ADVERTISEMENT

കൊച്ചി ∙ സ്റ്റാർട്ടിങ് ഇലവൻ അഴിച്ചു പണിതിട്ടും തോൽവിയെന്ന ‘വിധി’ മാറ്റിയെഴുതാൻ കഴിഞ്ഞില്ല ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്. മുംബൈ എഫ്സിയോടു 2–0നു കീഴടങ്ങിയ മഞ്ഞപ്പടയ്ക്കു ഐഎസ്എൽ സീസണിൽ തുടരെ മൂന്നാം തോൽവി. മെഹ്താബ് സിങ് (21–ാം മിനിറ്റ്), മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോർഹെ പെരേര ഡയസ് (31) എന്നിവരാണു മഞ്ഞപ്പടയുടെ നെഞ്ചു തകർത്തത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. ബ്ലാസ്റ്റേഴ്സ് 9–ാം സ്ഥാനത്ത്. നവംബർ 5ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗുവാഹത്തിയിലാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.  

സ്റ്റാർട്ടിങ് ഇലവനിൽ 2 മാറ്റവുമായാണു മഞ്ഞപ്പടയിറങ്ങിയത്. പ്രതിരോധനിരയിൽ ഹോർമിപാമിനു പകരം വിക്ടർ മോംഗിൽ. മധ്യനിര താരം ഇവാൻ കല്യൂഷ്നി കരയ്ക്കിരുന്നപ്പോൾ പകരമെത്തിയതു കെ.പി.രാഹുൽ. സീസണിൽ ആദ്യമായി 2 മലയാളി താരങ്ങൾ ആദ്യ ഇലവനിൽ; സഹൽ അബ്ദുൽ സമദും രാഹുലും. പക്ഷേ തുടക്കം മുതൽ ആക്രമിച്ചു കയറിയതു മുംബൈ. 21–ാം മിനിറ്റിൽ മുംബൈയുടെ കോർണർ. ആൾക്കൂട്ടത്തിനിടയിൽ വീണു കിട്ടിയ പന്തിനെ മിന്നൽ പോലെ വലയിലേക്കു പറത്തി മെഹ്താബ് മുംബൈയെ മുന്നിലെത്തിച്ചു. ബോക്സിനു പുറത്തു പന്തു ക്ലിയർ ചെയ്യാൻ വൈകിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനുള്ള ശിക്ഷയായിരുന്നു ആ മിസൈൽ ഷോട്ട്!  

31–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വെട്ടിച്ചു കയറിയ പെരേര ഡയസ്, ബോക്സിൽ ഏകനായിപ്പോയ  ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലിനെ വെട്ടിയൊഴിഞ്ഞു വലയുടെ മധ്യത്തിലേയ്ക്കു പന്തു വിട്ടു (2–0). കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ചങ്കായിരുന്ന അർജന്റീന താരം ഇക്കുറി തകർത്തതു മഞ്ഞപ്പടയുടെ ചങ്ക്. പെരേരയുടെ ഗോൾ ആഘോഷവും ശ്രദ്ധിക്കപ്പെട്ടു. ഗാലറികൾക്കു നേരെ കൈ കൂപ്പി അഭിവാദ്യം ചെയ്ത അദ്ദേഹം ജഴ്സി നമ്പർ പ്രദർശിച്ചു നടത്തിയ ആഘോഷം കാണേണ്ടവർ കണ്ടിട്ടുണ്ടാകണം! 

 രണ്ടാം പകുതിയിൽ തിരിച്ചടിക്കണമെന്ന വാശിയോടെ  ബ്ലാസ്റ്റേഴ്സ് പാഞ്ഞു കയറിയെങ്കിലും ഗോൾ അകന്നു പോയി.  69–ാം മിനിറ്റിൽ അഡ്രിയൻ ലൂണയുടെ ഗംഭീരമായൊരു ഷോട്ട് മുംബൈ ഗോളിയെ നിസ്സഹായനാക്കിയെങ്കിലും പോസ്റ്റിൽ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചതോടെ  മുംബൈ കടുത്ത പ്രതിരോധത്തിലേക്കു വലിഞ്ഞു. 2 ഗോൾ ലീഡിന്റെ ആർഭാടമുള്ള ടീം മറ്റെന്തു ചെയ്യണം!

English Summary: ISL; Kerala Blasters vs Mumbai City Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com