ADVERTISEMENT

കൊച്ചി ∙ ‘പുതുമകളുടേതാണ് ഈ ലോകകപ്പ്. വിചിത്രമായ ഒരു ലോകകപ്പിനുമാണു ഖത്തർ ഒരുങ്ങുന്നത്’ – ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആക്രമണ ഫുട്ബോളിന്റെ പുതുവഴി തുറന്നിട്ട കോച്ച് ഇവാൻ വുക്കൊമനോവിച്ചിന് ഈ ലോകകപ്പിനെക്കുറിച്ചു പറയുമ്പോൾ പ്രതിരോധശൈലി പയറ്റുന്നൊരു പരിശീലകന്റെ ഭാവമുണ്ട്. പ്രത്യാശകൾക്കൊപ്പം ആശങ്കകളും കനത്തിൽ നിറയുന്നതാണു കളിക്കാരനായും കളിയൊരുക്കിയും പയറ്റിത്തെളിഞ്ഞ സെർബിയക്കാരന്റെ ലോകകപ്പ് പ്രതീക്ഷകൾ. ഖത്തറിന്റെ മാമാങ്കത്തെക്കുറിച്ച് ഇവാൻ ‘മനോരമയോട്’.

∙ മാറ്റങ്ങളുടെ കപ്പ്

വേദിക്കു മാത്രമല്ല, ലോകകപ്പിന്റെ സമയക്രമം പോലും ലോകകപ്പിൽ ഇതാദ്യമാണ്. വർഷാവസാനമെത്തുന്ന ലോകകപ്പിന്റെ അനുഭവം വ്യത്യസ്തമായ ഒന്നാകും. കളിക്കാരെല്ലാം ലീഗ് സീസണുകൾ പാതിയാക്കി വരുന്നവരാണെന്ന് ഒാർക്കുക. ഖത്തറിലെ ചൂടൻ കാലാവസ്ഥയും അവരെ ബാധിക്കും. ലോകകപ്പ് വേദികളെല്ലാം എയർകണ്ടീഷൻഡ് സൗകര്യമുള്ളവയാണ്.പക്ഷേ, ടീമുകളുടെ തയാറെടുപ്പും പ്രാക്ടീസ് സെഷനുകളുമെല്ലാം അതിനു പുറത്താകുമല്ലോ. ആ മാറ്റം വെല്ലുവിളിയാണ്. ലോകത്തിന്റെ ഒരു ചെറുകോണിൽ നടക്കുന്ന ടൂർണമെന്റ് കൂടിയാണിത്.അവിടത്തെ നിയന്ത്രണങ്ങളും പ്രകടനത്തെ ബാധിച്ചേക്കും.

∙ പോരാട്ടവും പരുക്കും

ഫുട്ബോൾ ലീഗുകളിലെല്ലാം കടുത്ത പോരാട്ടങ്ങൾ നടക്കുന്ന സമയമാണിത്. അതിന്റെ സമ്മർദത്തിൽ നിന്നും ക്ഷീണത്തിലുമാണു കളിക്കാരെത്തുന്നത്. ഇപ്പോൾതന്നെ ഒട്ടേറെപ്പേർ പരുക്കിന്റെ പിടിയിലായിക്കഴിഞ്ഞു. കളി തുടങ്ങുന്നതോടെ കൂടുതൽ പരുക്കുകളെത്തുമെന്നു പേടിക്കണം.

∙ കളിയൊരുക്കം

തിരക്കേറിയ ലീഗ് സീസണിന്റെ മധ്യത്തിലായതു കാരണം ദേശീയ ടീം പരിശീലകരിൽ പലർക്കും തങ്ങളുടെ താരങ്ങളെ അധിക നാൾ ഒരുമിച്ചു കിട്ടിയിട്ടില്ല. കിക്കോഫിന് ഒരാഴ്ചയോ അതിലും താഴെ മാത്രമോ സമയം മാത്രം ബാക്കിനിൽക്കേയാണു പല പരിശീലകർക്കും ലോകകപ്പ് ടീമിലെ താരങ്ങളെ ലഭിച്ചത്. ടാക്ടിക്കൽ ആയും ടെക്നിക്കൽ ആയും ഇതു ടീമുകളുടെ പ്രകടനത്തെ ബാധിക്കും.

∙ തലമുറമാറ്റം

ലിയോ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്ക മോഡ്രിച്ച്, ലൂയി സ്വാരസ്, തോമസ് മുള്ളർ...ഖത്തറിലെ പോരാട്ടങ്ങളോടുകൂടി ലോകകപ്പ് വേദിയിൽ നിന്ന് വിടവാങ്ങുമെന്നു പ്രതീക്ഷിക്കുന്ന താരങ്ങളേറെയാണ്. സ്വാഭാവികമായും അവരെല്ലാം മികവിന്റെ പരമാവധി ടീമിനു സമർപ്പിച്ചു സംതൃപ്തിയോടെ കളമൊഴിയാനാകും ശ്രമിക്കുക. ആരാധകരിൽ സന്തോഷമുണ്ടാക്കുന്ന ഒന്നാണിത്. ഖത്തർ ലോകകപ്പിന്റെ പ്രത്യേകതകളിലൊന്നാണ് ഈ തലമുറമാറ്റം.

∙ താരോദയം

തലമുറമാറ്റം പോലെതന്നെ പുതിയ താരങ്ങളുടെ ഉദയവും ഈ ലോകകപ്പിൽ കാണാം. സ്ക്വാഡിലും കളത്തിലും കൂടുതൽ പേർക്ക് അവസരം ലഭിക്കുന്ന ടൂർണമെന്റ്കൂടിയാണിത്.യുവതാരങ്ങൾക്ക് അവസരമേറെ ലഭിക്കും. അവർ മികവ് തെളിയിക്കും. മിന്നിത്തെളിയും. ടീമെന്ന നിലയിലും കറുത്ത കുതിരകളുണ്ടാകാനും സാധ്യതയേറെ. ഗ്രൂപ്പ് ഘട്ടത്തിൽതന്നെ ചില ഞെട്ടലുകൾ ഖത്തറിൽ കാത്തിരിക്കുന്നു.ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള ടീമുകൾ, കാമറൂണും ദക്ഷിണ കൊറിയയും പോലുള്ള ചില ടീമുകൾ, അപ്രതീക്ഷിത മുന്നേറ്റം നടത്താനിടയുണ്ട്.

∙ ആരുടേതാകും കപ്പ്?

ഇത്തവണ ബ്രസീലിന്റേതു വളരെ നല്ല ടീമാണ്. അവസാന ലോകകപ്പ് ഉജ്വലമാക്കാനാകും ലയണൽ മെസ്സിയുടെ ആവശ്യം. മികച്ച ടീമുമുള്ള അർജന്റീനയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ഘടകമാണിത്. കരുത്തുറ്റ ടീമുള്ള ബൽജിയത്തിനും സാധ്യതയേറെ. എഴുതിത്തള്ളാവുന്നവരല്ല ജർമനിയും ഫ്രാൻസും.

English Summary: KBFC Head Coach Ivan Vukomanovic On FIFA World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com