ യുഎസിന്റെ ക്യാപ്റ്റൻ ബാൻഡ് അണിഞ്ഞ ഇന്ത്യൻ വംശജ മിയ ഭൂട്ടയും. കപ്പുമായി തിരികെ പോകണമെന്നുറപ്പിച്ചെത്തിയ ടീമിനെ മിയ നയിക്കുമ്പോൾ ലോകകപ്പ് കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ച ടീമിന്റെ നായികയാണ് അസ്താം ഒറാവോൺ. കളിക്കളത്തിലും ജീവിതത്തിലും ഇരുവരും പിന്നിട്ട വഴികളും വ്യത്യസ്തം.

ജീവിതം എന്ന പ്രതിരോധം 

അസ്താം ഒറാവോണിന്റെ പേരിൽ ജാർഖണ്ഡിലെ ഗൊറാട്ടൊളി എന്ന ആദിവാസി ഗ്രാമത്തിലേക്കുള്ള റോഡ് പണി പുരോഗമിക്കുകയാണ്. 250 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരിൽ അസ്താമിന്റെ പിതാവ് ഹീരാലാലും അമ്മ താരാ ദേവിയുമുണ്ട്. മകൾ ലോകകപ്പിൽ ഇന്ത്യയെ നയിക്കുമ്പോഴും ഒരു ദിവസം മാതാപിതാക്കളുടെ ജോലി മുടങ്ങിയാൽ വീട് പട്ടിണിയിലാണ്. ഹീരാലാൽ ഫുട്ബോൾ കളിക്കുന്നത് കണ്ടാണ് അസ്തമിനു പ്രിയമേറുന്നത്. 2016ൽ ഹസരീബാഗിലുള്ള സർക്കാർ ഫുട്ബോൾ ട്രെയിനിങ് ക്യംപിലേക്കു ക്ഷണം. ക്യാംപിലെത്തിയ ശേഷമാണ് അസ്താം യാഥാർഥ ഫുട്ബോൾ എന്തെന്നറിയുന്നതും 3 നേരം ഭക്ഷണം കഴിക്കുന്നതും. പട്ടിണിയും ദാരിദ്ര്യവും പ്രതിരോധിച്ചവൾ കളത്തിലും ഡിഫൻസ് പൊസിഷൻ തന്നെ തിരഞ്ഞെടുത്തു. 2019ൽ കോലാപുരിൽ നടന്ന അണ്ടർ 17 ദേശീയ ചാംപ്യൻഷിപ്പിൽ അസ്താം ജാർഖണ്ഡിനായി പ്രതിരോധക്കോട്ട തീർത്തു. അതോടെ ഇന്ത്യൻ ക്യാംപിലേക്കുള്ള വാതിൽ തുറന്നു. ഇന്ത്യൻ അണ്ടർ 15 ടീമിൽ കളിച്ചിട്ടുള്ള അസ്താം സാഫ് അണ്ടർ 18 ചാംപ്യന്മാരായ ടീമിലെ അംഗവുമാണ്. 2021ൽ സീനിയർ ടീമിനായി തുനീസിയക്കെതിരെ ബൂട്ടണിഞ്ഞു. ഏപ്രിൽ മുതൽ ഇന്ത്യൻ അണ്ടർ 17 ക്യാംപിലാണ്. 

ഈസി മിയ

കലിംഗ സ്റ്റേ‍ഡിയത്തിൽ ഇന്ത്യയ്ക്കെതിരെ യുഎസ് 8–0നു ജയിച്ച മത്സരത്തിൽ അവസാന ഗോൾ പിറന്നത് മിയ എലിസബത്ത് ഭൂട്ടോയുടെ ഇടംകാലിൽ നിന്നാണ്. ബോക്സിനു പുറത്തു നിന്ന് പായിച്ച ഷോട്ട് മഴവില്ലഴകിൽ ഗോൾവര കടന്നു. 

‘എന്തു സുന്ദരമായ ഗോൾ’ എന്ന അടിക്കുറിപ്പോടെ ഗോൾ നേട്ടം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് യുഎസ് വനിതാ ഫുട്ബോൾ സൂപ്പർ താരം മേഗൻ റപീനോ. റപീനോ, അലക്സ് മോർഗൻ, മിയ ഹാം തുടങ്ങിയ വമ്പൻ താരങ്ങളുടെ നിരയിലേക്ക് മിയയും എത്തുമെന്ന് ആരാധകർക്ക് ഉറപ്പാണ്.

ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ മിയയുടെ പിതാവ് വ്യോം ഭൂട്ട പതിനാറാം വയസ്സിലാണ് യുഎസിൽ എത്തുന്നത്. 2005 ഡിസംബറിൽ പിറ്റ്സ്ബർഗിൽ ജനിച്ച മിയയുടെ പ്രധാന വിനോദമായിരുന്നു അച്ഛന്റെയും സഹോദരങ്ങളുടെയും കൂടെയുള്ള ഫുട്ബോൾ കളി.   മിഡ്ഫീൽഡറായ മിയ ദേശീയ ടീമിനായി 10 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടി. ഇന്ത്യയിൽ വരുമ്പോൾ മുത്തച്ഛന്റെ സമ്മാനങ്ങൾ വങ്ങി മടങ്ങുമായിരുന്ന മിയ ഇത്തവണ കൊണ്ടു പോകാൻ ആഗ്രഹിക്കുന്നത് ലോകകപ്പ് തന്നെ. 

 

ഇന്ത്യൻ താരങ്ങളുടെ ബൂട്ടുകൾ വൈകി; എഐഎഫ്എഫ് അന്വേഷണത്തിന് 

 

ന്യൂഡൽഹി ∙ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ ടീമിലെ നാലു പേരുടെ ബൂട്ട് എത്താൻ വൈകിയതിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അന്വേഷണം നടത്തും. 

ബൂട്ടുകളെത്താൻ വൈകിയതിനാൽ വേണ്ടത്ര തയാറെടുപ്പില്ലാതെ ഇവ ധരിച്ച് യുഎസിനെതിരെ മത്സരിക്കേണ്ടി വന്നുവെന്നും ഇതു പ്രകടനത്തെ ബാധിച്ചുവെന്നും ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ എഐഎഫ്എഫ് നിർദേശിച്ചിരിക്കുന്നത്. 

ദേശീയ ടീം ഒഫീഷ്യൽസിനോടു വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പ്രതികരിച്ചു. 

അണ്ടർ 17 ലോകകപ്പ്:  ഇന്ന്  ഇന്ത്യ – മൊറോക്കോ 

ഭുവനേശ്വർ ∙ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോളിൽ ആത്മാഭിമാനം വീണ്ടെടുക്കാൻ ഇന്ത്യ ഇന്നു മൊറോക്കോയ്ക്കെതിരെ. രാത്രി എട്ടിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. സ്പോർട്സ് 18 ചാനലിലും വൂട്ട് ആപ്പിലും കളി തൽസമയം കാണാം. എ ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ യുഎസിനോട് ഇന്ത്യ 0–8നു പരാജയപ്പെട്ടിരുന്നു. മൊറോക്കോ ആദ്യ കളിയിൽ ബ്രസീലിനോട് 0–1നു തോറ്റു. ബ്രസീൽ–യുഎസ്, ന്യൂസീലൻഡ്–നൈജീരിയ, ജർമനി–ചിലെ മത്സരവും ഇന്നാണ്.

 

 

English Summary: U 17 women football: India US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com