മുന്നിലും പിന്നിലും പ്രതീക്ഷ; ‘മധ്യത്തിൽ’ ആശങ്കയും; ചാംപ്യൻ ‘ശാപപ്പേടി’യിൽ ഫ്രാൻസ്?
Mail This Article
രണ്ടു വ്യാഴവട്ടം മുൻപ് പാരിസ് പൂത്തുലഞ്ഞൊരു രാവിൽ അവർ ആർത്തുവിളിച്ചു: ‘സിദാൻ പ്രസിഡന്റ്’.... സ്‌താദ് ദെ ഫ്രാൻസ് മൈതാനത്തെ പുൽത്തകിടിയിൽ ബ്രസീലിനെ തകർത്ത് ഫ്രാൻസ് ലോക ഫുട്‌ബോൾ കിരീടം നേടിയത് ആഘോഷിക്കുകയായിരുന്നു നഗരവീഥികളിൽ നിറഞ്ഞുകവിഞ്ഞ ഫ്രഞ്ച് ജനത. അൾജീരിയയിൽനിന്നു കുടിയേറിയ തൊഴിലാളിയുടെ മകൻ സിനദിൻ സിദാൻ അവരുടെ മനസ്സിൽ രാജ്യത്തോളം വളർന്നെന്നു വെളിവാക്കുന്നതായിരുന്നു ആരാധകരുടെ ആവേശം നുരഞ്ഞുപൊങ്ങുന്ന വാക്കുകൾ: മെഴ്‌സി സീസു, മെഴ്‌സി (നന്ദി സീസു, നന്ദി..) 1998ലെ ഫൈനലിൽ സിദാന്റെ കഷണ്ടിത്തലയിൽനിന്ന് ബ്രസീലിന്റെ വല കുലുക്കി കടന്നുപോയ രണ്ടു ഗോളുകളിലൂടെ ഫ്രാൻസ് ഫുട്ബോൾ ലോകകിരീടത്തിൽ ആദ്യമായി മുത്തമിട്ടു. മനോഹരമായി പന്തു കളിക്കുന്നവരെന്ന ഖ്യാതിയുണ്ടെങ്കിലും അക്കാലമത്രയും കയ്യെത്തുന്നതിനുമപ്പുറത്തു നിന്ന ഈ നേട്ടം അനേകം തലമുറകളുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു. അതിനും വർഷങ്ങൾക്കു മുൻപ് മിഷേൽ പ്ലാറ്റിനി എന്ന മാന്ത്രികതാരത്തിലൂടെ സ്വന്തമാകുമെന്ന് അവർ കിനാവു കണ്ട കിരീടത്തിൽ മുത്തമിടാനുള്ള ഭാഗ്യം സിദാനും തിയറി ഒൻറിയും ഇപ്പോഴത്തെ ഫ്രഞ്ച് കോച്ചും 98ലെ ക്യാപ്റ്റനുമായ ദിദിയെ ദെഷാമുമൊക്കെ ഉൾപ്പെടുന്ന സുവർണ തലമുറയ്ക്കായിരുന്നു. തൊട്ടടുത്ത ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ സെനഗലിനോടും അവസാന മത്സരത്തിൽ ഡെൻമാർക്കിനോടും കീഴടങ്ങി ഒരു പോയിന്റ് മാത്രം നേടി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ തലകുനിച്ചു മടങ്ങിയും അതേ ഫ്രാൻസ് ആരാധകരെ ഞെട്ടിച്ചു.