ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് തലസ്ഥാനത്തെ ഷാറ്റ്‌ലെ തിയറ്ററിൽ ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ഓരോ നിമിഷവും കരിം ബെൻസേമ അക്ഷമനായിരുന്നു. ബെൻസേമയുടെ അക്ഷമയ്ക്കു ന്യായമുണ്ട്. കാരണം ഇന്നലെ ചടങ്ങു നീണ്ട 2 മണിക്കൂർ മാത്രമല്ല ബെൻസേമ ബലോൻ ദ് ഓർ പുരസ്കാരത്തിനായി കാത്തിരുന്നത്. അവാർഡിന്റെ അവസാന പട്ടികയിൽ താൻ ഇടം പിടിച്ച 10 വർഷങ്ങൾ കൂടിയാണ്.

ഒടുവിൽ പതിനൊന്നാം ഊഴത്തിൽ ലോക ഫുട്ബോളിലെ ഈ വിഖ്യാത ട്രോഫി മുപ്പത്തിനാലുകാരൻ ബെൻസേമയുടെ കയ്യിലെത്തി. 1956ൽ പ്രഥമ പുരസ്കാരം നേടിയ സർ സ്റ്റാൻലി മാത്യൂസ് കഴിഞ്ഞാൽ ബലോൻ ദ് ഓർ നേടുന്ന പ്രായം കൂടിയ താരവുമാണ് ബെൻസേമ. ഫ്രഞ്ച് താരങ്ങളിൽ, തനിക്കു മുൻപ് ഈ പുരസ്കാരം നേടിയ സിനദിൻ സിദാനിൽ നിന്നാണ് ബെൻസേമ ട്രോഫി ഏറ്റുവാങ്ങിയത്. വോട്ടെടുപ്പിൽ സാദിയോ മാനെ, കെവിൻ ഡിബ്രൂയ്നെ എന്നിവരെയാണ് ബെൻസേമ പിന്നിലാക്കിയത്.

ബലോൻ ദ് ഓറിനു വേണ്ടി മാത്രമല്ല, ബെൻസേമയുടെ കരിയറിൽ ഉടനീളം കാത്തിരിപ്പിന്റെ നിഴൽ വീണു കിടപ്പുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ വന്ന വർഷം തന്നെ റയൽ മഡ്രിഡിൽ എത്തിയെങ്കിലും ഒരു പതിറ്റാണ്ടോളം പോർച്ചുഗീസ് സൂപ്പർ താരത്തിനു പിന്നിൽ രണ്ടാമനായിരുന്നു ബെൻസേമ.
ലാ ലിഗയിലും ചാംപ്യൻസ് ലീഗിലും റയൽ മഡ്രിഡിനെ ചാംപ്യന്മ‍ാരാക്കുന്നതിൽ വഹിച്ച നിർണായക പങ്കും യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിനു വേണ്ടി കാഴ്ച വച്ച പ്രകടനവുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. സ്പാനിഷ് ലീഗിൽ 27 ഗോളുകളും ചാംപ്യൻസ് ലീഗിൽ 15 ഗോളുകളുമാണ് നേടിയത്.

വീണ്ടും അലക്സിയ

കഴിഞ്ഞ വർഷം പുരസ്കാരം നേടിയ ബാർസിലോന വനിതാ ടീം താരം അലക്സിയ പ്യൂട്ടയാസിനാണ് ഇത്തവണയും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം. ബാർസ ടീമിനു വേണ്ടി കഴിഞ്ഞ സീസണിൽ 42 ഗോളുകളും 22 അസിസ്റ്റുകളുമാണ് പ്യൂട്ടയാസ് നേടിയത്.മുൻ ബ്രസീലിയൻ മിഡ്ഫീൽഡർ സോക്രട്ടീസിന്റെ പേരിൽ സാമൂഹിക പ്രതിബന്ധതയുള്ള താരത്തിനായി ഏർപ്പെടുത്തിയ പുരസ്കാരം സാദിയോ മാനെയ്ക്കാണ്.

മറ്റു പുരസ്കാരങ്ങൾ‌

കോപ ട്രോഫി

(മികച്ച യുവതാരം): ഗാവി (ബാർസിലോന, സ്പെയിൻ)

∙ ഗെർഡ് മുള്ളർ ട്രോഫി

(മികച്ച സ്ട്രൈക്കർ): റോബർട്ട് ലെവൻഡോവസ്കി (ബാ‍ർസിലോന, പോളണ്ട്)

ലെവ് യാഷിൻ ട്രോഫി

(മികച്ച ഗോൾകീപ്പർ): തിബോ കോർട്ടോ (റയൽ മഡ്രിഡ്, ബൽജിയം)

∙ ക്ലബ് ഓഫ് ദി ഇയർ:

മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്)

Content Highlights: Karim Benzema, Alexia Putellas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com